കല്യാണപ്പെണ്ണ് ലോറിയിൽ എത്തി എന്നു കേട്ടാൽ നമ്മൾ പലരും വിചാരിക്കും ഒരു വെറൈറ്റിക്കു വേണ്ടിയായിരിക്കുമെന്ന്.
കല്യാണത്തിനു മുന്‍പും ശേഷവും കാളവണ്ടിയിലും കുതിരവണ്ടിയിലും മണ്ണുമാന്തിയിലും ആനപ്പുറത്തുമൊക്കെ കയറി വാർത്ത സൃഷ്ടിക്കുന്ന വധൂവരന്മാരെ നമ്മൾ കണ്ടിട്ടുണ്ടല്ലോ.
എന്നാൽ, ഇവിടെ ഒരു വധു ലോറിയിൽ കയറി കല്യാണ വേദിയിലേക്ക് എത്തേണ്ടി വന്നതു വെറൈറ്റി കാണിച്ചതല്ല, മറ്റു വഴിയില്ലാഞ്ഞിട്ടാണ്.
കല്യാണ വേഷത്തിന്റെ കാര്യത്തിൽ ഒരു വെറൈറ്റിക്കു ശ്രമിച്ചപ്പോഴാണ് പോകാൻ 53 അടി നീളമുള്ള ലോറി വിളിക്കേണ്ടിവന്നത്.
കല്യാണപ്പെണ്ണിന് വേണ്ടി ഒരുക്കിയ ഗൗണിന്റെ നീളം ഇത്തിരി കൂടുതൽ ആയിരുന്നതിനാലാണ് ഒടുവിൽ ലോറി പിടിക്കേണ്ടി വന്നത്.
ഇത്തിരി കഷ്ടപ്പെട്ടാലും
സെന്റ് ലൂയിസ് മിസോറിയിൽനിന്നുള്ള ടാറ്റിയാന എന്ന 25കാരിയാണ് ജിപ്സി വിവാഹ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും തിളക്കമുള്ളതുമായ ഗൗണ്‍ അണിഞ്ഞു വിവാഹത്തിനെത്തിയത്.
ടിഎൽസി ഷോയിൽ യുഎസിലെ ജിപ്സി വെഡിംഗുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ ഈ ഗൗണ്‍ അണിഞ്ഞ് എങ്ങനെ അൾത്താരയിലെ വരന്റെ അടുക്കൽ എത്തുമെന്നു ടാറ്റിയാന ആശങ്കപ്പെട്ടിരുന്നു.
വസ്ത്രം തയാറാക്കിയ സാന്ദ്രയും കല്യാണപ്പെണ്ണ് എങ്ങനെ വിവാഹവേദിയിലേക്കു പോകുമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലായിരുന്നു.
അവസാനം എല്ലാവരും കൂടി തന്നെ ഒാടിക്കുമോയെന്ന ആശങ്കയും സാന്ദ്രയ്ക്ക് ഉണ്ടായിരുന്നു. അവസാനം പ്രത്യേകം തയാറാക്കിയ ട്രക്കിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.
അതിനു ലോറിയിൽ പ്ലാറ്റ്ഫോം കച്ചിപോലുള്ള വസ്തുകൊണ്ട് നിറച്ചു. തുടർന്ന് അതിനു മുകളിൽ പടുത വിരിച്ചു നിരപ്പാക്കി.
അത്ര എളുപ്പമല്ല
ലോഹ വളയങ്ങളും പ്രത്യേക പാവാടയിൽ തട്ടുകളായി പിടിപ്പിച്ച ചോളിയുമൊക്കെ നിറഞ്ഞതായിരുന്നു ഗൗൺ.
അഞ്ഞൂറ് അടിയുള്ള ഇൻഡസ്ട്രിയൽ ട്യൂബിനോളം നീളമുള്ള ഗൗണ്‍ നിർമിക്കാൻ 200 യാർഡ് ഓർഗാൻസ സിൽക്കാണ് വേണ്ടിവന്നത്.
കാഴ്ചയ്ക്കു ഗംഭീരമായിരുന്നെങ്കിലും സംഭവത്തിനു നല്ല ഭാരവുമുണ്ടായിരുന്നു.
ഗൗണിനൊപ്പം ആഭരണങ്ങൾ പതിപ്പിച്ച ഹൈഹീൽ ചെരിപ്പാണ് ടാറ്റിയാന ധരിച്ചത്. അതും ധരിച്ചു കപ് കേക്ക് ബോൾ പോലുള്ള ഗൗണിലെ നടപ്പ് അത്ര എളുപ്പമായിരുന്നില്ലെന്നും ടാറ്റിയാന പറഞ്ഞു.
ഗൗൺ താങ്ങിപ്പിടിക്കാൻ പെൺകുട്ടികളുടെ ഒരു സംഘവും ഇവൾക്കൊപ്പം നീങ്ങിക്കൊണ്ടിരുന്നു.
സാന്ദ്ര ശരത്കാല തീമിന് അനുസൃതമായി വെളുത്ത റിബണും മത്തങ്ങകളുംകൊണ്ട് അലങ്കരിച്ച് 53 അടി ട്രക്കിനെ മനോഹരമാക്കിയിരുന്നു.
കഥകളിക്കാരുടെ വേഷം പോലെ ഗൗൺ പടർന്നു നിന്നിരുന്നതിനാൽ ലോറിയിലേക്കു കാൽ ഉയർത്തി കയറാൻ ഇത്തിരി കഷ്ടപ്പെട്ടു. പിന്നെ ഏതാനും ചേർന്ന് എടുത്താണ് ലോറിയിലേക്കു കയറ്റിയത്.
മോട്ടോർ ബൈക്കുകളുടെ ഒരു സംഘവും ട്രക്കിന് അകന്പടി സേവിച്ചു. വഴിയിലൊക്കെ ഗംഭീരവരവേൽപ്പാണ് വധുവിനു ലഭിച്ചത്.
പക്ഷേ, ഈ സമയത്തൊക്കെ വരൻ സുകി ആകാംക്ഷയോടെ തന്റെ വധുവിനെ കാത്തിരിക്കുകയായിരുന്നു.
കുർദിഷ് പാരന്പര്യ മനുസരിച്ചു സുക്കിക്ക് തന്റെ വധുവിനെ ബലിപീഠത്തിൽ എത്തുന്നതു വരെ തിരിഞ്ഞുനോക്കാൻ അനുവാദമുണ്ടായിരുന്നില്ല.
അപ്പോൾ പിന്നെ സുകിയുടെ ആകാംക്ഷയെക്കുറിച്ചു പറയേണ്ടതില്ലല്ലോ. പിതാവ് നിക്കോയുടെ അകന്പടിയോടെ, ടാറ്റിയാന വരന്റെ അടുക്കലേക്ക് എത്തി.
അവളെ കണ്ടപ്പോൾ ഒരു മാലാഖ വരുന്നതുപോലെയാണ് തോന്നിയതെന്നു സുകി പിന്നീടു പ്രതികരിച്ചു.