മിസ് ലിയോ
ശോഭരാജ് പോലീസ് പിടിയിലായതുമായി ബന്ധപ്പെട്ടു കാന്റലിന്റെ കുടുംബം വിവാഹ ബന്ധത്തെ എതിർത്തുവെങ്കിലും കാന്റൽ ശോഭരാജിനെ വിട്ടു പിരിയാൻ തയാറായിരുന്നില്ല.
അയാളുടെ ശിക്ഷ പൂർത്തിയാകുന്നതുവരെ അവർ കാത്തിരുന്നു. ഒടുവിൽ ശോഭരാജ് ജയിൽ മോചിതനായതോടെ അവർ വിവാഹിതരായി.
ഒരു പുതിയ ജീവിതത്തിലേക്കുള്ള കാൽവയ്പ്പുകൂടിയായിരുന്നു ശോഭരാജിനു കാന്റലിനൊപ്പമുള്ള ദാന്പത്യം.
എന്നാൽ, എന്തുകൊണ്ടോ പ്രതീക്ഷകൾക്കു വിപരീതമായി ശോഭരാജിന്റെ തോണി നീങ്ങി. എത്രതന്നെ പരിശ്രമിച്ചിട്ടും നന്മയുടെ പാതയിലൂടെ നീങ്ങാൻ ശോഭരാജിനായില്ല.
അയാൾ വീണ്ടും തെറ്റിൽനിന്നു തെറ്റിലേക്കുള്ള യാത്രതുടങ്ങി. ഒടുവിൽ പോലീസ് കേസും അറസ്റ്റും ഭയന്നു ഗർഭിണിയായ കാന്റലിനെയും കൂട്ടി ശോഭരാജ് ഏഷ്യയിലേക്കു യാത്ര തിരിച്ചു.
യാത്രയിലുടനീളം കണ്ടവരുമായി ശോഭരാജും കാന്റലും സൗഹൃദം സ്ഥാപിച്ചു. വഴിച്ചെലവിനും മറ്റുമുള്ള പണം അവരിൽനിന്നു മോഷ്ടിച്ചു.
ഏതാനും മാസങ്ങൾ നീണ്ട യാത്രയ്ക്കൊടുവിൽ ഇരുവരും മുംബൈയിലെത്തി. ഇവിടെയെത്തിയ കാന്റൽ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. അവൾക്ക് ഉഷ എന്നു പേരുമിട്ടു.
മോഷണവും ചൂതാട്ടവും
ഇന്ത്യയിലെത്തിയ ശേഷവും ശോഭരാജ് മോഷണം തുടർന്നു. പ്രധാനമായും വാഹനങ്ങളായിരുന്നു ലക്ഷ്യം. മോഷണത്തിലൂടെ വളരെ പെട്ടെന്നു പണമുണ്ടാ ക്കിയ ശോഭരാജ് പതിയെ ചൂതാട്ടത്തിലേക്കും കടന്നു.
തുടക്കത്തിൽ തമാശയായിത്തുടങ്ങിയ ചൂതാട്ടം മെല്ലെ മെല്ലെ അയാളെ കീഴ്പ്പെടുത്തി. 1973ൽ മുബൈയിലെ ഒരു സ്വർണക്കടയിലെ മോഷണ ശ്രമത്തിനിടെ ശോഭരാജ് പിടിക്കപ്പെട്ടു.
ജയിൽവാസം അനുഭവിച്ചു വരികയായിരുന്ന ശോഭരാജ് ഭാര്യയുടെ സഹായത്തോടെ ഇല്ലാത്ത അസുഖത്തിന്റെ പേരിൽ പുറത്തിറങ്ങിയെങ്കിലും അധികം വൈകാതെ വീണ്ടും അഴിക്കുള്ളിലായി.
ഒടുവിൽ കോടതിയിൽ കെട്ടിവയ്ക്കാനുള്ള പണം ശോഭരാജ് അച്ഛന്റെ പക്കൽനിന്നു വാങ്ങി. പണമടച്ചു ജാമ്യത്തിലിറങ്ങിയ ശോഭരാജ് കാന്റലിനൊപ്പം കാബൂളിലേക്കു കടന്നു.
സകുടുംബം കവർച്ച
തുടക്കത്തിൽ ശോഭരാജിനെ മോഷണത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്ന കാന്റൽ പതിയെ അയാൾക്കൊപ്പം കൂടി.
ശോഭരാജിന്റെ മോഷണങ്ങളിൽ കാന്റലും സജീവ പങ്കാളിയായി. കാബൂളിൽ ഇരുവരും ഒരുമിച്ചായിരുന്നു മോഷണം.
അവിടെയെത്തുന്ന വിദേശ സഞ്ചാരികളായിരുന്നു ശോഭരാജിന്റെ ഇരകൾ. കാബൂളിൽ പലേടങ്ങളിലും സഞ്ചരിച്ച് അവർ മോഷണവൃത്തിയിലേർപ്പെട്ടു.
പിടിക്കപ്പെടാതിരുന്നതോടെ ഇരുവർക്കും ആത്മവിശ്വാസം വർധിച്ചു. ഇതവരെ കൂടുതൽ മോഷണങ്ങൾക്കു പ്രേരിപ്പിച്ചു. എന്നാൽ, എല്ലായിപ്പോഴും കാറ്റ് ഇവർക്ക് അനുകൂലമായി വീശിയില്ല.
ഒരിക്കൽ മോഷണശ്രമത്തിനിടെ ശോഭരാജിനു പിടിവീണു. കാബൂളിലെ ജയിലഴിക്കുള്ളിലായി ശോഭരാജിന്റെ പിന്നെയുള്ള ദിവസങ്ങൾ.
വീണ്ടും അഭിനയം
ഇന്ത്യയിലെ ജയിലിൽനിന്നു ചാടാൻ പ്രയോഗിച്ച മാർഗംതന്നെ ശോഭരാജ് കാബൂളിലും പ്രയോഗിച്ചു. അവശതയഭിനയിച്ചു ജയിലിൽനിന്നു പുറത്തെത്തി.
ആശുപത്രിയിലിരിക്കെ കാവൽ നിന്ന ഉദ്യോഗസ്ഥനെ മയക്കി പോലീസിന്റെ പിടിയിൽനിന്നു ചാടി. പിന്നെ അധികം വൈകാതെ നാടുവിടാനും തീരുമാനിച്ചു.
ഇത്തവണ ശോഭരാജ് ഒറ്റയ്ക്കാണ് ഇറാനിലേക്കു കടന്നത്. ശോഭരാജ് ഇറാനിലേക്കു പോയതിനു ശേഷവും കാന്റൽ കാബൂളിൽത്തന്നെ തുടർന്നു.
ഇതിനിടെ, തനിക്ക് ഒരു മാറ്റം അനിവാര്യമാണെന്ന തോന്നൽ കാന്റലിന്റെയുള്ളിലുണ്ടായിരുന്നു. അധികം വൈകാതെ കാന്റൽ നാട്ടിലേക്കു പോകാൻ തീരുമാനിച്ചു.
മോഷണവും കള്ളി എന്ന ലേബലും ഇല്ലാത്ത ജീവിതമാണ് കാൻറൽ ആഗ്രഹിച്ചത്. അങ്ങനെ ശോഭരാജിനോടുള്ള പ്രണയം മുഴുവൻ ഉള്ളിലൊതുക്കി കാന്റൽ സ്വന്തം നാടായ ഫ്രാൻസിലേക്കു യാത്രതിരിച്ചു.
തുടരും)
ദാമോദർജിയുടെ ചാൾസ് ശോഭരാജ്! കൊടും ക്രൂരതകളുടെ പര്യായമാണ് ചാൾസ് ശോഭരാജ് എന്ന പേര്; ശോഭരാജിന്റെ അറിയാത്ത കഥകൾ