പത്തനംതിട്ട: പതിനാലുവയസുള്ള സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും.
തമിഴ്നാട് കന്യാകുമാരി ജില്ലാക്കാരനായ രാജനെ (39)യാണ് തടവും 35000 രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അഡീഷണൽ ഒന്നാം നന്പർ സെഷൻസ് ജഡ്ജി സാനു എസ്. പണിക്കരാണ് ഉത്തരവായത്. 2009ലാണ ്കേസിനാസ്പദമായ സംഭവം നടന്നത്.
വിദ്യാർഥിനിയും മാതാപിതാക്കളും താമസിച്ചിരുന്ന വീടിനു സമീപത്തെ ദേവാലയത്തിന്റെ നിർമാണ ജോലികൾക്കെത്തിയതായിരുന്നു പ്രതി.
കേസിലെ വിചാരണവേളയിൽ ഇര കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെങ്കിലും ഇരയെ പരിശോധിച്ച ഡോക്ടറോടു പറഞ്ഞ മൊഴിയും ഗർഭച്ഛിദ്രത്തിനായി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയും ഡിഎൻഎ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും നിരത്തി കുറ്റം തെളിയിക്കുന്നതിനു പ്രോസിക്യൂഷനു കഴിഞ്ഞു.
കോടതിയിൽ കളവായി മൊഴി പറഞ്ഞ ഇരയ്ക്കെതിരെ ക്രിമിനൽ നടപടി ക്രമപ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുകയും ചെയ്തു.
ഇര ക്രോസ് വിസ്താര സമയത്ത് കോടതിയിൽ കളവു പറഞ്ഞുവെന്ന് കണ്ടെത്തിയ കോടതി ഇരയുടെ പ്രായം പരിഗണിച്ചും രണ്ടുവയസുള്ള കുട്ടിയുള്ളതിനാലും നടപടി ഒഴിവാക്കുന്നതായി വിധി ന്യായത്തിൽ കോടതി പറഞ്ഞു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. കോന്നി സിഐ ആയിരുന്ന വിനോദ് എസ്. പിള്ള അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. മനോജ് കോടതിയിൽ ഹാജരായി.