ചെറായി: പെരിയാറിന്റെയും വേന്പനാട്ട് കായലിന്റെയും സംഗമ സ്ഥാനമായ വൈപ്പിൻ ദീപിന്റെ കിഴക്ക് വശത്തെ കായൽ ദിനംതോറും എക്കലും ചെളിയും നിറഞ്ഞ് നികന്നുകൊണ്ടിരിക്കുന്നതിൽ മത്സ്യമേഖലയ്ക്കും ടൂറിസം മേഖലക്കും കടുത്ത ആശങ്ക.
വേലിയിറക്ക സമയത്ത് കൊല്ലം-കോട്ടപ്പുറം ജലപാത കടന്നുപോകുന്ന ചാൽ ഒഴികെ പലയിടത്തും കായലിന്റെ അടിത്തട്ട് ഉയർന്നു കാണാം.
കായലിനു വീതികുറഞ്ഞ ചെറായി പാലത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. ആഴക്കുറവുമൂലം മത്സ്യങ്ങൾ കടലിൽ നിന്നും കായലിലേക്ക് എത്തുന്നില്ല.
ഇതാകട്ടെ ആയിരക്കണക്കിനു മത്സ്യതൊഴിലാളികളുടെ ജീവിതമാർഗത്തിനാണ് ഭീഷണിയാകുന്നത്. മാത്രമല്ല കായലിന്റെ ശോഷണം ടൂറിസത്തിനും തരിച്ചടിയാകും.
കായൽ പലയിടത്തും നികന്ന് കിടക്കുന്നതിനാൽ കൊച്ചി വേന്പനാട്ട് കായലിൽനിന്ന് വടക്ക് ഉൾനാടൻ ജലാശയത്തിലേക്ക് കടക്കുന്ന ടൂറിസ്റ്റ് ബോട്ടുകളും മറ്റും ചാലുകൾ നോക്കി സഞ്ചരിച്ചില്ലെങ്കിൽ അപകടത്തിൽ പെടും.
നീരൊഴുക്ക് അതിഭീകരമായി ശോഷിച്ചുവരുന്നതാണ് സ്ഥിതി വഷളാകാൻ കാരണം.
വേന്പനാട് റെയിൽപാലത്തിന്റെയും ഗോശ്രീ പാലങ്ങളുടെയും ഉദയമാണ് നീരൊഴുക്ക് കുറയാൻ ഇടയാക്കിയ കാരണങ്ങളിൽ പ്രധാനമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഈ ഭീമൻ പാലങ്ങളുടെ തൂണുകൾ നീരൊഴുക്ക് തടസപ്പെടുത്തുന്നു.
അതുപോലെ ബോൾഗാട്ടിക്ക് പടിഞ്ഞാറ് കായൽ നികത്തിയതും വിനയായി. കായൽ ശോഷിച്ചതോടെ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞു.
ഇതോടെ മഴക്കാലത്ത് പെരിയാറിൽ നിന്നെത്തിച്ചേരുന്ന എക്കലും മണ്ണും പൂർണമായും കടലിലേക്ക് ഒഴുകിപ്പോകാനവാതെ കായലേക്ക് എത്താൻ തുടങ്ങി.
ഇപ്പോഴിതാ 15 ഏക്കറോളം കായൽ വളച്ചു കെട്ടുന്ന വില്ലിംഗ്ടണ് ഐലന്റിലെ കൊച്ചിൻ ഷിപ്യാർഡിന്റെ പുതിയ പദ്ധതി കായലിനു മറ്റൊരു ഭീഷണികൂടി ഉയർത്തിയിരിക്കുകയാണെന്ന് മത്സ്യതൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ കാലാകാലങ്ങളിൽ എക്കലും മണ്ണും നീക്കം ചെയ്ത് കായലിന്റെ ആഴം വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കിയേ മതിയാകൂ.
ഇതിനായി സർക്കാർ വ്യക്തമായ പഠനവും സർവ്വേയും നടത്തി പരിഹാരത്തിനായി ഒരു പദ്ധതി രൂപീകരിക്കണമെന്നാണ് മത്സ്യമേഖലയുടെയും ടൂറിസം മേഖലയുടെയും ആവശ്യം.
ബന്ധപ്പെട്ട പഞ്ചായത്തുകൾ ഇതിനു മുൻകൈഎടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.