നെടുങ്കണ്ടം: ചേന്പളത്ത് ഗുണ്ടാ ആക്രമണം. വീട്ടിൽ അതിക്രമിച്ചുകയറിയ പതിനഞ്ചോളം പേർ അടങ്ങിയ സംഘം ഗൃഹനാഥനെയും ഭാര്യയെയും പൂർണ ഗർഭിണിയായ മരുമകളെയും ആക്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത് ഗുണ്ടകൾ തടഞ്ഞതിനെതുടർന്ന് പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചേന്പളം പാലത്താനത്ത് ആന്റണി ജോസഫ്(62), ഭാര്യ ഗ്രേസിക്കുട്ടി(56), മരുമകൾ ടീന(25) എന്നിവർക്കാണ് പരിക്കേറ്റത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആന്റണിയുടെ പരിക്ക് ഗുരുതരമാണ്. കന്പിവടികൊണ്ട് തല അടിച്ചുപൊട്ടിച്ച നിലയിലാണ്.
ദേഹമാസകലവും അടിയേറ്റ പാടുകളുണ്ട്. ഗ്രേസിക്കുട്ടിയെയും ടീനയെയും അക്രമിസംഘം അടിക്കുകയും നിലത്തിട്ട് ചവിട്ടുകയുംചെയ്തു.
പരിക്കേറ്റ ഇവർ അലറിവിളിച്ചെങ്കിലും ഗുണ്ടാസംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്ന് നാട്ടുകാർക്ക് എത്താൻ കഴിഞ്ഞില്ല.
അരമണിക്കൂറോളം ആന്റണി ബോധരഹിതനായി റോഡിൽ കിടന്നു. പിന്നീട് നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസെത്തിയാണ് മൂവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആന്റണിയുടെ സമീപത്തായുള്ള സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.
വസ്തു പഞ്ചായത്തിന്റേതാണെന്നും ഇത് തിരികെയെടുക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി നിരവധിതവണ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല.
തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും സ്ഥലം അളന്നുതിരിച്ച് പഞ്ചായത്തിനോട് ഏറ്റെടുക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഈ വിധി നടപ്പിലാക്കാൻ അധികൃതർ തയാറായില്ല. തുടർന്ന് കോടതിയലക്ഷ്യത്തിന് ആന്റണി കേസ് നൽകിയിരുന്നു. കൂടാതെ അടുത്തിടെ നടന്ന അദാലത്തിലും ഇതുസംബന്ധിച്ച് പരാതി നൽകി.
ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പറയപ്പെടുന്നു. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.