കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ നാലുവയസുകാരൻ അദ്വൈതിന്റെ മരണത്തിന് കാരണമായത് ഐസ്ക്രീമിൽ കലർത്തിയ വിഷം.
കുട്ടിയുടെ അമ്മ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായി വിഷം കലർത്തിയ ഐസ്ക്രീം അബദ്ധത്തിൽ കുട്ടിയും എടുത്തു കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ വർഷ(28)യുടെ മൊഴി കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തി. ഇവർക്കെതിരെ 304-ാം വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
കാസർഗോഡ് കുന്പള സ്വദേശിയായ മഹേഷിന്റെയും അജാനൂർ സ്വദേശിനി വർഷയുടെയും മകൻ അദ്വൈതിനെ കടുത്ത ഛർദിയെ തുടർന്നാണ് കഴിഞ്ഞ 12 ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അൽപ്പസമയത്തിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു.
തലേദിവസം ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമായതെന്നായിരുന്നു ആദ്യ നിഗമനം.
കുട്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ വർഷയും സഹോദരി ദൃശ്യ(19)യും അവശനിലയിൽ ആശുപത്രിയിലാകുകയും ചെയ്തിരുന്നു.
മഹേഷിന്റെ വീട്ടുകാരുമായുണ്ടായ ചില പ്രശ്നങ്ങൾ മൂലം വർഷ രണ്ടു മക്കളോടൊപ്പം ഏതാനും നാളുകളായി അജാനൂർ കടപ്പുറത്തെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.
അടുത്തിടെ മഹേഷ് കുന്പളയിൽ തന്നെ മറ്റൊരു വീട് വാടകയ്ക്കെടുത്ത് വർഷയേയും കൂട്ടി അങ്ങോട്ടു മാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്വന്തം വീട്ടിൽ നിന്ന് മാറാൻ വർഷയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.
മഹേഷ് സൂക്ഷിക്കാനേൽപിച്ചിരുന്ന എഴുപതിനായിരത്തോളം രൂപ വർഷയുടെ കൈയിൽ നിന്ന് മറ്റു വഴികളിൽ ചെലവായിപ്പോയിരുന്നു.
പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ ചെലവുകളുമായി ബന്ധപ്പെട്ട് ഈ പണം മഹേഷ് തിരിച്ചുചോദിച്ചതിന്റെ മാനസികസമ്മർദം കൂടിയായതോടെയാണ് വർഷ ആത്മഹത്യയ്ക്കൊരുങ്ങിയതെന്നാണ് സൂചന.
സംഭവം നടന്ന ഫെബ്രുവരി 11 ന് രണ്ടു ഹോട്ടലുകളിൽ നിന്നായി പാർസലായി കൊണ്ടുവന്ന ബിരിയാണിയും പൊറോട്ടയുമാണ് ഉച്ചയ്ക്കും രാത്രിയിലും വീട്ടിലെല്ലാവരും കഴിച്ചത്.
ഇതോടൊപ്പമാണ് ഐസ്ക്രീമും വാങ്ങിച്ചിരുന്നത്. മറ്റുള്ളവർ കഴിച്ചതിനു ശേഷം ബാക്കിവന്ന ഐസ്ക്രീമിൽ വർഷ വിഷം ചേർത്ത് കഴിക്കുകയായിരുന്നു.
എന്നാൽ കുറച്ചുഭാഗം കഴിച്ചതോടെ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് വർഷ കിടക്കുകയും മേശപ്പുറത്ത് അവശേഷിച്ചിരുന്ന ഐസ്ക്രീം ദൃശ്യയും അദ്വൈതും എടുത്ത് കഴിക്കുകയുമായിരുന്നുവെന്ന് പറയുന്നു.
രാത്രി തന്നെ അദ്വൈതിന് ഛർദി അനുഭവപ്പെട്ടെങ്കിലും വിഷം കഴിച്ച കാര്യം അറിയാതിരുന്നതിനാൽ വർഷയും വീട്ടുകാരും കാര്യമാക്കിയില്ല. അടുത്ത ദിവസം രാവിലെ കൂടുതൽ അവശനിലയിലായതോടെയാണ് ആശുപത്രിയിലെത്തിച്ചത്.
താൻ കൊണ്ടുവന്ന ബിരിയാണിയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് കുട്ടി മരിച്ചതെന്ന് കരുതിയാണ് അദ്വൈതിന്റെ മരണത്തിന് തൊട്ടുപിന്നാലെ ദൃശ്യ കൈഞരന്പുകൾ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിഷം അകത്തുചെന്നിട്ടുള്ളതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തൊട്ടുപിന്നാലെ വർഷയേയും അവശനിലയിൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യംചെയ്യലിലാണ് താൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി വർഷ വെളിപ്പെടുത്തിയത്.
ഇവരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം കണ്ണൂർ ജില്ലാ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പരിയാരം മെഡിക്കൽ കോളജിൽ കഴിയുന്ന ദൃശ്യയുടെ മൊഴിയും രേഖപ്പെടുത്തി.
ചേച്ചിയുടെ മേശപ്പുറത്ത് ബാക്കിയുണ്ടായിരുന്ന ഐസ്ക്രീം താനും കുട്ടിയും കഴിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
വിഷം കലർത്തിയ കാര്യം അറിയാതെയാണ് ദൃശ്യ ഐസ്ക്രീം എടുത്തുകഴിക്കുകയും അദ്വൈതിന് നൽകുകയും ചെയ്തതെന്ന് ഇതിൽ നിന്ന് വ്യക്തമായി.
അദ്വൈതിന്റെ ഇളയ സഹോദരൻ ഒന്നര വയസുകാരൻ നിഷാനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഈ കുട്ടി ദൃശ്യയ്ക്കൊപ്പം ഐസ്ക്രീം കഴിക്കാതിരുന്നതിനാൽ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം വർഷയുടെ അറസ്റ്റ് രേഖപ്പെടുത്തും.