ജോണ്സണ് വേങ്ങത്തടം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമാകുമ്പോള്‍ രഹസ്യ സര്‍വേയുമായി രംഗത്തിറങ്ങിയ എഐസിസി രണ്ടാം ഘട്ടത്തിലേക്കു കടന്നു. വിജയസാധ്യത മാത്രം മുന്നില്‍ കണ്ടു സ്ഥാനാര്‍ഥികളുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കാനുള്ള ഒരുക്കത്തിലാണ്. യോഗ്യതയുടെയും പൊതു സ്വീകാര്യതയുടെയും അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിത്വം തീരുമാനിക്കുക.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കു ശേഷം രണ്ടാംഘട്ടത്തിലേക്കു കടക്കും. ഗ്രൂപ്പ് പരിഗണന മാറ്റി നിര്‍ത്തി വിജയസാധ്യതമാത്രം മാനദണ്ഡമാക്കി മുന്നോട്ടുപോകാനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഓരോ മണ്ഡലത്തില്‍ നിന്നും മൂന്നു പേരുടെ പേരുകളാണ് തയാറാക്കുന്നത്.
കൂടുതല്‍ യുവാക്കള്‍ക്കു സീറ്റ് നല്‍കാനുള്ള തീരുമാനവുമുണ്ട്. അതാത് മണ്ഡലത്തിലെ ജനങ്ങളില്‍നിന്നും പാര്‍ട്ടി നേതാക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള പതിവ് സര്‍വേയല്ല ഇത്തവണയെന്നതാണ് ഒരു പ്രത്യേകത. വിജയസാധ്യതയും സീറ്റ് ആഗ്രഹിക്കുന്ന നേതാക്കളുടെ പേരുകളും കൈവശം വെച്ചാണ് എഐസിസിയുടെ സര്‍വേ.
എഐസിസിയുടെ പക്കലുള്ള പേരുകള്‍ വെളിപ്പെടുത്തിയ ശേഷം ആളുകളില്‍നിന്നും കൂട്ടായ്മകളില്‍ നിന്നുമെല്ലാം അഭിപ്രായം ആരായുന്ന രീതിയെയാണ് ആശ്രയിക്കുന്നത്.ഇങ്ങനെ ഏറ്റവും അധികം പേരുടെ പിന്തുണ ലഭിക്കുന്നവരെയാണ് സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യതാ പട്ടികയില്‍ ചേര്‍ക്കുക. എഐസിസി സര്‍വേ നടത്തുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്.
അതിനാല്‍ തന്നെ ജാഗ്രതയിലാണ് നേതാക്കള്‍. സഹപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൃത്യസമയത്ത് നല്‍കാനും മറന്നിട്ടില്ല.നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാരെയെല്ലാം വീണ്ടും മത്സരിപ്പിക്കാന്‍ കേരള നേതാക്കളില്‍ ധാരണ.
ഇക്കാര്യം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. ഇതുകേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള ധാരണയാണ്. സിറ്റിംഗ് എംഎല്‍എമാരുടെ മണ്ഡലത്തിലും സര്‍വേ നടക്കുന്നുണ്ട്. സിറ്റിംഗ് എംഎല്എമാരാണെങ്കിലും പൊതുജനവിരോധം ഉയര്‍ന്നവരാണെങ്കില്‍ മാറ്റി നിര്‍ത്താനുള്ള നീക്കവും നടക്കും. ഇരിക്കൂരില്‍ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ മുതിര്‍ന്ന നേതാവ് കെ.സി. ജോസഫ് മറ്റൊരു സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെടുക്കും.
സിറ്റിംഗ് എംഎല്‍എമാരെ മാറ്റിയാല്‍ തെറ്റായ സന്ദേശം പോകുമെന്ന വിലയിരുത്തലാണ് നേതാക്കള്ക്കിടയിലുണ്ടായത്. സിറ്റിംഗ് എംഎല്‍എമാരെ മാറ്റി മറ്റൊരാളെ പരീക്ഷിക്കുമ്പോള്‍ ചിലയിടങ്ങളിലെങ്കിലും തിരിച്ചടിയുണ്ടെകുമെന്നും നേതാക്കള്‍ ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ നേതാക്കള്‍ ധാരണയിലെത്തിയത്.
അടുത്തനാളില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഉണ്ടായിരിക്കുന്ന ഐക്യം ഹൈക്കമാന്‍ഡിനും മതിപ്പുളവാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.
ഉമ്മന്‍ചാണ്ടി ഏതു പദവിയിലേക്കു വരുന്നതിലും സന്തോഷമേയുള്ളൂ എന്ന ചെന്നിത്തലയുടെ പ്രതികരണം കോണ്‍ഗ്രസ് യോജിച്ചു നില്‍ക്കുമെന്ന സൂചന നല്‍കുന്നതാണ്. മൊത്തം സ്ഥാനാര്‍ഥിപ്പട്ടിക കണക്കിലെടുക്കുമ്പോള്‍ ഗ്രൂപ്പ് അനുപാതം പാലിക്കുന്നതിനു വിരോധമില്ല.
എന്നാല്‍ ഈ സീറ്റ് ഈ ഗ്രൂപ്പിന് എന്ന വാശി അനുവദിക്കില്ല. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കു പോയ പഞ്ചായത്തുകളില്‍ കമ്മിറ്റികള്‍ ഉടച്ചു വാര്‍ക്കും. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര വിജയകരമാണെന്ന വിലയിരുത്തലാണ് എഐസിസിക്കുള്ളത്.