സ്വന്തം ലേഖകൻ
തൃശൂർ: ജോർജുകുട്ടി കലക്കീട്ടാ…..ലാലേട്ടൻ പൊളിച്ചു…ഒടിടി ആയാലും തിയറ്ററിലായാലും നമ്മടെ ലാലേട്ടൻ മാസാ…ലോകമെന്പാടുമുള്ള മോഹൻലാൽ ആരാധകർ ആവേശത്തിമർപ്പിലാണ്.
മഹാമാരിയും ലോക്ഡൗണുമൊക്കെ അതിജീവിച്ച് ദൃശ്യം 2 എത്തിയതിന്റെ ആഘോഷത്തിലാണ് ആരാധകർ.
തിയറ്ററിലില്ലെങ്കിലും ഓണ്‍ലൈനിൽ കണ്ട് ആരാധകർ കൈയടിക്കുന്നു. വാട്സാപ്പുകളിൽ സന്ദേശങ്ങൾ തലങ്ങും വിലങ്ങും പായുന്നു.
ഇന്നു പുലർച്ചെ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത മോഹൻലാൽ ജിത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ മികച്ച അഭിപ്രായം നേടി സൂപ്പർഹിറ്റാകുന്നു.
പുലർച്ചെ മുതൽ തന്നെ സ്ട്രീമിംഗ് തുടങ്ങിയപ്പോൾ ഇന്നേവരെ മോഹൻലാൽ ചിത്രത്തിന് കിട്ടിയിട്ടില്ലാത്ത ഇനീഷ്യൽ ക്രൗഡ് പുള്ളിംഗാണ് ദൃശ്യം 2വിന് ലഭിച്ചത്.
തിയറ്ററുകളിലായിരുന്നെങ്കിൽ ദൃശ്യം 2 മറ്റൊരു വിസ്മയമാകുമായിരുന്നുവെന്നാണ് ചിത്രം ആദ്യം കണ്ട പ്രേക്ഷകർ തറപ്പിച്ചു പറയുന്നത്.
എന്നാൽ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെ കുടുംബപ്രേക്ഷകരടക്കം നിരവധി പേരാണ് ഇന്നു പുലർച്ചെ മുതൽ ചിത്രം കണ്ടുകൊണ്ടിരിക്കുന്നത്. മലയാള സിനിമ മേഖലയിലുള്ളവരെല്ലാം ദൃശ്യം 2 ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ സസ്പെൻസ് പുറത്തുവിടാതിരിക്കാൻ ഓണ്‍ലൈൻ വീഡിയോ റിവ്യൂകളെല്ലാം ഏതാനും മണിക്കൂർ ഓട്ടോമാറ്റിക് മ്യൂട്ട് ആക്കിയിട്ടുണ്ട്. വ്യാജ പതിപ്പിറങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും ദൃശ്യം 2 ആമസോണ്‍ പ്രൈം വഴി കാണുന്നതിന് തടസമായിട്ടില്ല.
ആദ്യഭാഗത്തേക്കാൾ മികച്ചതാണ് ദൃശ്യം 2 എന്ന അഭിപ്രായവും വരുന്നുണ്ട്. മോഹൻലാൽ – മീന ടീം ഒരിക്കൽ കൂടി ലക്കി ജോഡിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇതിലൂടെ.
പോലീസിന്റെ കേസ് ഡയറിയിൽ തിരോധാനം എന്ന് കുറിക്കപ്പെട്ട വരുണിനെ തേടിയുള്ള പോലീസ് അന്വേഷണം തന്നെയാണ് ദൃശ്യം 2വിനെയും മുന്നോട്ടുകൊണ്ടുപോകുന്നത്.
അന്വേഷണവുമായി എത്തുന്ന മുരളി ഗോപിയുടെ പോലീസ് ഓഫീസർ ചിത്രത്തിലെ പ്രധാനവും ശക്തവുമായി കഥാപാത്രാമാകുന്നുണ്ട്.
ഒന്നാംഭാഗത്തിൽ വേദനയും നൊന്പരവുമായി അവശേഷിക്കുന്ന ആശാ ശരത്തും സിദ്ദിഖും രണ്ടാം ഭാഗത്തിലും തങ്ങളുടെ വേഷം ഉജ്വലമാക്കി.
ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവർക്ക് പോലും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ജിത്തു ജോസഫ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ തുടക്കം മുതൽ പിടിച്ചിരുത്തുന്ന ട്രീറ്റ്മെന്റാണ് ചിത്രത്തിന്റേത്.
കുടുംബബന്ധങ്ങളിലും മനുഷ്യന്റെ ഭയമെന്ന വികാരത്തിലുമെല്ലാം സ്പർശിച്ചുകൊണ്ടാണ് ചിത്രം മുന്നോട്ടു പോകുന്നത്.
അതേസമയം സിനിമാറ്റിക് ആയ നിരവധി സന്ദർഭങ്ങൾ രണ്ടാംഭാഗത്തിലുണ്ട്. 153 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
ഒന്നാംഭാഗത്തിൽ മിന്നിത്തിളങ്ങിയ കലാഭവൻ ഷാജോണിന്റെ സഹദേവൻ എന്ന പോലീസുകാരൻ രണ്ടാം ഭാഗത്തിലുണ്ടോ എന്നത് സസ്പൻസാക്കി കാത്തുസൂക്ഷിച്ച അണിയറ പ്രവർത്തകർ പ്രേക്ഷകരുടെ ആകാംക്ഷ നിലനിർത്തി.
വളരെ പതിഞ്ഞ താളത്തിൽ തുടങ്ങി പതിയെപ്പതിയെ ആകാംക്ഷയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യം 2 സിനിമാപ്രേമികൾ നെഞ്ചേറ്റിക്കഴിഞ്ഞു.
ബാഹുബലി ദി കണ്‍ക്ലൂഷനു ശേഷം ലോകമെന്പാടുമുള്ള സിനിമാപ്രേമികൾ ഇതുപോലെ കാത്തിരുന്ന ഒരു രണ്ടാം ഭാഗം വേറെയുണ്ടായിട്ടില്ല.
അത്രയും പ്രതീക്ഷയോടെയാണ് ഏവരും കാത്തിരുന്നത്. ആ പ്രതീക്ഷകൾ പാഴായില്ലെന്ന് നിസ്സംശയം പറയാം.