ചെറതോണി: ഇരുകൈകളും പൂർണമായും ഇല്ലാതെ ജനിച്ച ജിലുമോൾ മരിയറ്റ് തോമസ് സാന്ത്വന സ്പർശം പരിപാടിയിലെത്തിയത് തൊഴിലന്വേഷകയായാണ്.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലിചെയ്തിരുന്ന ജിലുവിന് കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി.
ജീവിത പ്രതിസന്ധിക്കൊരു പരിഹാരം തേടിയാണ് ഇന്നലെ യുവതി സാന്ത്വന സ്പർശം പരിപാടിയിൽ എത്തിയത്.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്നും ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക്സ്് ഉയർന്ന നിലയിൽ പാസായി.
ശാരീരിക പരിമിതികൾ നിരവധിയാണെങ്കിലും ജീവിതത്തെ ധൈര്യപൂർവം നേരിടുകയാണ് ജിലുമോൾ. ഇരുകൈകളും ഇല്ലാത്ത ജിലു കാലുകൾകൊണ്ട് എല്ലാക്കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യും.
സ്വന്തമായി കാറോടിക്കാനും കന്പ്യൂട്ടർ ജോലികൾ എല്ലാം ചെയ്യാനും നിഷ്പ്രയാസം സാധിക്കും.
കരിമണ്ണൂർ ഏഴുമുട്ടം നെല്ലാനിക്കാട്ട് തോമസിന്റെ മകളാണ് ജിലു. തോമസ് ഏറെനാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്.
ജിലുവിന്റെ മാതാവ് ചെറുപ്പത്തിലേ മരണമടഞ്ഞു. വാടകവീട്ടിൽ കഴിയുന്ന ജിലുവിന് ജോലി നഷ്ടപ്പെട്ടതോടെ ജീവിതം ഇരുളടഞ്ഞതായി മാറി.
അദാലത്തിൽ ജിലു മരിയറ്റിന്റെ ആവശ്യം ശ്രദ്ധാപൂർവം കേട്ട വൈദ്യുത മന്ത്രി എം.എം. മണി ജോലി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറാൻ നിർദേശിച്ചാണ് മടക്കിയയച്ചത്.