ലക്നോ: സ്വന്തം കുടുംബത്തിലെ ഏഴു പേരെ വെട്ടിക്കൊന്ന കേസിൽ യുപി സ്വദേശിനി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ഒരുക്കം തുടങ്ങി.
ഇന്ത്യയിൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായാണ് ഒരു വനിതയെ വധശിക്ഷയ്ക്കു വിധേയമാക്കുക.
2008 ഏപ്രിലിൽ ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഭവൻഖേദി ഗ്രാമത്തിലായിരുന്നു രാജ്യത്തെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്.
ഷബ്നവും കാമുകൻ സലിമും ചേർന്നു ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴു പേരെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
മാതാപിതാക്കൾ, രണ്ടു സഹോദരന്മാർ, സഹോദരന്റെ ഭാര്യ, സഹോദരി, മരുമകൻ എന്നിവരെയാണു കൊലപ്പെടുത്തിയത്.
കുടുംബാംഗങ്ങൾക്കു പാലിൽ മയക്കുമരുന്നു ചേർത്തു നല്കിയശേഷമായിരുന്നു കൊടുംക്രൂരത.
സലിമുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തതാണു കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യാൻ കാരണമായത്.
കേസിൽ അറസ്റ്റിലായ ഷബ്നത്തിനും സലീമിനും 2010 ജൂലൈയിൽ ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു.
ഒടുവിൽ രാഷ്ട്രപതിക്കു നല്കിയ ദയാഹർജിയും തള്ളി. ഇതോടെയാണു പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.
ഷബ്നം ബറേലി ജയിലിലും സലിം ആഗ്ര ജയിലിലുമാണ്. മഥുരയിൽവച്ചാകും ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണു റിപ്പോർട്ട്.
വനിതകളുടെ വധശിക്ഷ നടപ്പാക്കുന്ന ഏക ജയിൽ മഥുരയിലേതാണ്. 1870ൽ ബ്രിട്ടീഷ് ഭരണകാലത്ത് പണിത ഇവിടെ സ്വാതന്ത്ര്യത്തിനുശേഷം ആരെയും തൂക്കിലേറ്റിയിട്ടില്ല.
1947നുശേഷം ഇന്ത്യയിൽ വധശിക്ഷയ്ക്കു വിധേയയാകുന്ന ആദ്യ വനിത ഷബ്നമായിരിക്കുമെന്നാണു ജയിൽ അധികൃതർ പറയുന്നത്.
അറസ്റ്റിലാകുന്പോൾ ഷബ്നം ഏഴു മാസം ഗർഭിണിയായിരുന്നു. 2008 ഡിസംബറിൽ ഇവർ ആണ്കുഞ്ഞിനു ജന്മം നല്കി.
ഇംഗ്ലീഷിലും ജോഗ്രഫിയിലും ബിരുദാനന്തര ബിരുദമുള്ള ഷബ്നം ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ അധ്യാപികയായിരുന്നു. സലിം നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ചയാളാണ്.
ഇയാൾ ഷബ്നത്തിന്റെ വീടിനടുത്തുള്ള തടിമില്ലിൽ ജോലി ചെയ്യുകയായിരുന്നു.
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാകും ഷബ്നത്തെയും തൂക്കിലേറ്റുക.
ശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി പവൻ രണ്ടു തവണ മഥുര ജയിലിലെത്തി നടപടിക്രമങ്ങൾ പരിശോധിച്ചു.
ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.
ബിഹാറിലെ ബക്സറിൽനിന്നുള്ള തൂക്കുകയറും മഥുര ജയിലിൽ എത്തിച്ചിട്ടുണ്ട്.