കോയന്പത്തൂർ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് നിർധനരായ 123 യുവതികളുടെ വിവാഹം നടത്തി. പേരൂർ ചെട്ടി പാളയത്തിൽ നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി ഇടപ്പാടി പഴനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർ സെൽവം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
സംസ്ഥാന ഗ്രാമവികസന മന്ത്രി എസ്.പി.വേലു മണി അധ്യക്ഷത വഹിച്ചു. ഓരോ മതസ്ഥർക്കും അവരവരുടെ ആചാരപ്രകാരം വിവാഹം നടത്തി. തുടർന്ന് വിവാഹ സമ്മാനമായി കട്ടിൽ,മെത്ത,അലമാര,സ്യൂട്ട്കെയ്സ്,ഗ്യാസ് സ്റ്റൗ, നിലവിളക്ക്,സിൽവർ കുടം, കുക്കർ ഉൾപ്പെടെയുള്ള പാചക സാമഗ്രികൾ വിവാഹ സമ്മാനമായി നൽകി.
തൊണ്ടാമുത്തൂർ മണ്ഡലത്തിലുൾപ്പെട്ട എല്ലാ ഗ്രാമങ്ങളിൽ നിന്നുമായി ആയിരക്കണക്കിനാളുകൾ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നവദന്പതികൾക്ക് ആശംസകളറിയിച്ചു.മുഖ്യമന്ത്രി ജയലളിതയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് 73 നിർധന യുവതികൾക്ക് സൗജന്യ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ വിവാഹത്തിനായി ബുക്ക് ചെയ്തവരുടെ എണ്ണം വർധിച്ചതിനാൽ 73 ജോടികൾക്കു പകരമായി 123 ജോഡികൾക്കു വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. കെ.പി.മുനു സ്വാമി, വൈദ്യലിംഗം, മന്ത്രിമാരായ ദിണ്ടിഗൽ ശ്രീനിവാസൻ, തങ്കമണി, ചെങ്കോട്ടയൻ, സി.വി.ഷണ്മുഖം, അൻപഴകൻ, ചെല്ലൂർ രാജു, രാധാകൃഷ്ണൻ, ആർ.പി.ഉദയകുമാർ, സി.വിജയഭാസ്കർ, കെ.സി. കറുപ്പണ്ണൻ, മഹേന്ദ്രൻ, വേലു സ്വാമി, എട്ടിമട ഷണ്മുഖം, വി.സി.ആറുക്കുട്ടി, ഗാന്ധി പുരം ലൂർദ് ഫൊറോന വികാരി ഫാ.തോമസ് കാവുങ്കൽ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.