കുമളി: വൻമലകളെ തൊട്ടുരുമി മേഘങ്ങൾ ഒഴുകി നടക്കുന്നയിടം, മനോഹരമാണ് മേഘമല. ഇനി അത് കടുവകളുടെ ഒൗദ്യോഗിക വാസകേന്ദ്രവുമാണ്.
രാജ്യത്തെ 51-ാമത് കടുവാ സങ്കേതമായി മേഘമലയെ പ്രഖ്യാപിച്ചു.പെരിയാർ കടുവാ സങ്കേതത്തോടു ചേർന്നുകിടക്കുന്ന തേനി ജില്ലയിലെ മേഘമല തമിഴ്നാടിന്റെ ഹൈറേഞ്ച് എന്നാണ് അറിയപ്പെടുന്നത്.
കേരളവുമായി അതിർത്തി പങ്കിടുന്ന 1016 ചതുരശ്ര കിലോമീറ്ററാണ് പുതിയ കടുവാസങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്നത്. പെരിയാർ സങ്കേതം ഉൾപ്പെടുന്ന കാടിന്റെ തുടർച്ചയാണ് ഈ ഭാഗങ്ങൾ.
പുതിയ സങ്കേതത്തിനായി മേഘമല വന്യജീവി സങ്കേതവും ശ്രീവില്ലിപുത്തൂർ ചാന്പൽ മലയണ്ണാൻ സങ്കേതവും യോജിപ്പിച്ചു.
641.86 ചതുരശ്ര കിലോമീറ്ററാണ് പുതിയ സങ്കേതത്തിന്റെ കോർ ഏരിയ. 374.70 ചതുരശ്രകിലോമീറ്റർ ബഫർ സോണാണ്.
പത്തുവർഷത്തിനുള്ളിൽ കടുവകളുടെ പ്രജനനം കൂടിയാൽ അടുത്തുള്ള തിരുനെൽവേലി വന്യജീവി സങ്കേതവും ഇതിനൊപ്പം ചേർക്കും.
അങ്ങനെയായൽ കളക്കാട് മുണ്ടംതുറൈ വന്യജീവി സങ്കേതവുമായി മേഘമല ബന്ധിപ്പിക്കപ്പെടും.
ഇതോടെ പെരിയാർ മുതൽ കളക്കാട് മുണ്ടംതുറൈ സങ്കേതംവരെയുള്ള വനപ്രദേശം കടുവ സങ്കേതമായി മാറും.
പത്തുവർഷത്തിലേറെയായി മേഘമല കടുവാ സങ്കേതമാക്കി മാറ്റണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടുവരികയായിരുന്നു.
ഇത് പരിഗണിച്ച കേന്ദ്ര വനം മന്ത്രാലയത്തിന്റെ നിർദേശത്തെതുടർന്ന് 2017 മാർച്ചു മുതൽ 2018 ഓഗസ്റ്റുവരെ ഇവിടെ നടന്ന പഠനത്തിൽ 14 കടുവകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇതിൽ മൂന്നെണ്ണം ആണ്കടുവകളും ബാക്കി പെണ് കടുവകളുമാണ്. പെരിയാറിൽനിന്നും പിരിഞ്ഞ് പുതിയ കടുവാ അതിരുകൾ കണ്ടെത്തിയ കടുവകളാണ് ഇവയെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.
കുമളിയിൽനിന്നും ഗൂഡല്ലൂർ- കന്പം – പാളയം – ചിന്നമന്നൂരിലെത്തി അവിടെനിന്നും തിരിഞ്ഞ് മേഘമലയിലേക്കുള്ള യാത്ര തുടങ്ങാം.
ഇരുപതോളം ഹെയർ പിൻവളവുകൾ താണ്ടിവേണം മേഘമലയിലെത്താൻ. കുമളിയിൽനിന്നും 65 കിലോമീറ്റർ ദൂരമുണ്ട്.