ജോണ്സണ് വേങ്ങത്തടം
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ശക്തമാക്കി ബിജെപി നേതൃത്വം. അഖിലേന്ത്യ അധ്യക്ഷന്‍ ജെപി. നഡ്ഡ കേരളത്തിലെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയതോടെ പാർട്ടി ക്യാന്പുകൾ ആവേശത്തിലായി. ഇന്നു രാത്രിയോടെ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എത്തും. നാളെ കൊച്ചിയില്‍ നടക്കുന്ന ബിജെപിയോഗത്തില് അദ്ദേഹം പങ്കെടുക്കും.
കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്താനും പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ അവസാനിപ്പിക്കാനും പ്രഹ്ളാദ ജോഷിയെയാണ് അഖിലേന്ത്യ അധ്യക്ഷന്‍ ചുമതലപ്പെടു ത്തിയിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിജയയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ 21ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തും.
കൂടുതൽ അഖിലേന്ത്യാ നേതാക്കളും കേന്ദ്ര മന്ത്രിമാരും വരുംദിവസങ്ങളില്‍ കേരളത്തിലേക്കു വരുന്നുണ്ട്. വിജയ് യാത്രയുടെ സമാപനത്തില്‍ അമിത്ഷായും എത്തിയേക്കും. ശോഭാ സുരേന്ദ്രന് പാര്‍ട്ടിപരിപാടികളില്‍ സജീവമല്ലാത്തതും ചര്‍ച്ചയായിട്ടുണ്ട്. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിട്ടും ശോഭാ സുരേന്ദ്രന്റെ പ്രശ്നത്തിനു പരിഹാരമായിട്ടില്ല.
ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇതുസംബന്ധിച്ച് ഒരു നിര്‍ദേശവും സംസ്ഥാന നേതൃത്വത്തിനു നല്‍കിയില്ലെന്നാണു സൂചന. പാര്‍ട്ടിയില്‍ സജീവമല്ലെങ്കിലും പി.പി. മുകുന്ദനെപോലുള്ള സീനിയര്‍ നേതാക്കളുടെ നിര്‍ദേശങ്ങളും പരാതികളും ഉള്‍ക്കൊള്ളുന്ന സമീപനം വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി സിറ്റിംഗ് സീറ്റായ നേമത്തിന് പുറമേ 40 സീറ്റുകളിലെങ്കിലും ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്നാണു കെ. സുരേന്ദ്രന് പറയുന്നത്. ബിജെപി സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ചകൾ നടന്നുവരികയാണെന്നും ജേക്കബ് തോമസിനെ പോലുള്ള പ്രമുഖർ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.