തൃശൂർ: നടുവൊടിക്കുന്ന ഇന്ധനവില വർധനവിനെതിരെ ബസുടമകൾ ബസ് കെട്ടിവലിച്ച് പ്രതിഷേധ സമരം നടത്തി. ശക്തൻ സ്റ്റാൻഡിലാണ് ബസ് കെട്ടിവലിച്ച് സമരം നടത്തിയത്.
ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ,വൈസ് പ്രസിഡന്റ് കെ.എസ്. ഡൊമിനിക്, ട്രഷറർ ടി.കെ. നിർമലാനന്ദൻ, സി.എ. ജോയ് എന്നിവർ പങ്കെടുത്തു.
വിലവർധനവുമൂലം ഡീസലടിക്കുന്നതിനോ തൊഴിലാളികൾക്ക് ശന്പളം നല്‍കുന്നതിനോ വരുമാനം തികയാത്തതുമൂലം സ്വകാര്യബസുകൾ ജിഫോം നല്കി സർവീസ് നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് ഉടമകൾ പറഞ്ഞു.
ഡീസലിന്റെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ എക്സൈസ് നികുതിയിലും സംസ്ഥാന സർക്കാർ വില്പന നികുതിയിലും കുറവുവരുത്തുക, കേന്ദ്രസർക്കാരിന്റെ സ്ക്രാപ്പ് പോളിസിയിൽ 15 വർഷം എന്നത് 20 വർഷമായി ഉയർത്തുക, ലോക്ഡൗണ്‍ കാലഘട്ടത്തിൽ ജിഫോം നല്കിയ ബസുകൾക്ക് സിഎഫ് കാലാവധി ഒരുവർഷംകൂടി ലഭിക്കത്തക്കവിധം മാറ്റം വരുത്തുക എന്നീ അവശ്യങ്ങളും ഉടമകൾ ഉന്നയിച്ചു.