റെനീഷ് മാത്യു
“മദ്യപാനം നിർത്താൻ ലോകത്ത് ഒരു ചികിത്സയും ഇല്ല, മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമെ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും നിർത്താൻ പറ്റും’ കോഴിക്കോട് നടക്കാവിൽ താമസിക്കുന്ന തളിപ്പറന്പ് തൃച്ഛംബരം സ്വദേശി കുന്നുംപുറത്ത് മുരളിയുടെ വാക്കുകളാണ്.
മുരളിയെ അറിയില്ലേ.. പ്രജേഷ് സെൻ സംവിധാനം ചെയ്ത “വെള്ളം’ എന്ന സിനിമയിലെ ജയസൂര്യ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിന്റെ ഉടമ. ശരിക്കും പറഞ്ഞാൽ മുരളിയുടെ എട്ടുവർഷങ്ങളാണ് രണ്ടരമണിക്കൂർ ജയസൂര്യ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്.
മുഴുക്കുടിയൻമാർക്ക് മറ്റൊരു ജീവിതം ഉണ്ടെന്ന് കാണിച്ചു കൊടുത്തയാളാണ് മുരളി. മദ്യം തന്റെ ജീവിതം കീഴടക്കിയ ദിനങ്ങളെക്കുറിച്ച് ആക്ഷനും കട്ടും ഇല്ലാതെ മുരളി സൺഡേ ദീപികയോടു പറയുന്നു.
കുടിക്കാൻ നിർബന്ധിക്കരുത്…
മദ്യപാനികളോട് ഒന്നു മാത്രമേ പറയാനുള്ളൂ എന്ന ആമുഖത്തോടെയാണ് മുരളി പറഞ്ഞു തുടങ്ങിയത്. നിങ്ങൾ ആരെയും കുടിക്കാൻ നിർബന്ധിക്കരുത്…അങ്ങനെ ചിലർ നിർബന്ധിച്ചപ്പോഴാണ് താൻ മദ്യത്തിന് അടിമയായി മാറിയത്. മദ്യം തന്റെ വിദ്യാഭ്യാസം പത്താം ക്ലാസ് വരെയാക്കി ചുരുക്കി.
എട്ടാം ക്ലാസിൽ പഠിക്കുന്പോൾ രസത്തിനായി കള്ളൊന്നു രുചിച്ചു നോക്കി. പിന്നെ, അതിനോട് വല്ലാത്ത ഭ്രമമായിരുന്നു. ഭ്രമം ഭ്രാന്തായി വരാൻ അധിക നാളുകൾ വേണ്ടി വന്നില്ല. അര ഗ്ലാസ് കള്ളിൽ തുടങ്ങിയ മദ്യപാനം ഒന്നും രണ്ടും കുപ്പിയിലേക്കു മാറി.
ബോധം ഇല്ലാതാകുന്നതുവരെ കുടിക്കും. പിന്നെ, ബോധം കെട്ടുള്ള ഉറക്കം. എണീക്കുന്പോൾ തന്നെ മദ്യം വേണം. ഇല്ലെങ്കിൽ ചിലപ്പോൾ ഭയമാണ്. കൈകളും കാലുകളും വിറക്കും. ഒരടി നടക്കണമെങ്കിൽ രണ്ടു പെഗ് വേണമെന്നുള്ള അവസ്ഥ.
രണ്ടായിരത്തിൽ കുടി തുടങ്ങിയെങ്കിലും 2003 മുതൽ 2008 വരെ വരെ ഞാൻ മറ്റൊരു ലോകത്തായിരുന്നു. 2005 ൽ കല്യാണം കഴിച്ചു. പിന്നെയുള്ള മൂന്നുവർഷങ്ങൾ ഓർമയിൽ പോലും കിട്ടുന്നില്ലെന്ന് മുരളി പറയുന്നു.
” മുരളിയോടു മിണ്ടരുത്. കൂട്ടു കൂടരുത്, അടുത്തുപോലും പോകരുത് എന്നു തങ്ങളുടെ മക്കളോടു പണ്ട് പറഞ്ഞ ബന്ധുക്കൾക്കും നാട്ടുകാർക്കും ഇപ്പോൾ മുരളി ഹീറോയാണ്. തന്റെ കൂടെ കുടിച്ചവർ തന്നെ കണ്ട് ഇപ്പോൾ കുടി നിർത്തിയെന്നും മുരളി പറയുന്നു.
മദ്യം പലപ്പോഴും മരിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. ചിലപ്പോൾ, വീട്ടുകാരെ വെല്ലുവിളിച്ച് കിണറിന്റെ പടവിൽ നിൽക്കും.
കിണറ്റിലേക്കു ചാടും. നാട്ടുകാരും വീട്ടുകാരും ചേർന്നു രക്ഷിക്കുമായിരുന്നു. കുടിച്ചെത്തിയ ഒരു ദിവസം ഭാര്യയും വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തപ്പോൾ അവരെ വെല്ലുവിളിച്ചു കൊണ്ട് 25 കോൽ താഴ്ചയുള്ള കിണറിലേക്കു ചാടി. ഫയർഫോഴ്സ് എത്തിയാണ് അന്നു തന്നെ രക്ഷിച്ചത്. ഒടുവിൽ കിണറിന് ഗ്രിൽസ് പിടിപ്പിച്ച് വീട്ടുകാർ പൂട്ടിയിടുകയായിരുന്നു.
ഒരു പെഗ് കഴിക്കാൻ മാത്രം പണി…
മദ്യം കഴിക്കാൻ വേണ്ടി മാത്രം പണിക്കു പോകുന്നതിലേക്ക് എത്തി കാര്യങ്ങൾ. പണമില്ലാതെ വന്നപ്പോൾ വീട്ടിൽനിന്നു മോഷണം തുടങ്ങി. അച്ഛന്റെ കീശയിൽ നിന്നു തുടങ്ങിയ മോഷണം വീട്ടിലെ സാധനങ്ങളിലേക്കെത്തി. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങളും മോഷ്ടിച്ചു.
മദ്യത്തിനുള്ള പണം ലഭിച്ചാൽ പിന്നെ പണിക്കു പോകില്ല. അച്ഛനും കുടുംബക്കാർക്കും ഭാര്യക്കും തലയുയർത്തി നാട്ടിൽ നടക്കാനാവാത്ത അവസ്ഥ.
ഒടുവിൽ അച്ഛന് വീടു വിൽക്കേണ്ടിവന്നു. വീടു വിറ്റ വകയിലുള്ള ഓഹരിയായി അച്ഛൻ തന്ന പണവും കുടിച്ചുതീർത്തു. ഇതിനിടയിൽ കുടി നിർത്താൻ 15 ഡി അഡിക്ഷൻ സെന്ററുകൾ സന്ദർശിച്ചെങ്കിലും മദ്യപാനം തുടർന്നു.
വീട്ടിൽനിന്നു പുറത്ത്…
വീട്ടിൽനിന്നു പുറത്തായതോടെ കാഞ്ഞങ്ങാട്ടെ ബന്ധു സന്തോഷേട്ടനെ കാണാൻപോയി. കണ്ടപ്പോൾ കൈയും കാലും അടിച്ചുപൊട്ടിക്കേണ്ടെങ്കിൽ എത്രയും പെട്ടെന്നു തിരിച്ചുപൊയ്ക്കോ എന്നായിരുന്നു മറുപടി. ഒടുവിൽ സന്തോഷേട്ടൻ കോഴിക്കോടുള്ള ഒരു ഡോ. ലോകേഷിനെ കാണാൻ പറഞ്ഞു.
ഡോക്ടർ എന്തെങ്കിലും ജോലി ശരിയാക്കി തരുമെന്നും പറഞ്ഞു. കൈയിൽ ഒരു ബാഗും 230 രൂപയുമായി ഡോക്ടറെ കാണാൻ യാത്ര പുറപ്പെട്ടു. തളിപ്പറന്പിലെത്തിയപ്പോൾ നേരേ ബാറിലേക്ക്.
കൈയിലുള്ള പൈസയിൽ കുറച്ചു കൊടുത്ത് മദ്യം കഴിച്ച ശേഷം ബസിൽ കണ്ണൂരിലേക്ക്. അവിടെയും ബാറിൽ കയറി കൈയിലുള്ള ബാക്കി പൈസക്ക് മദ്യം കഴിച്ചു. ട്രെയിനിൽ ടിക്കറ്റെടുക്കാതെ കോഴിക്കോട്ടെത്തി. കാഞ്ഞങ്ങാട്ടെ സന്തോഷ് പറഞ്ഞിട്ടാണ് വന്നതെന്ന് ഡോക്ടറോട് പറയുന്നു.
ഒരു സ്കാനിംഗ് ലാബിൽ പണി തരുന്നു. തന്റെ മുഴിഞ്ഞ വേഷം കണ്ട് ആദ്യം പോയി ഈ വസ്ത്രം മാറ്റി വരൂ. ഇവിടെ ഇപ്പോൾ തത്കാലം താമസ സൗകര്യമില്ല. അതിനാൽ, ലോഡ്ജിൽ റൂമെടുത്ത് താമസിക്കുകയെന്ന് പറഞ്ഞ് 4000 രൂപ ഡോക്ടർ എടുത്തു തന്നു.
1500 രൂപ റൂമിനായി അഡ്വാൻസ് കൊടുത്തു. സമീപത്തു തന്നെ ബാർ ഉണ്ടായിരുന്നു. ബാറിൽ കയറി. കൈയിൽ ഉണ്ടായിരുന്ന പൈസക്ക് കുടിച്ചു. റൂമിന് വാടക കൊടുത്ത പണം വാങ്ങിയും കുടിച്ചു.
പണം തീർന്നപ്പോൾ വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. മാപ്പ് പറഞ്ഞു. പിന്നെ കുറച്ചു ദിവസത്തേക്ക് ജോലി ചെയ്തു. അഡ്വാൻസായി ഒരു 5000 രൂപ കൂടി തന്നു. അതുമായി വീണ്ടും ബാറിലേക്ക്. കൈയിലുള്ള പൈസ മുഴുവൻ കുടിച്ചു തീർത്തു.
മദ്യം കഴിക്കാൻ യാചനയും…
കൈയിൽ പണമില്ല, താമസിക്കാൻ സ്ഥലമില്ല.. കോഴിക്കോട് ബസ്സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങി. മദ്യപിക്കാനായി യാചന തുടങ്ങി.
കിട്ടുന്ന നാണയ തുട്ടുകൾ ശേഖരിച്ച് പെഗിനുള്ള കാശാകുന്പോൾ മദ്യപിക്കും. ഏറ്റവും വില കുറഞ്ഞ മദ്യമായിരുന്നു കഴിച്ചിരുന്നത്. പിന്നെ എവിടെയെങ്കിലും കിടന്നുറങ്ങും. ഭക്ഷണം കഴിക്കില്ല. അങ്ങനെ ശരിക്കും അവശനിലയിലായി.
ഒരിക്കൽ, നല്ല വിശപ്പ് വന്നു.കോഴിക്കോട് നഗരത്തിലെ റോഡിലൂടെ നടക്കുന്പോൾ ഹോട്ടലിന്റെ ചില്ലലമാരയിൽ നല്ല പൊറോട്ടയും മുട്ട റോസറ്റും ഇരിക്കുന്നത് കണ്ടു. കഴിക്കണമെന്നുണ്ട്. എന്നാൽ, കൈയിൽ പണമില്ല.
പൊറോട്ടയും മുട്ടറോസ്റ്റും നോക്കി ഹോട്ടലിലെ ചൂടുവെള്ളം കുടിച്ചു കൊണ്ടിരിക്കുന്പോഴാണ് താനുമായി പരിചയമുണ്ടായിരുന്ന തളിപ്പറന്പിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറായ തൃച്ചംബരത്തെ ഗിരീഷേട്ടനെ (അദ്ദേഹം അഞ്ചുവർഷം മുമ്പ് മരിച്ചു) കാണുന്നത്.
” എന്ത് കോലമാടാ നിന്റേതെന്നായിരുന്നു ഗിരീഷേട്ടന്റെ ചോദ്യം. ബസ് കോഴിക്കോട് സർവീസിന് കൊണ്ടു വന്നതായിരുന്നു.. നീ ഏതായാലും കുടിച്ചു കുടിച്ചു മരിക്കുമെന്ന് ഉറപ്പാണ്… ഇവിടെ കിടന്നു മരിച്ചാൽ നിന്റെ ബോഡി പോലും നാട്ടിലെത്തിക്കാൻ ആരും ഉണ്ടാകില്ല…
അതു കൊണ്ട് നാട്ടിൽ വന്ന് മരിച്ചോ എന്ന് പറഞ്ഞ് അദ്ദേഹം ഭക്ഷണം വാങ്ങിത്തന്നു. ജീവിതത്തിൽ ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചിയുള്ള ഭക്ഷണം. തിരിച്ചുപോകുമ്പോൾ കൂടെക്കൂട്ടി തളിപ്പറമ്പിലെത്തിച്ചു.
അച്ഛനും അമ്മയും പാലക്കുളങ്ങരയിലെ വീടുവിറ്റ് കീഴാറ്റൂരിലേക്ക് പോയെന്ന് ഒരു ഓട്ടോ ഡ്രൈവർ വഴി ഞാനറിഞ്ഞു. അയാൾ എന്നെ അവിടെ കൊണ്ടെത്തിച്ചു. എന്നാൽ അച്ഛൻ വീണ്ടും ഇറക്കി വിട്ടു. പുതിയ താമസക്കാർ വന്നിട്ടില്ലാത്തതിനാൽ പഴയവീടിന്റെ വരാന്തതന്നെയായി പിന്നീടുള്ള എന്റെ താമസസ്ഥലം.
പറങ്കിമാങ്ങ തിന്നും കിണറ്റിലെ വെള്ളം കുടിച്ചും വിശപ്പുമാറ്റി. പെങ്ങളുടെ വീട് തൊട്ടടുത്തുണ്ടായിരുന്നു. അവിടേക്കും എനിക്ക് പ്രവേശനമില്ലായിരുന്നു. ഒടുവിൽ ഒരു ദിവസം പെങ്ങളുടെ മകൻ ചോറുമായെത്തി. പുറകെ അമ്മയും അച്ഛനും. ആവേശത്തിൽ ഞാനത് വാങ്ങി വാരിവാരി തിന്നു.
അവർ വീട്ടിലേക്കു വിളിച്ചു. കുളിക്കാൻ പറഞ്ഞു. വസ്ത്രങ്ങൾ മാറാനും. വീണ്ടും കോഴിക്കോടുള്ള ഡോക്ടറെ ചെന്നു കണ്ട് മദ്യപാനത്തിന് ചികിത്സ തേടാൻ അമ്മ ആവശ്യപ്പെട്ടു. ഇക്കുറി, ജോലിക്കു വേണ്ടിയായിരുന്നില്ല. കുടി നിർത്താനായിരുന്നു കോഴിക്കോട്ടേക്കു പോയത്.
അമ്മയുടെ അഭ്യർഥന പ്രകാരം കോഴിക്കോട്ടേക്കു പോകുന്നു. 200 രൂപയും അമ്മ തന്നു. വീട്ടിൽനിന്നു നേരേ ഇറങ്ങുന്നു. കൈയിൽ പൈസയുണ്ട്. തളിപ്പറന്പിലെ പഴയ ബാറിന്റെ മുന്പിൽ രണ്ടു മിനിറ്റ് നിന്നു. മദ്യം വേണ്ട എന്ന തീരുമാനത്തിൽ ബസിൽ കയറി നേരേ കണ്ണൂരിലേക്ക്. അവിടെയും ബാറിന്റെ മുന്നിൽ വന്നു നിൽക്കുന്നു.
പക്ഷേ, ആരോ പിന്നോട്ട് വലിക്കുന്നതു പോലെ തോന്നി. രണ്ടും കല്പിച്ച് നേരെ കോഴിക്കോട്ടേക്കുള്ള ബസിൽ കയറി. രണ്ടര മണിക്കൂർ യാത്ര. കോഴിക്കോട് യാത്രയിൽ ഞാൻ ആദ്യമായി എന്നെക്കുറിച്ച് ചിന്തിച്ചു.
എന്നെ എല്ലാവരും വെറുക്കുന്നതിനു കാരണം മദ്യം എന്ന വില്ലനാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. കോഴിക്കോട് ചെന്ന് ലോകേഷ് ഡോക്ടറെ കണ്ട് കാലുപിടിച്ച് ഞാൻ കരഞ്ഞു.
അദ്ദേഹം ഒരു ഡോക്ടറായതുകൊണ്ടുമാത്രമാണ് എന്നെ മനസിലാക്കിയത്. ഇതൊരു രോഗമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം എന്നെ അന്ന് മലാപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന സുരക്ഷ ഹോസ്പിറ്റലിലെ ഡോ. സത്യനാഥന്റെ അടുത്തേക്കു പറഞ്ഞയച്ചു.
ഭാര്യയോ അമ്മയോ കൂടെ ഇല്ലാതെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് ഡോക്ടർ പറഞ്ഞു. ലോകേഷ് ഡോക്ടർ ആവശ്യപ്പെട്ടതനുസരിച്ച് അച്ഛനും അമ്മയും ഒടുവിൽ എനിക്കായി വന്നു.
അഞ്ചുദിവസം ലോഡ്ജിൽ നിന്ന ശേഷം അഡ്മിറ്റായി. കൂടെ ജീവിക്കേണ്ടത് ഭാര്യയാണെന്നും അവരെ വിളിപ്പിക്കണമെന്നും അവിടുത്തെ മനശാസ്ത്രജഞൻ ആയ ഡോക്ടർ നിർദ്ദേശിച്ചു.
ഇതറിഞ്ഞ ഭാര്യ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സ്വന്തം ഇഷ്ടത്തിന് മക്കളെയും കൂട്ടി എന്റെ അടുത്തേക്കു പോന്നു. ഇത്രയും അനുഭവിച്ച ശേഷം ഒരു പെണ്ണും ചെയ്യാത്ത, ഒരുറപ്പുമില്ലാത്ത ഒരു ജീവിതത്തിലേക്കാണ് എനിക്കുവേണ്ടി അവൾ വീണ്ടും വന്നത്.
എന്റെ ഭാര്യയുടെ ആ തിരിച്ചുവരവ് ഒന്നുമാത്രമാണ് എന്റെ ഇന്നത്തെ വിജയത്തിലേക്കുള്ള വഴിയായത്. മദ്യപാനികളെ ഉപേക്ഷിച്ച് ഭാര്യമാർ പോകുന്പോൾ ഒന്ന് കരുതുക…നിങ്ങൾ ഒന്ന് തിരികെ ചെന്നാൽ, കൂടെയുണ്ടെന്ന് പറഞ്ഞാൽ..വലിയൊരു മാറ്റമായിരിക്കും അവരിൽ സൃഷ്ടിക്കുക.
ജീവിതം മാറുന്നു…
കുടി നിർത്തിയ കാലം. മാസം 2000-3000 രൂപ വരുമാനം. ഒരിക്കൽ അപ്പുറത്തെ വീട്ടിൽ കോഴിക്കറി വച്ച മണം കേട്ട് എന്റെ മക്കൾ കഴിക്കാൻ ഒരാഗ്രഹം പറഞ്ഞു.
മദ്യത്തിനുവേണ്ടി ലക്ഷങ്ങൾ നശിപ്പിച്ച എനിക്ക് എന്റെ മക്കൾക്ക് അതുവാങ്ങി നൽകാൻ കഴിയാത്ത നിസഹായാവസ്ഥ. ഞാൻ ആരും കാണാതെ അന്ന് ഏറെ കരഞ്ഞു.
ഒടുവിൽ എങ്ങനെയോ കിട്ടിയ 25 രൂപക്ക് കുറച്ച് ചിക്കൻ വാങ്ങിക്കൊടുത്തു സമാധാനിപ്പിച്ചു. മണ്ണെണ്ണ സ്റ്റൗ അടിച്ചടിച്ച് കത്തിച്ച് ഭാര്യ കറിവച്ചു. ഈ അനുഭവങ്ങളല്ലാം എന്റെ 32 വയസിനുള്ളിലായിരുന്നു.
പണ്ടെങ്ങോ മദ്യപിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്പോൾ അൾട്രാ ഡിസൈൻ ടൈൽസിന്റെ റീജണൽ മാനേജരായ രാജീവ് സാറിനെ ഞാൻ പരിചയപ്പെട്ടിരുന്നു. അദ്ദേഹം എനിക്ക് വിസിറ്റിംഗ് കാർഡും തന്നിരുന്നു.
മദ്യപാനം നിർത്തിയ ശേഷം ഞാൻ അദ്ദേഹത്തെ സഹായം ചോദിച്ച് വിളിച്ചു. അദ്ദേഹം എന്നോട് ബിജു ജനാർദ്ദനൻ എന്നയാളെ കാണാൻ പറഞ്ഞു. കുറച്ചുദിവസത്തിനുശേഷം അഭിമുഖം നടത്തി ടൈൽ കന്പനിയിൽ എനിക്ക് ജോലി തന്നു.
കോഴിക്കോട് പൊക്കുന്നായിരുന്നു അന്ന് താമസം. പാലക്കാട്, മലപ്പുറം ജില്ലകളിൽ ആയിരുന്നു ജോലി. ലോൺ എടുത്ത് ജോലിക്കുവേണ്ടി ബൈക്ക് വാങ്ങി. എന്റെ ജോലിയിൽ തൃപ്തരായി അവർ എനിക്ക് തലശേരിയിലക്കു മാറ്റം തന്നു.
ഇതിനിടെ സ്വന്തമായി ടൈലിന്റെ ബിസിനസ് തുടങ്ങി. ഇതു വിജയമായിരുന്നില്ല. വീണ്ടും കടബാധ്യതകളിൽ ജീവിതം ചെറുതായി താളം തെറ്റിത്തുടങ്ങി.
30 ലക്ഷം രൂപയുടെ കടബാധ്യത. ജീവിതം അവസാനിപ്പിക്കാനുള്ള തയാറെടുപ്പിനിടെയാണ് മെട്രോ ടൈൽസിന്റെ ശേഖർ ഭായിയുടെ വിളി വരുന്നത്. ദൈവത്തിന്റെ വിളി എന്നാണ് ഞാൻ ഇതിനെ വിശേഷിപ്പിക്കുന്നത്. ടൈൽസ് കയറ്റു മതി ചെയ്യാമോ എന്നായിരുന്നു ചോദ്യം. ഒരു പരിചയവുമില്ല.
എന്നാലും അതങ്ങ് ഏറ്റെടുത്തു. ടൈൽസ് കയറ്റുമതിയിൽ മികച്ച രീതിയിൽ തന്റെ സ്ഥാപനം മുന്നോട്ടുപോകുകയാണ്. ബിസിനസുമായി ബന്ധപ്പെട്ട് 59 രാജ്യങ്ങളിൽ പോകാൻപറ്റി. കെനിയയിലും ന്യൂസിലൻഡിലും ടൈൽസിന്റെ ഹോൾസെയിൽ ബിസിനസുണ്ട്. അമേരിക്കയിലും കാനഡയിലും തുടങ്ങാനിരിക്കുന്നു.
എക്സ്പോർട്ട് ബിസിനസിൽ വിദേശത്തുപോകുമ്പോൾ എബിസി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മദനി എന്ന മഹദ് വ്യക്തിയെ പോലുള്ള ചില സഹായകരങ്ങളാണ് ഇന്നും എനിക്ക് താങ്ങായി നിൽക്കുന്നത്.
ബിസിനസ് സംബന്ധമായ യാത്രയ്ക്കിടയിൽ ഫ്ലൈറ്റിൽ മുന്തിയ ഇനം മദ്യവുമായി എയർഹോസ്റ്റസ് എത്തുന്പോൾ… പഴയകാലം ഓർത്തുകൊണ്ട് ഒരു പുഞ്ചിരിയോടെ നിരസിക്കുകയാണ് പതിവ്.
ജീവിതം സിനിമയാകുന്നത്…
അവിചാരിതമായാണ് തന്റെ കഥ സിനിമയാകുന്നത്. രണ്ടുവർഷം മുമ്പ് സുഹൃത്ത് വിജേഷ് വിശ്വം എന്നെ ഫോണിൽ വിളിച്ചു. അവനും കൂട്ടുകാരൻ ഷംസുദ്ദീൻ കുട്ടോത്തും കോഴിക്കോടുണ്ട്. ഒരു സിനിമയുടെ കഥയെഴുത്താണ് ലക്ഷ്യം. നിൽക്കാൻ പറ്റിയ ഇടം ഏതാണ് എന്നായിരുന്നു ചോദ്യം. തളിപ്പറമ്പ് തൃച്ചംബരംകാരനാണെങ്കിലും കോഴിക്കോട് ഫ്ലാറ്റിലായിരുന്നു കുടുംബസമേതം താമസം.
വിജേഷിനോട് എന്റെ ഫ്ലാറ്റിൽ താമസിച്ചോളാൻ പറഞ്ഞു. ഭാര്യയും മക്കളും അന്ന് നാട്ടിലായിരുന്നു. പിറ്റെദിവസം ഞാനും ഫ്ലാറ്റിലെത്തി. എനിക്ക് ഒറ്റയ്ക്ക് പാട്ടുപാടുന്ന സ്വഭാവമുണ്ട്. എന്റെ ചില സ്വഭാവങ്ങൾകണ്ട് ഷംസു വിജേഷിനോട് എന്നെക്കുറിച്ച് ചോദിച്ചു. ഇതൊരു സിനിമാക്കഥയാണല്ലോ എന്ന് ആദ്യം ചോദിച്ചത് ഷംസുവാണ്.
പിറ്റേദിവസം ഷംസുവിന് സംവിധായകൻ പ്രജേഷിനെ കാണേണ്ട ആവശ്യമുണ്ടായിരുന്നു. അന്ന് ഞാനും കൂടെപ്പോയി പ്രജേഷിനെ പരിചയപ്പെട്ടു. പിറ്റേ ദിവസം കൊച്ചിയിലേക്ക് ഒന്നിച്ചുള്ള യാത്രയിൽ എന്റെ കഥ ഷംസു പ്രജേഷിനോട് പറയുകയായിരുന്നു. കേട്ടമാത്രയിൽ ഇതുതന്നെ തന്റെ അടുത്ത സിനിമയെന്ന് പ്രജേഷ് മനസിൽ ഉറപ്പിച്ചു.
പിന്നീട് ദുബായിൽ മൂന്നുദിവസത്തെ കൂടിക്കാഴ്ചയിൽ ഞാൻ പ്രജേഷിനോട് എന്റെ ജീവിതം മുഴുവൻ പറഞ്ഞു. പ്രജേഷ് തിരക്കഥയെഴുതി. വിജേഷും ഷംസുവും സഹരചയിതാക്കളായി. അങ്ങനെയാണ് ഈ കഥ സിനിമയാകുന്നത്. തന്റെ യഥാർഥ ജീവിതം തന്നെയായിരുന്നു സിനിമയിലെന്ന് മുരളി പറയുന്നു.
കുടുംബം…
അച്ഛൻ 2012 ൽ കാൻസർ ബാധിച്ചു മരിച്ചു. നാലുവർഷം അച്ഛനെ നന്നായി നോക്കാൻ പറ്റി എന്നതാണ് ജീവിതത്തിലെ സന്തോഷങ്ങളിലൊന്ന്. ഞാൻ നന്നായിക്കണ്ട സംതൃപ്തിയോടെയാണ് അച്ഛൻ കണ്ണടച്ചത്. അമ്മ നാട്ടിൽ സഹോദരിക്കൊപ്പമാണ്. ഭാര്യ സിമി. മൂത്ത മകൻ യദുകൃഷ്ണ, മകൾ ശ്രീലക്ഷ്മി. രണ്ടുപേരും കോഴിക്കോട് സിൽവർഹിൽസ് സ്കൂളിൽ പഠിക്കുന്നു.