താന്‍ അര്‍ബുദ ബാധിതയാണെന്നും കോവിഡ് സാഹചര്യം കണക്കിലെടുത്ത് തന്റെ ജാമ്യാപേക്ഷ ഹര്‍ജി നല്കുന്ന ദിവസം തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സരിത.
ജാമ്യ ഹര്‍ജി നല്കുന്ന ദിവസം തന്നെ പരിഗണിച്ച് തീര്‍പ്പാക്കാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്കണമെന്ന് ആവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.
അതേ സമയം സരിതക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 25ന് കേസ് പരിഗണിക്കുന്നുണ്ട്. ഇതേ ദിവസം തന്നെ ജാമ്യ ഹര്‍ജി കൂടി പരിഗണിക്കാനാണ് സരിതയുടെ ആവശ്യം.
സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ സരിതയോട് ഈ മാസം 11 ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധിക്കുള്ള സരിതയുടെ അപേക്ഷ പരിഗണിക്കാതെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഇതേ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പും കോടതിയില്‍ ഹാജരാക്കിയിരുന്നു.
എന്നാല്‍ ന്യൂറോ സംബന്ധമായ പ്രശ്നമാണെന്ന് കുറിപ്പില്‍ വ്യക്തമാകുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു. അതേ സമയം കീമോ തെറാപ്പി വേണ്ട രോഗമാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയതോടെയാണ് ഹര്‍ജി മാറ്റിവച്ചത്.