വൈപ്പിൻ: സ്കൂട്ടറും പണവും മോഷണം പോയെന്ന് മുനന്പം പോലീസിൽ വ്യാജപരാതി നൽകിയ അന്പത്തിയെട്ടുകാരനെതിരെ പോലീസ് കേസെടുത്തു.
ചെറായി പൂമാലിപ്പറന്പിൽ സോമൻ(58) ആണ് കള്ളപ്പരാതി നല്കി കുടുങ്ങിയത്.
ചെറായി ഗൗരീശ്വരം ഭാഗത്ത് വച്ചിരുന്ന തന്റെ സ്കൂട്ടർ മോഷണം പോയെന്നും അതിൽ ആശുപത്രി ആവശ്യത്തിനായി വച്ചിരുന്ന പണം ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ പരാതി നൽകിയിരുന്നത്.
തുടർന്ന് എസ്ഐ ജെഫി ജോർജിന്റെ നേതൃത്വത്തിൽ പോലീസ് ഗൗരീശ്വരത്തെത്തി സ്ഥലത്തെ സിസിടിവി കാമറിയിലെ ഫൂട്ടേജ് പരിശോധിച്ചു.
ഫൂട്ടേജിൽ രണ്ട് യുവാക്കൾ ചേർന്ന് സ്കൂട്ടറിന്റെ സീറ്റ് അഴിക്കുന്നതും പിന്നീട് സ്കൂട്ടർ തള്ളിക്കൊണ്ടു പോകുന്നതായും കണ്ടെത്തി.
ആൾ അടുത്തുള്ള സ്കൂട്ടർ വർക്ഷോപ്പിലെ ജീവനക്കാരനാണെന്നു തിരിച്ചറിഞ്ഞ പോലീസ് വർക്ക് ഷോപ്പിലെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
പരാതിക്കാരൻ സ്കൂട്ടറിന്റെ താക്കോൽ സീറ്റിനകത്തിട്ട് അടച്ചുപോയെന്നു പറഞ്ഞ് വർക്ക് ഷോപ്പിലെത്തുകയും സ്കൂട്ടർ ഇരിക്കുന്ന സ്ഥലം പറഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തി സീറ്റ് അഴിച്ച് നോക്കിയതാണെന്നും കസ്റ്റഡിയിലായ യുവാവ് പോലീസിനെ അറിയിച്ചു.
സീറ്റ് അഴിച്ചപ്പോൾ താക്കോൽ അകത്ത് കാണാതെ വന്നതിനെ തുടർന്ന് സ്കൂട്ടർ ഒരു സുഹൃത്തിന്റെ സഹായത്തോടെ തള്ളി വർക്ക് ഷോപ്പിലെത്തിച്ചതാണെന്നും യുവാവ് വ്യക്തമാക്കിയതോടെയാണ് പോലീസ് പരാതിക്കാരനെതിരെ കേസെടുത്തത്.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന പണം എങ്ങനയോ നഷ്ടപ്പെട്ടത്രേ. ഈ സാഹചര്യത്തിൽ വീട്ടുകാരെ വിശ്വസിപ്പിക്കാനാണ് ഒരു കള്ളക്കഥയുണ്ടാക്കി വ്യാജ പരാതി നൽകിയത്.
ആദ്യം കസ്റ്റഡിയിലെടുത്ത വർക്ക് ഷോപ്പ് ജീവനക്കാരനെ പോലീസ് വിട്ടയച്ചു.