ഇറാനിലേക്കു കടന്ന ശോഭരാജ് പിന്നീടുള്ള രണ്ടുവർഷം യൂറോപ്പിലും മിഡിൽ ഈസ്റ്റിലും കറങ്ങി നടന്നു. വിനോദ സഞ്ചാരിയായല്ല. മറിച്ചു മോഷ്ടാവായി തന്നെ .
പലപ്പോഴായി മോഷ്ടിച്ച പത്തു പാസ്പോർട്ടുകളുമായിട്ടായിരുന്നു ശോഭരാജിന്റെ യാത്രകളെല്ലാം.
അനുജൻ അനുയായി
ഇസ്താംബൂളിൽ വച്ചു ശോഭരാജ് അയാളുടെ ഇളയ സഹോദരൻ ആൻഡ്രിയെ കണ്ടുമുട്ടി. ഇരുവരുടെയും ഉള്ളിലെ ക്രിമിനൽ സ്വഭാവം അവരെ വളരെ വേഗത്തിൽ അടുപ്പിച്ചു.
പിന്നീടുള്ള മോഷണങ്ങളിലെല്ലാം ആൻഡ്രിയും ശോഭരാജിനൊപ്പം കൂടി. ടർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളായിരുന്നു ഇവർ പ്രധാനമായും മോഷണത്തിനായി തെരഞ്ഞെടുത്തത്. അധികം വൈകാതെ ഇരുവരും ഏഥൻസിൽ പോലീസ് പിടിയിലായി.
അവിടെയും ജയിൽച്ചാട്ടത്തിലും ആൾമാറാട്ടത്തിലുമുള്ള തന്റെ സാമർഥ്യം ശോഭരാജ് കാഴ്ചവച്ചു. പോലീസിന്റെ പിടിയിൽനിന്നു ശോഭരാജ് സമർഥമായി രക്ഷപ്പെട്ടെങ്കിലും അനുജൻ കുടുങ്ങി.
ഗ്രീസ് പോലീസ് ഇയാളെ ടർക്കിഷ് പോലീസിനു കൈമാറി. അങ്ങനെ ജ്യേഷ്ഠൻ നിസാരമായി ഊരിപ്പോയപ്പോൾ അനുജനു ലഭിച്ചത് 18 വർഷത്തെ കഠിനതടവ്.
എത്രയെത്ര വേഷങ്ങൾ
ആൾമാറാട്ടത്തിൽ സമർഥനായിരുന്ന ശോഭരാജിനെ ഒരിക്കൽ കാണുന്ന വേഷത്തിൽ പിന്നീടു കാണാൻ കഴിഞ്ഞെന്നു വരില്ലായിരുന്നു. ഒരിടത്ത് അയാൾ ഡ്രഗ് ഡീലർ ആണെങ്കിൽ മറ്റൊരിടത്തു വൈരവ്യാപാരിയോ സുഗന്ധ വ്യാപാരിയോ ആയിരിക്കാം.
ഇത്തരത്തിൽ വേഷം മാറിയാണ് ശോഭരാജ് ഓരോ സ്ഥലങ്ങളിലുമെത്തുന്ന വിദേശികളെ വശത്താക്കിയത്. ഇരകൾ തന്റെ വലയിൽ വീണെന്നു തോന്നിയാൽ അടുത്ത പടി അവരുടെ പക്കൽനിന്നു കിട്ടാവുന്നിടത്തോളം അടിച്ചുമാറ്റിയ ശേഷം സ്ഥലം വിടുകയാണ്.
സുമുഖനായ ശോഭരാജ് നല്ല പെരുമാറ്റത്തിലൂടെ വളരെപ്പെട്ടെന്ന് ആളുകളുമായി അടുപ്പം സ്ഥാപിച്ചു.
കാനഡ സുന്ദരി
ഇങ്ങനെ തട്ടിപ്പും മോഷണവുമൊക്കെയായി കറങ്ങി നടക്കുന്നതിനിടെ തായ്ലൻഡിൽ വച്ചാണ് ശോഭരാജ് അവളെ ആദ്യമായി കാണുന്നത്. മാരി ആൻഡ്രി എന്ന സുന്ദരിയായ കാനഡ സ്വദേശിയെ.
സാഹസിക വിനോദസഞ്ചാര പ്രിയയായിരുന്നു അവർ. ശോഭരാജിനെ കണ്ടപ്പോൾത്തന്നെ മാരി അയാളുടെ സൗന്ദര്യത്തിലും സംസാരത്തിലുമെല്ലാം ആകൃഷ്ടയായി.
മാത്രമല്ല നിരവധി രാജ്യങ്ങളിൽ ചുറ്റിയടിച്ച ശോഭരാജിന് അവളെ എളുപ്പത്തിൽ വലയിൽ വീഴ്ത്താനായി. സൗഹൃദമായി ആരംഭിച്ച ആ ബന്ധം പതുക്കെ വളർന്നു.
ശോഭരാജ് അന്നോളം ചെയ്ത തെറ്റുകളും ക്രൂരതകളും അയാളോടുള്ള പ്രണയത്താൽ അവൾ മറന്നു. ഒപ്പം നിൽക്കുന്നവരുടെ വിശ്വാസ്യത നേടിക്കൊണ്ട് ശോഭരാജ് തന്റെ അനുയായികളുടെ എണ്ണം കൂട്ടി.
ഒരു പാസ്പോർട്ട് കഥ
ശോഭരാജിന്റെ സഹായം തേടിയിട്ടുള്ളവരിൽ ചില പോലീസുകാരും ഉൾപ്പെടുന്നു എന്നതാണ് വിചിത്രം. നഷ്ടപ്പെട്ടുപോയ പാസ്പോർട്ട് എങ്ങനെയെങ്കിലും തിരികെ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർഥനയുമായാണ് രണ്ട് ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥർ ശോഭരാജിനെ സമീപിച്ചത്.
വസങ്ങൾക്കുള്ളിൽത്തന്നെ ശോഭരാജ് പാസ്പോർട്ട് കണ്ടുപിടിച്ചു പോലീസുകാർക്കു തിരികെ നൽകി. എങ്ങനെയാണ് സാധിച്ചതെന്നതാണ് രസകരം.
ഈ രണ്ട് പാസ്പോർട്ടുകളും ശോഭരാജ് മുൻപ് ഇവരിൽനിന്നു തന്നെ മോഷ്ടിച്ചതായിരുന്നു. ഇത് അവർക്ക് അറിയില്ലായിരുന്നു. മോഷ്ടിക്കുക മാത്രമല്ല ഈ രണ്ട് പാസ്പോർട്ടും ഉപയോഗിച്ചു ശോഭരാജ് കുറെ കറങ്ങുകയും ചെയ്തിരുന്നു.
ഇത് അയാളുടെ ഒരു തന്ത്രമായിരുന്നു. പലപ്പോഴും ശോഭരാജ് തന്നെ തന്റെ ഇരകളെ പ്രതികൂല സാഹചര്യങ്ങളിൽ കൊണ്ടെത്തിക്കും. ശേഷം അവിടെ അവരുടെ രക്ഷകനായി അവതരിച്ചു സഹായിച്ചു ഇഷ്ടം നേടും.
– മിസ് ലിയോ
(തുടരും)