കൊച്ചി: ഗുഡ്സ് ട്രെയിൻ അപകടത്തിൽപ്പെടുന്നതു സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ ട്രാഫിക് വിഭാഗം ജീവനക്കാരൻ എം. മഹേഷിനു റെയിൽവേയുടെ ആദരം.
വല്ലാർപാടത്തു നിന്നു കണ്ടെയ്നറുകളുമായി പോയ ഗുഡ്സ് ട്രെയിനാണു മഹേഷിന്റെ ഇടപെടലിലൂടെ അപകടത്തിനിന്നു രക്ഷപ്പെട്ടത്.
കഴിഞ്ഞ എട്ടിനു വല്ലാർപാടത്തുനിന്ന് 80 കണ്ടെയ്നറുകളുമായി ബംഗളൂരുവിലേക്കു പുറപ്പെട്ട ഗുഡ്സ് ട്രെയിനിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്നു മഹേഷ് നടത്തിയ പരിശോധനയിൽ 25 ാം വാഗണിലെ ചക്രങ്ങൾക്കു തകരാർ കണ്ടെത്തിയിരുന്നു.
ട്രെയിനിന്റെ പകുതി ഭാഗം വേന്പനാട് കായലിന്റെ കുറുകേയുള്ള പാലത്തിലേക്കു കയറിയതിനാൽ മഹേഷ് പിന്നോട്ട് ഓടി ഗാർഡിനെ ചുവപ്പുകൊടി കാണിച്ചതോടെ ഗാർഡ് എമർജൻസി ബ്രേക്ക് ചെയ്തു ട്രെയിൻ നിർത്തുകയായിരുന്നു.
ട്രെയിൻ മുന്നോട്ടുപോയിരുന്നെങ്കിൽ പാലത്തിനു മുകളിൽ പാളം തെറ്റി അപകടമുണ്ടാകുമായിരുന്നെന്നു റെയിൽവേ സുരക്ഷാ അധികൃതർ പറഞ്ഞു. മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി തകരാർ പരിഹരിച്ച ശേഷമാണു ട്രെയിൻ യാത്ര തുടർന്നത്.
തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ആർ. മുകുന്ദ് പ്രശംസാപത്രവും കാഷ് അവാർഡും നൽകി എം. മഹേഷിനെ ആദരിച്ചു.