മൂവാറ്റുപുഴ: ഓണ്‍ലൈൻ പഠനത്തെ മറയാക്കി കൗമാരക്കാരുടെ ഒളിച്ചോട്ടം പെരുകുന്നത് മാതാപിതാക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും തലവേദനയാകുന്നു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം പ ത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിലേറെയും പ്രായപൂർത്തിയാകാത്തവരാണ്.
കോവിഡ് വ്യാപനത്തെത്തുടർന്ന് ഓണ്‍ലൈൻ ക്ലാസുകളായതിനാൽ എല്ലാ വിദ്യാർഥികളുടെയും പക്കൽ മൊബൈൽ ഫോണോ, ലാപ്ടോപ്പോ മറ്റ് ഉപകരണങ്ങളോ ഉണ്ട്. എന്നാൽ പുത്തൻ സാങ്കേതിക വിദ്യകൾ പരിചിതമല്ലാത്ത മാതാപിതാക്കൾക്ക് സ്വന്തം മക്കൾ നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോൾ.
സദാസമയവും ഓണ്‍ലൈനിൽ ഇരിക്കുന്ന കുട്ടിയോട് കാരണം ചോദിക്കുന്ന മാതാപിതാക്കൾക്ക് കിട്ടുന്ന മറുപടി പഠിക്കുകയാണെന്നാണ്. ഇത് കേട്ട് സാങ്കേതിക വശങ്ങളെ പരിചിതമില്ലാത്ത സ്വന്തം മക്കളെ പൂർണമായും വിശ്വസിച്ചു മടങ്ങുന്ന മാതാപിക്കളിൽ ചിലരെങ്കിലും ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നുണ്ടാകാം.
അടുത്തിടെ 17 വയസുള്ള കൗമാരക്കാരനൊപ്പം ഒളിച്ചോടിയ 19 വയസുള്ള പെണ്‍കുട്ടിയെ പോലീസ് പിടികൂടി തിരികെ എത്തിച്ചിരുന്നു. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കി കേവലം 3,000 രൂപ മാത്രം കൈയിൽ കരുതിയാണ് ഇവർ പോയത്.
ദീർഘദൂര ബസിൽ രാത്രി യാത്ര ചെയ്ത് രാവിലെ തങ്ങുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. പണം തീർന്നതോടെ സഹായത്തിനായി സുഹൃത്തിനെ വിളിക്കുവാൻ മൊബൈൽ ഫോണ്‍ ഓണാക്കിയപ്പോൾ ലഭിച്ച ടവർ ലൊക്കേഷനനുസരിച്ച് ഇവരുടെ ഒളിത്താവളത്തിനു ചുറ്റുമുള്ള നൂറോളം ഹോംസ്റ്റേകളും ഹോട്ടലുകളും പരിശോധിച്ചാണ് കണ്ടെത്തിയത്.
സമാനമായി 16 വയസുള്ള ആണ്‍കുട്ടിക്കൊപ്പം പോയ 13 വയസുള്ള പെണ്‍കുട്ടിയെ പോലീസ് പിടികൂടി മടക്കിയെത്തിച്ചിരുന്നു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ കണക്കുകൾ നോക്കുന്പോൾ ഇത് ഞെട്ടിക്കുന്നതാണ്. മടങ്ങിയെത്തിയ കുട്ടികളിൽ പലരേയും കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോൾ ഇവർ പറയുന്നത് സ്നേഹം ലഭിക്കുന്നില്ല,
ആരും തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ്. കഷ്ടപ്പെട്ട് മക്കളുടെ നല്ല ഭാവിക്കായി സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത മാതാപിതാക്കൾക്ക് ഈ മറുപടി ഹൃദയം നുറുങ്ങുന്നതാണ്.