ചവറ തെക്കുംഭാഗം: കരുനാഗപ്പള്ളി സബ്ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ പതിനേഴോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവ് കാപ്പ പ്രകാരം പിടിയിൽ.
ചവറ തേവലക്കര പടിഞ്ഞാറ്റക്കര ആലപ്പുറത്ത് തെക്കതിൽ (ജാരിസ് മൻസിൽ )ജാരീസ് എന്ന് വിളിക്കുന്ന ഹാരിസിനെ (35 ) യാണ് കാപ്പ ചുമത്തി ജയിലിലടച്ചത് .
അസമയങ്ങളിൽ വഴിയാത്രക്കാരെ തടഞ്ഞു നിർത്തി ആയുധം കാണിച്ച് ആക്രമിച്ച് കവർച്ച, മോഷണം, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, ആരാധനാലയം അടിച്ചുതകർക്കൽ, സ്ഫോടക വസ്തുക്കൾ എറിഞ്ഞു ആക്രമിക്കൽ തുടങ്ങിയ നിരവധി കുറ്റ കൃത്യങ്ങളിലാണ് ഇയാൾക്കെതിരെ കാപ്പാ ചുമത്തിയത്.
ജില്ലാ പോലീസ് മേധാവി റ്റി.നാരായണൻ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെക്കുംഭാഗം എസ് ഐ. സന്തോഷ്കുമാർ, എസ് ഐ മാരായ വിജയൻ, രണദേവൻ, സജിമോൻ, രാജേഷ്, റൗഫ്, വനിതാ സി പി ഓ മാരായ ശുഭ, ശാലു, സലീന, മഞ്ജു, സെപ്ഷൽ ബ്രാഞ്ച് എ എസ് ഐ സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.