സ്വന്തംലേഖകൻ
തൃശൂർ: എംജി റോഡിൽ കോട്ടപ്പുറത്ത് 25 മീറ്റർ വീതിയിൽ മേൽപാലം പുതുക്കിപ്പണിയാൻ നാലു വർഷം മുന്പ് റെയിൽവേ അനുമതി നൽകിയിരുന്നു.
പാലം പണിയാനുള്ള തുക തൃശൂരിലെ ഒരു വ്യവസായി നൽകാമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും പാലവുമില്ല, എംജി റോഡ് വികസനവുമില്ല.
നാട്ടുകാരെ പറ്റിക്കാൻ വീണ്ടും എംജി റോഡ് വികസന ചർച്ചകൾ തുടങ്ങിയിരിക്കയാണ്.
2017ലാണു കോട്ടപ്പുറത്തു മേൽപ്പാലം പുതുക്കി പണിയുന്നതിനുള്ള അനുമതി പത്രം റെയിൽവേ അന്നത്തെ കോർപറേഷൻ മേയർക്കു കൈമാറിയത്.
മേൽപ്പാലം പണിയുന്നതിനുള്ള തുക കോർപറേഷൻ കെട്ടിവയ്ക്കണം. 18 കോടി രൂപയാണ് അന്നു പാലം പണിയാനുള്ള ചെലവായി കണക്കാക്കിയിരുന്നത്.
നാലുവരിപ്പാതയുടെ വീതിയിലാണു പാലം പണിയാൻ അനുമതി നൽകിയത്. 25 മീറ്റർ വീതിയും 30 മീറ്റർ വീതിയുമായിരുന്നു. നില വിൽ പാലത്തിനു 13 മീറ്ററാണുള്ളത്.
പാലം പണിയാനുള്ള തുക വ്യവസായി സി.കെ. മേനോൻ നൽകാമെന്നു കോർപറേഷൻ മേയറോട് സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ വാഗ്ദാനം ലഭിച്ചിട്ടും കോർപറേഷൻ അനങ്ങിയില്ല.
ഇതോടെ എംജി റോഡ് വികസനത്തിനു പണവും അനുമതിയും ലഭിച്ചിട്ടും അതിനൊന്നും ശ്രമിക്കാതെ ഇപ്പോഴും എംജി റോഡ് വികസനമെന്ന പേരിൽ ചർച്ചകൾ നടത്തുന്നുവെന്നു മാത്രം.
അനുമതി ലഭിച്ചെങ്കിലും റോഡിന്റെ വീതി കൂട്ടലാണു വെല്ലുവിളിയായി മാറിയത്. ഇതിനായി നടപടികൾ ആരംഭിച്ചെങ്കിലും അതൊക്കെ തുടങ്ങിയിടത്തുതന്നെ നിന്നു.
അയ്യന്തോൾ കളക്ടറേറ്റിൽ നിന്നാരംഭിച്ച നാലുവരിപ്പാത ഇനിയും പടിഞ്ഞാറേ കോട്ട കടക്കാനായിട്ടില്ല. ഇച്ഛാശക്തിയില്ലാത്ത ഭരണാധികാരികളുടെ നിലപാടാണു റോഡിന്റെ വീതി കൂട്ടൽ വൈകാൻ കാരണം.
നാറ്റ്പാക്കിനെ കൊണ്ടുവന്ന് പഠനം നടത്തി നഗരത്തിൽ ട്രാഫിക് പരിഷ്കാരം നടപ്പാക്കുമെന്ന് ഇത്തവണത്തെ ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള പരിഷ്കാരങ്ങൾപോലും നടപ്പാക്കാൻ കഴിയുന്നില്ലെന്നാണ് ആരോപണം.
അനുമതിയും ലഭിച്ചു, പണവും നൽകാമെന്ന് പറഞ്ഞിട്ടും പിന്നെന്തുകൊണ്ട് കോർപറേഷൻ അനങ്ങിയില്ലെന്ന ചോദ്യത്തിന് ഭരണാധികാരികൾക്കു മറുപടിയില്ല.
റോഡിന്റെ വീതി കൂട്ടിയില്ലെങ്കിലും പണവും അനുമതിയും ലഭിച്ച മേൽപ്പാലത്തിന്റെ നിർമാണമെങ്കിലും നടത്താൻ സാധിച്ചിരുന്നെങ്കിൽ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കുന്നതിന്റെ തുടക്കം കുറിക്കാനെങ്കിലും കഴിഞ്ഞേനേയെന്നാണു വിമർശനം ഉയരുന്നത്.