കാസര്‍ഗോഡ്: നടനും സംവിധായകനുമായ നാദിര്‍ഷായുടെ മകളുടെ വിവാഹസ്വര്‍ണം ട്രെയിനില്‍ മറന്നുവച്ചത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെയും ടിടിഇയുടെയും സമയോചിതമായ ഇടപെടലിലൂടെ തിരിച്ചുകിട്ടി.
കഴിഞ്ഞദിവസം കാസര്‍ഗോട്ടു വച്ചായിരുന്നു നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹച്ചടങ്ങുകള്‍ നടന്നത്. വ്യാഴാഴ്ച രാവിലെ മലബാര്‍ എക്സ്പ്രസിലാണ് നാദിര്‍ഷായും കുടുംബവും കാസര്‍ഗോട്ടെത്തിയത്.
ട്രെയിന്‍ സ്റ്റേഷന് വിട്ടുപോയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് എടുത്തിട്ടില്ലെന്ന കാര്യം കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെ ആര്‍പിഎഫ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.
ആര്‍പിഎഫിലെ ഉദ്യോഗസ്ഥര്‍ ഒട്ടും സമയം കളയാതെ നാദിര്‍ഷായും കുടുംബവും യാത്രചെയ്തിരുന്ന എ വണ്‍ കോച്ചിലെ ടിടിഇ എം. മുരളീധരന് വിവരം കൈമാറി.
അദ്ദേഹം കോച്ചില്‍ പരിശോധന നടത്തുകയും 41-ാം നമ്പര്‍ സീറ്റിനടിയില്‍ മറന്നുവച്ച ബാഗ് കണ്ടെത്തുകയുമായിരുന്നു. ഇതിനോടകം ട്രെയിന്‍ കേരള അതിര്‍ത്തി പിന്നിടാറായിരുന്നു.
ബാഗ് കണ്ടെത്തിയ കാര്യം മുരളീധരന് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചപ്പോഴാണ് നാദിര്‍ഷായ്ക്കും കുടുംബാംഗങ്ങള്‍ക്കും ശ്വാസം നേരേ വീണത്.
പിന്നീട് ട്രെയിന്‍ മംഗളൂരുവില്‍ എത്തിയതിനുശേഷം നാദിര്‍ഷായുടെ ഒരു ബന്ധു അവിടെയെത്തി റെയില്‍വേ അധികൃതരില്‍നിന്ന് ബാഗ് ഏറ്റുവാങ്ങി. സ്വര്‍ണാഭരണങ്ങള്‍ക്കുപുറമേ ഏതാനും വിവാഹ വസ്ത്രങ്ങളും ബാഗിലുണ്ടായിരുന്നു.