കോഴിക്കോട്: താത്കാലിക നിയമന വിവാദത്തെ തുടര്‍ന്ന് റിസോഴ്സ് അധ്യാപകരുടെ സ്ഥിര നിയമനം അനിശ്ചിതത്വത്തില്‍.
21 വര്‍ഷമായി ഡയറ്റിന്റെ കീഴിലും ആര്‍എംഎസ്എ, എസ്എസ്കെ പ്രൊജക്ടുകളിലും ആയി ഭിന്നശേഷി കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച റിസോഴ്സ് അധ്യാപകരാണ് ഇപ്പോള്‍ വീണ്ടും പ്രതിസന്ധിയിലായത്.
പിഎസ്സി ലിസ്റ്റ് നിലവില്‍ ഇല്ലാത്ത, പത്തുവര്‍ഷം കഴിഞ്ഞ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്.
2016ല്‍ ഹൈക്കോടതി ഇത് സംബന്ധിച്ച് സര്‍ക്കാറിന് നിര്‍ദേശവും നല്‍കിയിരുന്നു.
പത്തു വര്‍ഷത്തില്‍ അധികം സര്‍വീസ് ഉള്ള റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്താനും മൂന്നുമാസത്തിനകം സ്കീം തയാറാക്കാനും ജനറല്‍ അധ്യാപകര്‍ക്ക് നല്കുന്ന സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കാനുമായിരുന്നു ഉത്തരവിട്ടത്. എന്നാല്‍ സാമ്പത്തിക ബാധ്യതയുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ അപ്പീല്‍ നല്കി.
ഇപ്പോള്‍ മാനുഷിക പരിഗണന വച്ചു പത്തുവര്‍ഷത്തിലധികം സര്‍വീസുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ റിസോഴ്സ് അധ്യാപകരെ കൂടി ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശ നല്‍കിയിരുന്നു.
21 വര്‍ഷം കഴിഞ്ഞവർ, 50 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങി യവർ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിപാര്‍ശ എത്തിക്കുന്നതിലുള്ള കാലതാമസം അധ്യാപകരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു.
കൂടാതെ നിയമന വിവാദവുമായി ബന്ധപ്പെട്ടുള്ള സമരവും റിസോഴ്സ് അധ്യാപകരുടെ സ്ഥിരനിയമനത്തിന് തടസമായി.
സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളും, രക്ഷിതാക്കളും സാംസ്കാരിക നായകരും നിരന്തരം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിവാദങ്ങള്‍ കാരണം അര്‍ഹതയുള്ള ഈ അധ്യാപകരും തഴയപ്പെടുകയായിരുന്നു.
സർക്കാരിൽനിന്ന് അനുകൂലമായ ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ റിസോഴ്സ് അധ്യാപകർ.