പയ്യന്നൂര്‍: ഫേസ്ബുക്കിലൂടെയുള്ള പ്രണയം മൂത്ത് കാമുകനോടൊപ്പം വീടുവിട്ടിറങ്ങിയ യുവതി എത്തിപ്പെട്ടത് പെൺവാണിഭ സംഘത്തിൽ.
പയ്യന്നൂർ പോലീസിന്റെ അവസരോചിതമായ ഇടപെടൽ യുവതിക്ക് രക്ഷയായി. കഴിഞ്ഞ 29ന് രാവിലെ ഒന്‍പതരയോടെയാണ് മൂന്നുവയസുള്ള പെണ്‍കുട്ടിയെ വീട്ടിലാക്കി കുഞ്ഞിമംഗലത്തെ ഗള്‍ഫുകാരന്റെ ഭാര്യയായ 21കാരി ചാറ്റിംഗിലൂടെ പരിചയപ്പെട്ടയാളോടൊപ്പം മുങ്ങിയത്.
പോലീസ് അന്വേഷണത്തിൽ യുവതി മലപ്പുറത്തേക്കും അവിടെ നിന്ന് ബം ഗളൂരുവിലേക്കും പോയതായി കണ്ടെത്തി. പിന്നീട് സേലത്തെത്തിയ യുവതി അവിടെയുള്ള ചായക്കടക്കാരന്റെ ഫോണില്‍ കുഞ്ഞിമംഗലത്തെ അമ്മയെ വിളിച്ച് താന്‍ സുരക്ഷിതയാണെന്നും രണ്ടുദിവസത്തിനകം തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ സേലത്തെത്തിയ പോലീസ് ചായക്കടക്കാരനില്നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പത്തോളം നിരീക്ഷണ കാമറകള്‍ പരിശോധിച്ചപ്പോൾ യുവതിയുടെ കൂടെ രണ്ടുപേര്‍ കൂടിയുള്ളതായി ബോധ്യപ്പെട്ടു. യുവതിയുടെ മൊബൈല്‍ ഓഫായിരുന്നതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല.
ഇവിടെനിന്നും ഗോകര്‍ണത്തെത്തിയ യുവതി മൊബൈല്‍ ഓണ്‍ചെയ്തതോടെ സൈബര്‍സെല്ലിലെ സൂരജ് ,അനൂപ് എന്നിവര്‍ വിവരം പോലീസിന് കൈമാറി.
മുംബൈയിലുണ്ടായിരുന്ന പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ്, പയ്യന്നൂര്‍ എസ്ഐ കെ.ടി.ബിജിത്ത്, എസ്ഐ ശരണ്യ എന്നിവരുടെ നിര്‍ദേശ പ്രകാരം ഗോകര്‍ണത്തെത്തിയ അബ്ദുള്‍ റൗഫ്,സൈജു എന്നിവരടങ്ങിയ സംഘം യുവതിയെ കണ്ടെത്തുകയായിരുന്നു.
ചെലവിനുള്ള തുക കണ്ടെത്തുന്നതിനായി യുവതിയുടെ ആഭരണങ്ങള്‍ ഇതിനകം വിറ്റിരുന്നു.
യുവതിയുടെ കൂടെയുണ്ടായിരുന്നവര്‍ കഞ്ചാവ് മാഫിയകളില്പെട്ടവരായിരുന്നുവെന്നും യുവതിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.