പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ജീവനക്കാർ ശമ്പള പരിഷ്കരണം നടത്തണമെന്നാവശ്യപ്പെട്ട് 10 വോട്ട് ചലഞ്ച് സമരം നടത്തും.
യൂണിയനുകൾക്കുള്ള മാസവരി ചലഞ്ച് (മാസ വരി നിഷേധിക്കൽ) സമരം നടത്തി വരികയാണ്. ഇതിന്റെ രണ്ടാം ഘട്ടമായാണ് 10 വോട്ട് ചലഞ്ചും സർക്കാരിന്റെ വികസന ഫണ്ടിലേക്ക് സംഭാവന അയയ്ക്കലും മുഖ്യമന്ത്രിക്ക് പ്രതിഷേധ കാർഡ് അയയ്ക്കൽ സമരവും.
ട്രാൻസ് പോർട്ട് കോർപ്പറേഷനിൽ അവസാനമായി ശമ്പള പരിഷ്കരണം നടപ്പാക്കിയത് 2010-ലാണ്. സർക്കാർ ജീവനക്കാർക്കും ഇലക്ട്രിസിറ്റിബോർഡിലെ ജീവനക്കാർക്കും ഉൾപ്പെടെ ഇതിനകം രണ്ട് തവണ ശമ്പള പരിഷ്കരണം നടത്തി.
എന്നിട്ടും ട്രാസ്പോർട്ട് ജീവനക്കാരെ അവഗണിക്കുകയായിരുന്നു. യൂണിയനുകൾ ശമ്പള പരിഷ്കരണത്തിന് മുൻകൈ എടുക്കുന്നില്ലെന്ന് ആരോപിച്ചാന്ന് ജീവനക്കാർ യൂണിയനുകൾക്കുള്ള മാസവരി നിഷേധിക്കൽ സമരം ആരംഭിച്ചത്.
ശമ്പള പരിഷ്കരണം ഇപ്പോൾ നടപ്പാക്കേണ്ടന്നും ഒരു ഭരണപക്ഷ യൂണിയൻ നേതാവിന്റെ ചാനൽ ചർച്ചയിലെ അഭിപ്രായവും ശമ്പള പരിഷ്കരണം നടപ്പാക്കാൻ കഴിയില്ലെന്ന മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറിന്റെ പ്രഖ്യാപനവുമാണ് ജീവനക്കാരെ അമർഷത്തിലാക്കിയിരിക്കുന്നത്.
ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ഓരോ ജീവനക്കാരനും 10 വോട്ട് ചലഞ്ചിൽ പങ്കെടുക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഉൾപ്പെടെയുള്ളവർ 10 വോട്ട് ചലഞ്ചിൽ (വോട്ട് നിഷേധിക്കൽ) സമരത്തിൽ പങ്കെടുക്കും.
ഇടതു മുന്നണിക്ക് വോട്ട് ചെയ്യാതിരിക്കുകയോ, വൈരാഗ്യ ബുദ്ധിയോടെ മറ്റ് മുന്നണികൾക്ക് വോട്ട് ചെയ്യുകയോയാ ണ് 10 വോട്ട് ചലഞ്ച് സമരം. ഈ സമരം മൂലം ഒരു ലക്ഷത്തോളം കുടുംബങ്ങൾ ഇടതുമുന്നണിയുടെ വോട്ടുകൾ നഷ്ടപ്പെടുത്തുകയോ എതിർ മുന്നണികൾക്ക് വോട്ട് രേഖപ്പെടുത്തുകയോ ചെയ്യുമെന്ന് സംഘാടകർ അവകാശപ്പെട്ടു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാൻ ശേഷിയില്ലാത്തതിനാലാണ് ഇതിന് കഴിയാത്തതെന്ന് കുറ്റപ്പെടുത്തി, സംസ്ഥാന സർക്കാരിന്റെ വികസന ഫണ്ടിലേക്ക് ആറ്റിങ്ങൽ യൂണിറ്റിലെ ജീവനക്കാർ പത്ത് രൂപ വീതം മണി ഓർഡറായി അയച്ച് പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധിച്ച് മുഖ്യമന്ത്രിയ്ക്ക് പോസ്റ്റ് കാർഡിൽ സന്ദേശവുമയച്ചു.
ആറ്റിങ്ങൽ, പാലക്കാട്, മണ്ണാർക്കാട്, വടക്കഞ്ചേരി യൂണിറ്റുകളിലാണ് ഇന്നലെ മുഖ്യമന്ത്രിക്ക് കത്തെഴുത്തും 10 രൂപ മണിയോർഡർ അയയ്ക്കൽ സമരവും നടത്തിയത്.
യൂണിയനുകൾക്കെതിരെ ജീവനക്കാർ നടത്തുന്ന മാസവരി ചലഞ്ചിന്റെ തുടർച്ചയായി നടത്തുന്ന 10 വോട്ട് ചലഞ്ച് സമരം ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ 92 ഡിപ്പോകളിലേക്കും വ്യാപിക്കുകയാണ്.
കഴിഞ്ഞ ദിവസം കായംകുളം ഡിപ്പോയിൽ ജീവനക്കാർ നടത്തിയ പ്രതിഷേധസമരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. 10 വോട്ട് ചലഞ്ച് സമരം ഇടത് മുന്നണിക്ക് ഈ തെരഞ്ഞെടുപ്പിൽ സാരമായ പരിക്കേല്പിക്കാൻ പര്യായമാണ്.
അതിന് മുമ്പ് ശമ്പള പരിഷ്കരണ ഉത്തരവ് ഉണ്ടാകണമെന്നാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ആവശ്യം.