പോത്തൻകോട്: എഴുപതു വയസുള്ള അമ്മയെ ഉപേക്ഷിച്ച് മകളും മരുമകനും മുങ്ങിയ സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു.
ഞാണ്ടൂർക്കോണം അരുവിക്കരകോണത്തെ വാടക വീട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയ സാവിത്രിയെ പോലീസ് പോത്തൻകോട്ടെ കരുണാലയത്തിലേക്ക് മാറ്റി.
സംഭവത്തിൽ ഇവരുടെ മകളായ രമ, മരുമകൻ ബാലു എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇവർ അരുവിക്കരകോണത്തെ വാടക വീട്ടിൽ താമസത്തിനെത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട് ഒഴിഞ്ഞ മകളും മരുമകനും ഉടമസ്ഥന് താക്കോൽ കൊടുത്തിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിനകത്ത് നിന്നും ഞരക്കംകേട്ട അയൽവാസികൾ നോക്കുമ്പോഴാണ് സാവിത്രി അമ്മയെ അവശനിലയിൽ കണ്ടത്.
പോത്തൻകോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മകളെയും മരുമകനെയും കണ്ടെത്താനായില്ല. സാവിത്രിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.