കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ സംഭവം പശ്ചാത്തലമാക്കി ഒരുക്കിയ “മരട് 357′ എന്ന സിനിമയുടെ റിലീസ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞു.
കണ്ണന് താമരക്കുളം സംവിധാനം ചെയ്ത സിനിമയുടെ ട്രെയ്ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി ഉത്തരവിട്ടു. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.
സിനിമ ഫെബ്രുവരി 19ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിര്‍മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
എന്നാൽ സിനിമയിൽ ഫ്ലാറ്റ് നിർമാതാക്കളെ അപകീർത്തിപ്പെടുത്തുന്ന ഒരു രംഗം പോലും ചിത്രത്തിലില്ലെന്ന് സംവിധായകൻ പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മരട് ഫ്ളാറ്റ് പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് 357 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട യഥാര്‍ത്ഥ സംഭവമാണ് മരട് 357പറയുന്നത്. ‘പട്ടാഭിരാമൻ’ എന്ന സിനിമയ്ക്ക് ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അനൂപ് മേനോന്, ധര്മ്മജന് ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന് ഷെരീഫ്, മനോജ് കെ ജയന്, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്, കൈലാഷ്, ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്.
ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കുന്നത്. എബ്രഹാം മാത്യു, സുദര്ശനന് കാഞ്ഞിരക്കുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്ശനന് കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.