സ്വന്തം ലേഖകൻ
തൃശൂർ: പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനയെക്കുറിച്ച് പ്രതികരിക്കണോ…ഞാൻ പ്രതികരിച്ചാൽ നാളെ വില കുറയ്വോ…കുറയുംച്ചാ പ്രതികരിക്കാം……
തൃശൂർ നഗരത്തിലെ പെട്രോൾ പന്പുകളിലൊന്നിൽ യാത്രക്കാർ ഇന്ധന വിലവർധനവിനെക്കുറിച്ച് എന്തു പറയുന്നു എന്നറിയാൻ കാത്തുനിന്നു ചോദിച്ചപ്പോൾ ഒരു ഇരുചക്രവാഹന ഉടമ പ്രതികരിച്ചതാണിത്.
പെട്രോളടിച്ച് അയാൾ പോയപ്പോൾ പന്പുടമ പറഞ്ഞു – ആൾക്കാര് മുഴുവൻ മെക്കട്ടു കയറണതു ഞങ്ങളോടാ…
അവർക്ക് പെട്രോളിയം കന്പനികളെയോ കേന്ദ്രമന്ത്രിമാരേയോ കാണാൻ കിട്ടണില്ലല്ലോ…പെട്രോളും ഡീസലും അടിച്ചുകൊടുക്കുന്നത് ഞങ്ങളല്ലേ…ഇത് ഇപ്പോ സ്ഥിരം സംഭവായിട്ടുണ്ട്.
ചിലര് നല്ല ചീത്ത പറയും. മറുപടി പറയാൻ പോയാൽ ആകെ അലന്പാകും. അവര് അവരടെ വിഷമാ പറയണ്…അതോണ്ട് സ്റ്റാഫിനോട് ഒന്നും മറുപടി പറയാണ്ടാന്നാ പറഞ്ഞിരിക്കണേ….
അസംതൃപ്തും അസന്തുഷ്ടരുമാണ് ആൾക്കൂട്ടം.
പലരേയും പ്രാകിയാണ് പെട്രോളടിക്കാൻ പന്പിൽ പോകുന്നത്.
അടിക്കുന്നതിന്റെ അളവ് കുറഞ്ഞു
വിലവർധന പതിവായതോടെ വണ്ടികളിൽ ഇന്ധനം നിറയ്ക്കുന്നതിന്റെ അളവ് കുത്തനെ കുറഞ്ഞിട്ടുണ്ടെന്നു പന്പുടമകൾ. കാറിൽ നൂറു രൂപയ്ക്കു ഡീസലടിക്കുന്നവരെ വരെ ഇപ്പോൾ കാണുന്നുണ്ട്.
കോവിഡ് കാലത്ത് അപ്പാടെ തകർന്നുപോയ ബിസിനസ് പതിയെ നല്ല രീതിയിലേക്കു കടക്കുന്പോഴാണ് വിലവർധന തിരിച്ചടിയാകുന്നതെന്നു പന്പുടമകൾ പറയുന്നു.
സാധാരണ നൂറു രൂപയ്ക്കു പെട്രോളടിക്കുന്ന ഇരുചക്രവാഹനക്കാർ അന്പതു രൂപയ്ക്കും എണ്പതു രൂപയ്ക്കുമൊക്കെയായി പെട്രോളടിക്കൽ ചുരുക്കിയിട്ടുണ്ടത്രെ.
ആരോടു പറയാനെന്നു ജനങ്ങൾ
നിങ്ങളു തന്നെ പേപ്പറിലും ചാനലിലും എത്ര ദിവസായി ഇന്ധനവില കൂടി കൂടി എന്നു കൊടുത്തുകൊണ്ടേയിരിക്കുന്നു. എന്നിട്ടെന്തെങ്കിലും കുറവുണ്ടായോ…കൂടുന്നതല്ലാതെ…. ജനങ്ങളുടെ പ്രതികരണം ഇങ്ങനെയാണ്. ഇവിടെ ആരോടു പറയാനാണ്… എന്തു പറയാനാണെന്നും ജനങ്ങൾ ചോദിക്കുന്നു.
നികുതി കുറയ്ക്കണമെന്നെല്ലാം പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും നടക്കുന്നില്ല. അതു നടപ്പാക്കാത്തതിൽ ആർക്കും പ്രശ്നങ്ങളുമില്ല.
പന്പുകളിൽ ബോർഡുകൾ വെച്ച് ഇന്ധനവിലയിൽ സംസ്ഥാനത്തിന് എത്ര, കേന്ദ്രത്തിന് എത്ര എന്നൊക്കെ ജനങ്ങളെ അറിയിക്കും എന്നു പ്രഖ്യാപിച്ചവരാരും ബോർഡു വച്ചും കാണുന്നില്ല.
ബൈക്കും സ്കൂട്ടറും ഉന്തി പ്രതിഷേധിക്കുന്നവർ അവരുടെ സർക്കാരിനോടു നികുതി കുറയ്ക്കാൻ ആവശ്യപ്പെടുന്നില്ലല്ലോ എന്നും ചോദിച്ചവരുമുണ്ട്.
നൂറു കടന്നാലും ഇല്ലാതെ പറ്റില്ലല്ലോ
ലിറ്ററിനു വില നൂറു കടന്നാലും എണ്ണയടിക്കാതിരിക്കാനാവില്ലല്ലോ എന്നാണ് ജനങ്ങളുടെ വിലാപം. പണ്ട് നൂറിന് അടിച്ചിരുന്നത് ഇപ്പോൾ എണ്പതാക്കി.
ഇനിയും കൂടിയാൽ 50ന് അടിക്കും…പിന്നെയും വില കൂടിയാൽ 30ന് അടിക്കും…പിന്നെയും വില കൂടിയാൽ നൂറുരൂപ പോക്കറ്റിലിട്ട് അങ്കട് നടക്കും…എന്നും ജനം.
ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രം നിരത്തിലിറങ്ങുന്നതുകൊണ്ട് തങ്ങൾക്കു മെച്ചമില്ലെന്നാണ് പന്പുടമകളുടെ അഭിപ്രായം.
ടൂറിസം മേഖല സജീവമാവുകയും ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസുകൾ പഴയപോലെ സർവീസ് നടത്തുകയും ചെയ്താലേ പന്പുകൾക്കു മെച്ചമുണ്ടാകൂവെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.