കൊട്ടാരക്കര: എൽഡിഎഫിന്റെ തുടർ ഭരണമെന്നത് ദിവാസ്വപ്നം മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പെട്രോൾ ഡീസൽ വില അടിക്കടി കേന്ദ്ര സർക്കാർ വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ അതിന്റെ വിഹിതം പറ്റുകയാണ് ചെയ്യുന്നത്. കേരളത്തിലെ ജനങ്ങളെ വിലയ്ക്കെടുക്കാൻ മോദിക്കും പിണറായി വിജയനും കഴിയില്ല എന്ന് ബോധ്യപെടുത്തുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈസ്കൂളിന് സമീപത്ത് നിന്ന് ആയിരകണക്കിന് യുഡിഫ് പ്രവർത്തകർ രമേശ് ചെന്നിത്തലയെ സ്വീകരിച്ചു തുറന്ന വാഹനത്തിൽ ചന്തമുക്ക് മുനിസിപ്പൽ ഗ്രൗണ്ടിൽ സജ്ജീകരിച്ച വേദിയിൽ എത്തിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, എൻ.കെ പ്രേമ ചന്ദ്രൻ എംപി, രാജ് മോഹൻ ഉണ്ണിത്താൻ, എംപി, പി. സി വിഷ്ണു നാഥ്, എഴുകോൺ നാരായണൻ, സവിൻ സത്യൻ, ശൂരനാട് രാജ ശേഖരൻ, പഴകുളം മധു, സി. പി ജോൺ, കുളക്കട രാജു, പി ഹരികുമാർ, ബ്രിജേഷ് എബ്രഹാം, ആർ. രശ്മി എന്നിവർ പ്രസംഗിച്ചു.