മനുഷ്യനോട് എറ്റവും സ്നേഹവും നന്ദിയും കാണിക്കുന്ന ജീവിയാണ് നായ. എങ്കില്‍ പോലും പല മനുഷ്യരും ഈ മിണ്ടാപ്രാണികളോട് വലിയ ക്രൂരതകളാണ് കാണിക്കുന്നത്.
തെരുവു നായയെ അടിച്ചു പരിക്കേല്പിച്ച ശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവമാണ് ഇപ്പോള്‍ മനുഷ്യ മനസാക്ഷിയെത്തന്നെ ഞെട്ടിച്ചിരിക്കുന്നത്.
സംഭവത്തില്‍ കട്ടപ്പന കൈരളി ജംഗ്ഷന് മാണ്ടിയില്‍ ഷാബുവിന് (51) എതിരെ പൊലീസ് കേസെടുത്തു. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം നാട്ടുകാരനായ സിദ്ധാര്‍ഥ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സിദ്ധാര്‍ഥ് അടക്കമുള്ള ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കൈരളി ജംഗ്ഷന് മേഖലയില്‍ നായ ആക്രമിക്കാന്‍ എത്തിയപ്പോള്‍ പ്രതിരോധിച്ച ശേഷം കുരുക്കിട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്നെന്ന് ഷാബു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
സാരമായി പരുക്കേറ്റ നായയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച ശേഷം മരുന്നുകള്‍ നല്കി. പരാതിക്കാരായ രണ്ട് യുവാക്കളെ നായയുടെ സംരക്ഷണം താത്കാലികമായി ഏല്പിച്ചതായി പൊലീസ് അറിയിച്ചു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മുമ്പ് വളര്‍ത്തുനായയെ വണ്ടിയില്‍ കെട്ടിവലിച്ച സംഭവം കേരളത്തില്‍ വന്‍ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.