നിലന്പൂർ: പൊതുമരാമത്ത് വകുപ്പിന്റെ പുരാതന റോഡ് റോളർ കോതംഗലത്തെ സ്വകാര്യ പുരാവസ്തു ശേഖരത്തിലേക്ക്.
കോതമംഗലത്തെ ജോസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഇവിഎം ഗ്രൂപ്പാണ് ഏഴര പതിറ്റാണ്ടു പഴക്കമുള്ള റോഡ് റോളർ സ്വന്തമാക്കിയത്.
ഇന്നലെ നടന്ന റോഡ് റോളറിന്റെ അഞ്ചാം ലേലത്തിൽ ഇവിഎം ഗ്രൂപ്പ് മാനേജർ ഷാന്റോ ടി.കുര്യൻ മൂന്നേകാൽ ലക്ഷത്തിനാണ് ലേലം ചെയ്തത്.
തുടർനടപടികൾ പൂർത്തീകരിച്ച ശേഷം ഇവിഎം ഗ്രൂപ്പിന്റെ മരിയ ഇന്റർനാഷണൽ ഹോട്ടലിന് സമീപത്തെ പുരാവസ്തു ശേഖരത്തിലേക്ക് റോഡ് റോളർ കൊണ്ടുപോകും.
വിലപിടിപ്പുള്ള നിരവധി പുരാവസ്തുക്കൾ ഇവിഎം ഗ്രൂപ്പിന്റെ ശേഖരത്തിലുണ്ട്.
ജപ്പാനിൽ നിന്ന് എത്തിച്ച തീവണ്ടി, അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന മാർക്കിന്റെ ലോറി, ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന ടാങ്ക്, പഴയ ട്രാക്ടർ, ഓട്ടോറിക്ഷ തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള നിരവധി പുരാവസ്തുക്കൾ ഇവിഎം ഗ്രൂപ്പിന് സ്വന്തമായുണ്ട്.
1946-ൽ ഇംഗ്ലണ്ടിൽ നിർമിച്ച റോഡ് റോളറിന് രണ്ടു ലക്ഷം രൂപയായിരുന്നു വിലയിട്ടിരുന്നത്.
കഴിഞ്ഞ നാലു തവണയും നിശ്ചിത വില ലഭിക്കാത്തതിനാൽ ലേലം റദ്ദാക്കുകയായിരുന്നു. ഇത്തവണ നിശ്ചിത വിലയേക്കാൾ ഒരുലക്ഷത്തിലേറെ രൂപയ്ക്ക് ലേലം പൂർത്തീകരിക്കുകയും ചെയ്തു.
ഒന്പതു പേരാണ് ഇത്തവണ ലേലത്തിനെത്തിയത്. ആദ്യതവണ 20-ഉം പിന്നീട് 12-ഉം 10-ഉം ഏഴും പേരാണ് ലേലത്തിന് പങ്കെടുത്തിരുന്നത്.
കഴിഞ്ഞ നാലു തവണയും ലേലത്തിനെത്തിയവർ ലേലത്തുക കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലക്ഷ്യമിട്ടതിനേക്കാൾ വലിയ തുകയ്ക്ക് ലേലം ചെയ്യാനായത് പൊതുമരാമത്ത് വകുപ്പിന് നേട്ടമായി.
1946-ൽ ഇംഗ്ലണ്ടിലെ ഗ്രാൻന്തമിൽ അവലങ് ബാർഫോഡ് കന്പനിയാണ് റോളറിന്റെ നിർമാതാക്കൾ. 1945-ൽ നൽകിയ ഓർഡർ പ്രകാരമാണ് ഇത് നിർമിച്ചത്.
1950 മുതൽ നിലന്പൂർ സെക്ഷനിലുള്ളതായി പറയപ്പെടുന്നു. ബ്രിട്ടീഷുകാർ നിർമിച്ച റോഡുൾപ്പെടെ മലബാർ മേഖലയിലെ ഒട്ടുമിക്ക റോഡുകളുടെയും നിർമാണ പ്രവൃത്തിയിൽ മുഖ്യപങ്കുവഹിച്ചതാണീ റോളർ.
അരനൂറ്റാണ്ട് വിശ്രമമില്ലാതെ ജോലി ചെയ്ത റോളർ 1997-ൽ ഉപയോഗരഹിതമായി.
അറ്റകുറ്റപ്പണിക്ക് ശ്രമിച്ചെങ്കിലും മേലധികാരികളിൽ നിന്ന് അനുകൂലമായ മറുപടി കിട്ടിയില്ല.
അതിനിടെ നിലന്പൂരിലെ പൊതുമരാമത്ത് കാര്യാലയത്തിന് മുന്നിൽ സ്മാരകമായി സംരക്ഷിക്കണമെന്ന അഭിപ്രായവും ഉയർന്നിരുന്നു.