കാട്ടാക്കട : നമ്മുടെ നാട്ടിൽ വിലയില്ലാത്ത ചക്ക ഡൽഹി വഴി അമേരിക്കയിലേക്ക് പോകുന്നു. ഉത്തരേ ന്ത്യയിലെയും ഗ്ലാമർ താരമായ ചക്ക ദിവസവും ലോഡു കണക്കിനാണ് ഇവിടെ നിന്ന് കയറിപ്പോകുന്നത്. അവിടെ നിന്നാണ് വിദേശയാത്ര.
കാട്ടാക്കട ഉൾപ്പടെയുള്ള മലയോരഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന ചക്ക ദിനവും ഡൽഹിയിലേയ്ക്കാണ് കൊണ്ടുപോകുന്നത്.
അവിടെ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വൻ ഓർഡറാണ് ചക്കയ്ക്ക് കിട്ടുന്നതെന്ന് കയറ്റുമതിക്കാരായ തൃശൂർ സ്വദേശികളായ ജോയിയും ലൈജുവും പറയുന്നത്.
ഇതോടൊപ്പം ഡൽഹിയിലെ എക്സ്പോർട്ടിംഗ് ഏജൻസികൾ വഴി അമേരിക്ക, കാനഡ, ഗൽഫ് തുടങ്ങിയ വിദേശരാജ്യത്തും എത്തിക്കുന്നു.
ഡൽഹിയിലെ ഷോപ്പിംഗ് മാളുകളിൽ ചക്കച്ചുള അടങ്ങുന്ന പായ്ക്കറ്റിന് വൻപ്രിയമാണ്. ദിവസവും പത്തി ലോഡ് ചക്കയാണ് ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്. ഗ്രാമങ്ങളിലെ മിക്ക പ്രദേശത്തും ഇവരുടെ ഏജന്റുമാർ കറങ്ങുന്നുണ്ട്.
ലോറികളിൽ ഐസ് കട്ടകൾ അടുക്കി ശീതീകരിച്ചാണ് ഇവ കൊണ്ടുപോകുന്നത്. ഇതര നാടുകളിലെ സാധാരണക്കാരുടെ ഭക്ഷണമെന്നതിനു പുറമേ വൻകിട വ്യാവസായിക ആവശ്യങ്ങൾക്കും ചക്ക ഉപയോഗപ്പെടുത്തുന്നു. വിളയാത്ത ചക്കകളാണു കൂടുതലായും പറിക്കുന്നത്.
ഓരോ ചക്കയ്ക്കും തൂക്കമനുസരിച്ച് 20 രൂപ മുതൽ മുകളിലേക്കു വിലയുണ്ട്. ചക്കയിൽ നിന്നും ബേബിഫുഡുകളും ചില മരുന്നുകളും ഉൾപ്പടെ നിർമിക്കുന്ന കമ്പനികളും വാങ്ങുന്നുണ്ട്.
ലെയിസ് പോലുള്ളവ ചക്കയിൽ നിന്നും നിർമിച്ച് പുറത്തിറങ്ങന്ന വിദേശ കമ്പനികളും ഇപ്പോൾ ചക്ക വാങ്ങാൻ അധികമായി എത്തിയിട്ടുണ്ട്.