മല്ലപ്പള്ളി: സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കടന്ന യുവാവ് പിടിയില്‍. ആനിക്കാട് നൂറോമ്മാവ് നെല്ലുമുറിക്കുന്നേല് രഞ്ജിതാണ് (27) അറസ്റ്റിലായത്. അമ്മയും മകളും തനിച്ചു താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ 13നു പുലര്‍ച്ചെ രണ്ടരയോടെ ഇയാള്‍ അതിക്രമിച്ചുകടന്നതയാണ് പരാതി.
വീടിനു പിന്നിലെ തുറന്നു കിടന്ന ജനാലയിലൂടെ അടുക്കള വാതിലിന്റെ കൊളുത്ത് കമ്പ് ഉപയോഗിച്ച് എടുത്തശേഷം ഉള്ളില്‍ കടക്കുകയായിരുന്നുവെന്ന് പറയുന്നു. വീട്ടമ്മയും മകളും കിടക്കുന്ന മുറിയിലെത്തിയപ്പോള്‍ ലൈറ്റ് തെളിഞ്ഞു കിടക്കുകയായിരുന്നു.
ലൈറ്റ് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ ഉണര്‍ന്നു ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ഓടിരക്ഷപെട്ടു. ചെരിപ്പില്‍ നിന്നും ചെളി തറയില്‍ പതിഞ്ഞിരുന്നു. ഇതു കണ്ട് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
നേരത്തെയും സ്ത്രീകള്‍ തനിയെ താമസിക്കുന്ന വീടുകളിലും കുളിമുറികളിലും ഒളിഞ്ഞു നോക്കുന്ന ശീലം ഇയാള്ക്കുണ്ടായിരുന്നതായിരുന്നതായി പോലീസ് പറഞ്ഞു. പലതവണ പിടികൂടി താക്കീതു നല്കി വിട്ടയച്ചിരുന്നതാണ്. ഭവനഭേദനം, മോഷണശ്രമം കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്ത രഞ്ജിതിനെ കോടതിയില്‍ ഹാജരാക്കി.