ഏറ്റുമാനൂർ: അമ്മയുടെ വാത്സല്യം അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ജുവലിനെ തേടിയെത്തി വിധിയുടെ ക്രൂര വിളയാട്ടം. അമ്മയ്ക്കും അച്ഛനുമൊപ്പം വാൽസല്യ വീട്ടിൽ പുതിയ ജീവിതം പ്രതീക്ഷിച്ച ജുവലിന്റെ കണ്മുന്നിൽ പൊലിഞ്ഞു വീണത് അമ്മയുടെ ജീവൻ.
ഏറ്റുമാനൂർ -മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂരിൽ സീബ്രാലൈനിലൂടെ റോഡ് മുറിക്കുകയായിരുന്ന ജുവലിനേയും അമ്മ സാലിയേയും അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചെറുവാണ്ടൂർ വള്ളോംകുന്നേൽ എം.പി. ജോയിയുടെ ഭാര്യ സാലി(46)യാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ജുവൽ (ഒന്പത്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
11 വർഷമായി സാലി- ജോയി ദന്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്നു ഉറപ്പിച്ചതോടെ കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ച മുന്പാണ് കുട്ടിയെ ഡൽഹിയിൽ നിന്നും ദത്തെടുക്കുന്നത്.
ജുവൽ എന്ന പേരു നൽകിയതും ഇരുവരുമാണ്. ഇന്നലെ രാത്രി ബന്ധുവിനെ കാണാൻ പോയി ശേഷം മടങ്ങുന്നതിനിടയിലാണ് മണർകാട് ഭാഗത്തുനിന്നും എത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ സാലിയുടെ കയ്യിൽനിന്നും തെറിച്ച കുട്ടി റോഡരികിലേക്കാണ് വീണത്.
അപകടത്തിൽനിന്നും പെണ്കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സാലിയും കുട്ടിയെയും എടുത്തു തെള്ളകത്തെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും സാലിയുടെ മരണം സംഭവിച്ചിരുന്നു. സാലിയുടെ മൃതദേഹം മോർച്ചറിയിൽ. അപകടം നടന്ന സ്ഥലത്ത് വെളിച്ചം കുറവായിരുന്നു.
അപകടത്തിനിടയാക്കിയ കാറ് നിർത്താതെ ഓടിച്ചു പോയി. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ അപകടം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.