പ്രത്യേക ലേഖകൻ
ന്യൂഡൽഹി: രേഖകളുണ്ടായിട്ടും വിമാനത്തിൽ കയറാൻ 10,000 രൂപ ആവശ്യപ്പെട്ട് എയർ ഇന്ത്യ ജീവനക്കാർ തടഞ്ഞുവച്ച് അപമാനിച്ചുവെന്ന് ഇന്ത്യയുടെ ഒളിംപിക്സ് പിസ്റ്റൾ ഷൂട്ടർ മനു ഭാകർ.
കേന്ദ്രമന്ത്രിമാരെ ടാഗ് ചെയ്ത് മനു ട്വിറ്ററിൽ നൽകിയ സന്ദേശത്തെ തുടർന്നു കായികമന്ത്രി കിരണ്‍ റിജുജു ഇടപെട്ടാണ് മനുവിന്റെ ഭോപ്പാൽ യാത്ര സാധ്യമാക്കിയത്.
പരിശീലനത്തിനുള്ള തോക്കുകളുമായി ഡൽഹിൽ നിന്നു ഭോപ്പാലിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് 19-കാരിയായ വനിതാ താരത്തെ ഉദ്യോഗസ്ഥർ അപമാനിച്ചത്.
ടോക്കിയോ ഒളിന്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണു മനു ഭാകർ.
കായിക പരിശീലനത്തിനുള്ള രേഖകളും ഡിജിസിഎ പെർമിറ്റും കാണിച്ചിട്ടും 10,200 രൂപ നൽകിയാലേ വിമാനത്തിൽ കയറാൻ അനുമതി നൽകൂവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നു മനു പറയുന്നു.
മനോജ് ഗുപ്തയെന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ ക്രിമിനലിനെ പോലെയാണു തന്നോടു പെരുമാറിയതെന്നും അവർ പരാതിപ്പെട്ടു.
അനാവശ്യമായി തന്നെ അപമാനിച്ച രണ്ട് എയർ ഇന്ത്യ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മനു ഭാകർ ആവശ്യപ്പെട്ടു. ഇവരുടെ ഫോട്ടോകളും മനു ട്വിറ്ററിൽ പങ്കുവച്ചു.
എപ്പോഴും കായിക താരങ്ങളെ അപമാനിക്കരുതെന്നും പണം ആവശ്യപ്പെടരുതെന്നും മനു ഭാകർ പറഞ്ഞു.
എന്നാൽ രേഖകൾ ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്ന് എയർ ഇന്ത്യ അവകാശപ്പെട്ടു. തങ്ങളുടെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ പിന്നീട് എയർ ഇന്ത്യ ക്ഷമ ചോദിച്ചു.
താങ്കൾ ഇന്ത്യയുടെ അഭിമാനമാണ് എന്ന് കിരണ്‍ റിജുജു ട്വിറ്ററിൽ മനു ഭാകറിന് മറുപടി നൽകി.
യാത്രയ്ക്കു സഹായിച്ചതിന് കായികമന്ത്രിക്ക് മനുവും നന്ദി അറിയിച്ചു. വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയെയും ട്വിറ്ററിൽ മനു ടാഗ് ചെയ്തിരുന്നു.
2018ലെ കോമണ്‍വെൽത്ത് ഗെയിംസിൽ പതിനാറാം വയസിൽ ഹരിയാനക്കാരിയായ മനു സ്വർണമെഡൽ നേടിയിരുന്നു.
ഐഎസ്എസ്എഫ് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ്.