പുതുച്ചേരി: തന്റെ പിതാവ് കൊല്ലപ്പെട്ടതിൽ അതിയായ വേദനയുണ്ടായിരുന്നുവെന്നും എന്നാൽ ആരോടും വിദ്വേഷമോ ദേഷ്യമോ തോന്നിയിട്ടില്ലെന്നും ക്ഷമിക്കാൻ പഠിച്ചുവെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.
ഭാരതീദാസൻ സർക്കാർ വിമൻസ് കോളജിലെ വിദ്യാർഥികളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുൽ.
നിങ്ങളുടെ പിതാവിനെ എൽടിടിഇക്കാർ കൊലപ്പെടുത്തിയതിൽ എന്തു തോന്നുന്നു എന്നായിരുന്നു ഒരു വിദ്യാർഥിയുടെ ചോദ്യം.
എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. തീർച്ചയായും, എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു.
ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ട വളരെ പ്രയാസമേറിയ ദിനങ്ങളായിരുന്നു അത്. എന്നാൽ, അവരോട് ക്ഷമിച്ചിരിക്കുന്നു.-രാഹുൽ പറഞ്ഞു.
പിന്നാലെ വൻ കരഘോഷം ഉയർന്നു. 1991 മേയ് 21ന് ചെന്നൈയ്ക്കു സമീപം ശ്രീപെരുന്പുതൂരിൽ തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ രാജീവ്ഗാന്ധിയെ ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു.