കാക്കനാട്: തൃക്കാക്കര നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് പാമ്പുകളുടെ താവളമാകുന്നു. പാന്പിന്റെ ശല്യം വർധിച്ച പ്പോൾ പോസ്റ്റർ എഴുതി ഒട്ടിച്ചിരിക്കുകയാണ് അധികൃതർ. എൻജിഒ ക്വാർട്ടേഴ്സ് ജംഗ്ഷനിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കോവണിയോട് ചേർന്നുള്ള ഭിത്തിയിലാണ് മുകളിലേക്ക് കയറരുത് അവിടെ പാമ്പുണ്ടെന്ന് പാമ്പിന്റെ പടം ചേർത്ത് വച്ച് എഴുതി പ്രദർശിപ്പിച്ചിട്ടുള്ളത്.
രണ്ടാം നിലയിലേക്ക് കയറുന്ന കോവണിയിൽ നിറയെ മാലിന്യ കൂന്പാരമാണ്. അതിനുള്ളിലാണ് പാമ്പ് ഉണ്ടെന്ന് പറയപ്പെടുന്നത്. ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ കുറെ ഭാഗം നഗരസഭ ജീവനകാർക്ക് താമസിക്കുന്നതിനായി മുറികൾ പണിതിട്ടുണ്ട്.
വർഷങ്ങളായി മുറികൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും താമസിക്കാൻ ആരും എത്തിയിട്ടില്ല. അവിടെ രാത്രികാലങ്ങളിൽ സാമുഹ്യ വിരുദ്ധരുടെ താവളമാണെന്ന് ഷോപ്പിംഗ് കോംപ്ലക്സിലെ കച്ചവടക്കാർ പറയുന്നു. മറ്റാരും രണ്ടാം നിലയിലേക്ക് കയറാതിരിക്കാൻ ഭയപ്പെടുത്തിയാണ് പാമ്പിന്റെ പടം വച്ച് വിലക്കിയിരിക്കുന്നത്.
ഒന്നാം നിലയിലെ കച്ചവട സ്ഥാപനങ്ങളുടെ വരാന്തയിലെ ടൈലുകൾ എല്ലാം പൊട്ടിപൊളിഞ്ഞ് തകർന്ന നിലയിലാണ്. മദ്യം, ലഹരി വസ്തു ങ്ങൾ എന്നിവയുടെ ഉപയോഗവും, കൈമാറ്റവുമാണ് ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ നടക്കുന്നതെന്നാണ് പറയുന്നത്. അവിടേക്ക് ഇത്തരക്കാർ അല്ലാതെ മറ്റാരും എത്താതിരിക്കാനാണ് മുകളിൽ പാമ്പുകൾ ഉണ്ടെന്ന ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനെതിരേ നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.