തൃശൂർ: വർഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവിൽ വാർധക്യം സമ്മാനിച്ച ചുളിവുവീണ മുഖങ്ങളിൽ ചിരിവിരിഞ്ഞു. സ്വന്തമായുള്ള ഭൂമിയുടെ പട്ടയം ലഭിച്ചതിന്റെ ചാരിതാർഥ്യത്താലു ള്ള പുഞ്ചിരി.
കാത്തിരിപ്പായിരുന്നു, പതിറ്റാണ്ടുകൾ… ആ ഗവണ്മെന്റ് ഫയലുകളിൽ നിന്നു പുറത്തുകടക്കാൻ അഴിക്കുന്തോറും മുറുകുന്ന കുരുക്കുകൾ, ഒടുവിൽ അതു യാഥാർഥ്യമായി.
പട്ടയം ലഭിച്ചവരിൽ 87 കാരിയായ ചിറ്റിലപ്പിള്ളി സ്വദേശി പാറുക്കുട്ടിയമ്മയുണ്ട്, മരോട്ടിച്ചാൽ സ്വദേശി 76 വയസുകാരിയായ കാർത്തു അമ്മയുണ്ട് അതുപോലെ വാർധക്യംപോലും തളർത്താത്ത നിരവധി പേരുണ്ട്.
എല്ലാവരുടെയും മുഖങ്ങളിൽ നിശ്ചയദാർഢ്യം ജയിച്ച ഭാവമായിരുന്നു ടൗണ്‍ഹാളിൽ നിന്നു മടങ്ങുന്പോൾ.
ടൗണ്‍ഹാളിൽ സംഘടിപ്പിച്ച പട്ടയവിതരണ ചടങ്ങിലാണു നിരവധിപേരുടെ പട്ടയം ലഭിക്കാനുള്ള കാത്തിരിപ്പിനു വിരാമമായത്.
കാർത്തു അമ്മയുടെ കാത്തിരിപ്പിന് അവരുടെ വയസോളം പ്രായമുണ്ട്. വനമേഖലയായ വല്ലൂർ സ്വദേശിയും പരേതനായ നാരായണന്റെ ഭാര്യയുമായ തത്തംപിള്ളി വീട്ടിൽ കാർത്തുവാണു ചീഫ് വിപ്പ് കെ.രാജനി ൽ നിന്നു ആദ്യത്തെ പട്ടയം കൈപ്പറ്റിയത്. 30 സെന്റ് ഭൂമിയുടെ പട്ടയമാണു ലഭിച്ചത്.
മകനും മകന്റെ മകനും താമസിക്കുന്ന വീടിനും ചുറ്റുമുള്ള സ്ഥലത്തിനുമാണു പട്ടയം ലഭിച്ചത്. തെങ്ങും വാഴയും കൃഷിചെയ്തിരുന്ന സ്ഥലത്തു വീട് പണിയാനൊരുങ്ങവേയാണു പട്ടയം ലഭിച്ചത്.
ചീഫ് വിപ്പിൽ നിന്നും പട്ടയം വാങ്ങി മകനോടൊപ്പം ടൗണ്‍ഹാളിന്റെ വലിയ പടിക്കെട്ട് ഇറങ്ങുന്പോൾ കാർത്തുഅമ്മ വിറയാർന്ന കൈകൾകൊണ്ടു നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു കാലങ്ങളോളം താനും കുടുംബവും കാത്തിരുന്ന പട്ടയം.