ജോസ് ആൻഡ്രൂസ്
കഥ നടക്കുന്നത് 107 കൊല്ലം മുന്പാണ്. മൂന്നാറിൽ. മാട്ടുപ്പെട്ടി ഡാമും ഇരവികുളം നാഷണൽ പാർക്കുമൊന്നും ഇല്ലാതിരുന്ന കാലമാണെന്നോർക്കണം.
ഉണ്ടെന്നു പറയാൻ ബ്രിട്ടീഷുകാരും അവരു നടത്തിയിരുന്ന തേയിലത്തോട്ടങ്ങളും അവിടെ പണിയെടുക്കുന്ന തമിഴർ ഉൾപ്പെടെയുള്ള നാട്ടുകാരും. ബ്രിട്ടീഷുകാരുടെ ബംഗ്ലാവുകളും തൊഴിലാളികളുടെ ലയങ്ങളും കുറച്ചു കടകളുമായാൽ മൂന്നാറിന്റെ ചിത്രമായി.
പക്ഷേ, ഇന്ത്യയിൽ അപൂർവമായിരുന്ന വൈദ്യുതിയും ടെലിഫോണും റോപ്വേയും ആദ്യത്തെ മോണോ റെയിലും മൂന്നാറിലുണ്ടായിരുന്നു. കാരണം സായ്പിനും കണ്ണൻദേവൻ കന്പനിക്കും അവയൊക്കെ ആവശ്യമായിരുന്നു. ആ മൂന്നാറിലേക്കാണ് തൂത്തുക്കുടിയിൽനിന്ന് കഥാനായകൻ ഭാര്യയും നാലു മക്കളുമായി എത്തുന്നത്.
1914, തൂത്തുക്കുടി
മൂന്നാറിൽനിന്നുള്ള തേയിലപ്പെട്ടികൾ തൂത്തുക്കുടി തുറമുഖത്ത് ഇംഗ്ലണ്ടിൽനിന്നുള്ള കപ്പലുകളുടെ വരവിനായി കാത്തുകിടന്ന കാലം. കപ്പലിറങ്ങിയ സായ്പ് പരംജ്യോതി നായിഡുവിനെ കണ്ടു. ഒത്ത പൊക്കമുള്ള സുന്ദരനായ വാച്ച് മെക്കാനിക്ക്.
നായിഡുവിനു തുറമുഖത്തിനടുത്ത് വാച്ചുകട കൂടാതെ സ്റ്റുഡിയോയുമുണ്ട്. കണ്ടുപരിചയം പിന്നെ അടുത്ത പരിചയമായി. മൂന്നാറിലെ തേയിലത്തോട്ടങ്ങളിലേക്കുപോകുന്നതിനുമുന്പ് സായ്പ് നായ്ഡുവിനോടു പോരുന്നോന്ന് ചോദിച്ചു.
മഞ്ഞുവീഴുന്ന മലനിരകളിൽ തേയിലത്തോട്ടങ്ങൾക്കു നടുവിലുള്ള മൂന്നാർ സ്വിറ്റസർലൻഡ് പോലെയാണെന്നും അവിടെ സ്റ്റുഡിയോ ഇട്ടാൽ കന്പനി എല്ലാ പിന്തുണയും നല്കാമെന്നും വലിയ വരുമാനം ഉണ്ടാക്കാമെന്നും പറഞ്ഞ് കൊതിപ്പിച്ചു. വരാമെന്നോ ഇല്ലെന്നോ പറയാതെ നായിഡുവും ഭാര്യ മാർഗരിറ്റും ചിരിച്ചു.
കപ്പലുകൾ പിന്നെയും തൂത്തുക്കുടിയിൽ നങ്കൂരമിട്ടു. സായ്പ് പിന്നെയും നായിഡുവിനെ പ്രലോഭിപ്പിച്ചു. ഒരു ദിവസം നായിഡുവും മാർഗരിറ്റും പറഞ്ഞു, ഞങ്ങളും വരുന്നു.
പോർച്ചുഗീസുകാരും ഡച്ചുകാരും ഒടുവിൽ ഇംഗ്ലീഷുകാരും കപ്പലിറങ്ങിയ തൂത്തുക്കുടിയിൽനിന്ന്… മീൻ മണക്കുന്ന കടൽക്കാറ്റിന്റെ മണ്ണിൽനിന്ന് അവർ പുറപ്പെട്ടു, ചായ മണക്കുന്ന മൂന്നാറിലേക്ക്.
തൂത്തുക്കുടിയിൽനിന്ന് തീവണ്ടിയിൽ ആലുവയിലേക്കും അവിടെനിന്ന് സായ്പിനൊപ്പം കാറിലുമായിരുന്നു യാത്ര. അങ്ങനെ പരംജ്യോതി നായിഡു മൂന്നാറിലെത്തി.
റോയൽ സ്റ്റുഡിയോ പിറക്കുന്നു
പുതിയൊരു ലോകമായിരുന്നു മൂന്നാർ. തൂത്തുക്കുടിയിലെ തിരക്കും ബഹളവുമൊന്നുമില്ല. തിരമാലകളുടെ സ്ഥാനത്ത് മലനിരകൾ. അവ പുതച്ചിരിക്കുന്ന പച്ചക്കന്പളത്തിന്റെ കീറലുകളിലൂടെ തലയുയർത്തിനില്ക്കുന്ന പാറക്കൂട്ടങ്ങൾ.
അസഹനീയമായ തണുപ്പ് അസ്ഥി തുളച്ച് ആത്മാവിനെ തൊട്ടപ്പോൾ അയാൾ തൂത്തുക്കുടിയെ ഓർത്തിട്ടുണ്ടാകണം. കാരണം പരംജ്യോതി വിനോദയാത്രികനല്ല. കുടിയേറ്റക്കാരനാണ്.
സ്പാനീഷുകാരനായ അൽഫോൻസച്ചൻ പണിത മൗണ്ട് കാർമൽ പള്ളിക്കു തൊട്ടുതാഴെ കുന്നിൻചെരുവിൽ കുറച്ചുവീടുകളുണ്ട്.
അതിലൊന്ന് സായ്പ് പരംജ്യോതി നായിഡുവിനു കൊടുത്തു. അവിടെനിന്നു നോക്കിയാൽ താഴെ തെരുവ് കാണാം. തോട്ടങ്ങളിൽ പോയിവരുന്ന തൊഴിലാളികളെയും കുതിരപ്പുറത്തു പായുന്ന സായ്പിനെയും കാണാം.
തേയില കൊണ്ടുപോകുന്ന കാളവണ്ടികളുടെ കടകടശബ്ദം കേൾക്കാം. ഇത്തിരി നീങ്ങിയാൽ മാട്ടുപ്പെട്ടിവഴി ടോപ് സ്റ്റേഷനിലേക്കു തേയിലയുമായി പോകുന്ന കാളകൾ വലിക്കുന്ന മോണോറെയിൽ വണ്ടി കാണാം. എല്ലാത്തിനുമുണ്ടൊരു തേയില മണം.
വീടിനുതാഴെ തെരുവിൽ സായ്പ് മുറി കൊടുത്തു. അതിനുമുകളിൽ പുതിയ ബോർഡ് വന്നു.
റോയൽ ഇലക്ട്രിക്കൽ സ്റ്റുഡിയോ. തൂത്തുക്കുടിയിൽനിന്നു വന്നപ്പോൾ നായിഡു-മാർഗരറ്റ് ദന്പതികൾക്കുണ്ടായിരുന്ന നാലു മക്കളിൽ ഇളയവനായ റോയലിന്റെ പേരാണ് സ്റ്റുഡിയോയ്ക്ക് ഇട്ടത്. മൂത്തവർ രാജു, രജിനാമ്മാൾ, ജയ. പരംജ്യോതിയും മാർഗരറ്റും മൂന്നാറിൽ സ്ഥിരതാമസമായി.
അവർക്ക് അഞ്ചു മക്കൾകൂടി പിറന്നു. റഫേൽ, ഉത്തരീയം, ടെരസ, രത്നം, ജർമനി. ജർമനി മരിച്ചത് അടുത്തയിടെയാണ്. പരംജ്യോതിയുടെ മക്കളിൽ ഇനി ആരുമില്ല.
പരംജ്യോതി വളരുന്നു
കണ്ണൻദേവൻ ഹിൽസ് പ്രൊഡ്യൂസ് കന്പനിയുടെ വിലപ്പെട്ട ഫോട്ടോഗ്രഫറായി പരംജ്യോതി നായിഡു മാറി.
തേയില അന്ന് ഇൻഷുർ ചെയ്തിരുന്നു. ഇൻഷുറൻസ് കന്പനി ഇംഗ്ലണ്ടിലാണ്. തേയില നശിച്ചുപോയാൽ തുക ലഭിക്കണമെങ്കിൽ അതിന്റെ ഫോട്ടോ എടുത്ത് ഇംഗ്ലണ്ടിലെ കന്പനിക്ക് അയയ്ക്കണം.
മൂന്നാറിൽ ഫോട്ടോഗ്രഫറില്ല. അതിനാണ് തൂത്തുക്കുടിയിൽനിന്ന് പരംജ്യോതി നായിഡുവിനെ എത്തിച്ചത്.
നായിഡുവിന്റെ ചിത്രങ്ങൾ പക്ഷേ, കേടായ തേയിലയിൽ ഒതുങ്ങിയില്ല. സായ്പിന്റെ സകല ചടങ്ങുകൾക്കും അദ്ദേഹമാണ് ഫോട്ടോ എടുത്തിരുന്നത്.
ഇംഗ്ലണ്ടിൽനിന്നെത്തിയ സായ്പുമാരും മദാമ്മമാരും വൈസ്രോയിപോലും നായിഡു വരച്ചവരയൽനിന്നു പോസ് ചെയ്തു. പള്ളിവാസലും മൂന്നാറും മാട്ടുപ്പെട്ടിയുമൊക്കെ നായിഡുവിന്റെ കാമറയിലൂടെ ചരിത്രത്തിലേക്കു കുടിയേറി.
ഫോട്ടോ തന്നെ അത്ഭുതമായിരുന്ന കാലത്താണ് ഇതൊക്കെ സംഭവിച്ചത്. റോയൽ ഇലക്ട്രിക്കൽ സ്റ്റുഡിയോയിലെ തിരക്ക് കൂടിക്കൊണ്ടിരുന്നു.
ഫോട്ടോയെടുക്കേണ്ട ആവശ്യമുണ്ടാകുന്പോൾ ഇംഗ്ലീഷുകാർ അയയ്ക്കുന്ന കാർ പരംജ്യോതിയെ കൊണ്ടുപോകാൻ എത്തിയിരുന്നു. അവർക്ക് അദ്ദേഹം വെറുമൊരു ഫോട്ടോഗ്രാഫറല്ലായിരുന്നു.
പരംജ്യോതി ആവശ്യപ്പെട്ടാൽ സായ്പ് എന്തും സാധിച്ചുകൊടുക്കുമെന്ന നിലയിലേക്ക് ആ ബന്ധം വളർന്നു. പക്ഷേ, അദ്ദേഹം ഒരിക്കലും അത് ദുരുപയോഗിച്ചില്ല.
ഒന്പതു മക്കളുള്ള പരംജ്യോതിക്ക് ഇപ്പോൾ താമസിക്കുന്ന വീടിനടുത്ത് കൂടുതൽ മുറികൾ നല്കാമെന്നു സായ്പ് പറഞ്ഞപ്പോൾ അദ്ദേഹമതു നിരസിക്കുകയായിരുന്നു. കൂടുതൽ കടമുറികളും വേണ്ടെന്നുവച്ചു.
‘പ്രളയം’ മാസ്റ്റർപീസ്
99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ പ്രളയമാണ് നായിഡുവിന്റെ വിഖ്യാതചിത്രമെന്നു വേണമെങ്കിൽ പറയാം. സമൂദ്രനിരപ്പിൽനിന്ന് 5000 അടിയിലേറെ ഉയരത്തിൽ മലമുകളിൽ വെള്ളപ്പൊക്കമുണ്ടായെന്നത് ആ ചിത്രങ്ങളില്ലായിരുന്നെങ്കിൽ ഇന്നത്തെ തലമുറയ്ക്കു വിശ്വസിക്കാനാകുമായിരുന്നില്ല.
നായിഡുവിന്റെ വീട് കുന്നിൻമുകളിലായിരുന്നു. പ്രളയത്തിൽ സ്റ്റുഡിയോയും മുങ്ങി. സാമഗ്രികളെല്ലാം പരംജ്യോതി വീട്ടിലേക്കു മാറ്റി.
അന്നു മാട്ടുപ്പെട്ടി ഡാമില്ല. പക്ഷേ, കടപുഴകിയെത്തിയ മരങ്ങളും മണ്ണും പാറയുമെല്ലാം അവിടെ സ്വയമൊരു അണകെട്ടി. മഴ പെയ്തൊഴിഞ്ഞില്ല. ഭാരം താങ്ങാനാവാതെ അണ പൊട്ടി. എല്ലാം പോയി.
ഒഴുകിപ്പോയ പ്രതാപങ്ങളെയോർത്തു മൂന്നാർ സങ്കടപ്പെട്ടുകിടന്നു. തിരക്കേറിയ റോഡുകളെ ചവിട്ടിത്താഴ്ത്തി വെള്ളം മലകയറി. ആളുകൾ ജീവനുവേണ്ടി അതിനും മുകളിൽ കയറി. മൂന്നാർ സന്പാദിച്ചതെല്ലാം ഒഴുകിപ്പോയി.
സുന്ദരിയായ മൂന്നാറിന്റെ ശരീരം നനഞ്ഞ ജലഛായാചിത്രംപോലെ ഇരുണ്ട ആകാശത്തിനു കീഴെ നിറമിളകിക്കിടന്നു. ജലകന്യകമാർ മടങ്ങുംമുന്പ് നായിഡുവിന്റെ കാമറ തുറന്നടഞ്ഞു. അതു ചരിത്രമായി.
ചരിത്രമെഴുതിയ തേയില
മൂന്നാറിൽ ഉത്പാദിപ്പിക്കുന്ന തേയില ഇംഗ്ലണ്ടിലെത്തിക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ആ ശ്രമങ്ങളാണ് മൂന്നാറിനെ വളർത്തിയതും ഗതാഗത സൗകര്യങ്ങൾ നവീകരിക്കാൻ കാരണമായതും.
ആദ്യമൊക്കെ തേയില കൊണ്ടുപോകാൻ കാളവണ്ടികൾ മാത്രമായിരുന്നു ആശ്രയം. പിന്നീട് തീവണ്ടിയെത്തി.
കുണ്ടളവാലി റെയിൽവേ സ്ഥാപിച്ചത് 1902ലാണ്. ആദ്യം മൂന്നാറിൽനിന്നു ടോപ് സ്റ്റേഷനിലേക്ക് കാളവണ്ടി പോകാനുള്ള വഴിവെട്ടി. പിന്നീട് റെയിൽവേ പണിതു. മൂന്നാറിൽനിന്നും മാട്ടുപ്പെട്ടിയിൽനിന്നും കാളകൾ വലിക്കുന്ന മോണോറെയിൽവഴി തേയില ടോപ് സ്റ്റേഷനിലെത്തിച്ചു.
മോണോറെയിൽ തീവണ്ടിപോലെയല്ല, ചെറിയ വാഹനമാണ്. ഒരു റെയിൽ പാളമേയുള്ളു. അതിൽ ചെറിയ ചക്രം. മറുവശത്തെ വലിയ ചക്രം വഴിയിലൂടെ ഓടും. യന്ത്രമൊന്നുമില്ല, കാളകൾ വലിക്കും. അത്രതന്നെ.
പക്ഷേ, അതു രാജ്യത്ത് ആദ്യമായിരുന്നു. ഇതിനായി ഇംഗ്ലണ്ടിൽനിന്നു കാളകളെ ഇറക്കുമതി ചെയ്തു. പിന്നീട് 1907ലാണ് പഞ്ചാബിൽ മൂന്നാർ മാതൃകയിൽ പട്യാല സ്റ്റേറ്റ് മോണോറെയിൽ ട്രെയിൻവേയ്സ് ഉണ്ടായത്.
കണ്ണൻദേവൻ കന്പനിയുടെ തോട്ടങ്ങളിൽനിന്നുള്ള തേയില മൂന്നാറിൽനിന്നു ടോപ് സ്റ്റേഷനിലും അവിടെനിന്ന് അഞ്ചു കിലോമീറ്റർ റോപ് വേയിലൂടെ താഴെ തമിഴ്നാട്ടിലെ കോട്ടഗുഡിയിലുമെത്തിച്ചു.
കോട്ടഗുഡി അറിയപ്പെട്ടിരുന്നത് ബോട്ടം സ്റ്റേഷൻ എന്നായിരുന്നു.
അവിടെ നിന്ന് 15 കിലോമീറ്റർ കാളവണ്ടിയിൽ ബോഡിനായ്ക്കന്നൂരിലെത്തിക്കും. തുടർന്ന് ട്രെയിനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും, തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പലിൽ ഇംഗ്ലണ്ടിലേക്കും തേയില കൊണ്ടുപോയിരുന്നു.
1908-ലാണ് നാരോഗേജ് റെയിൽവേ സ്ഥാപിച്ചത്. പ്രളയത്തിൽ അതും തകർന്നു. ഈ ചരിത്രമൊക്കെ നമുക്കിപ്പോൾ പറയാൻ കഴിയുന്നത്, പരംജ്യോതി നായിഡുവിന്റെ വിലപ്പെട്ട ഫോട്ടോകളിലൂടെയാണ്. എടുത്താൽ പൊങ്ങാത്ത കാമറയുമായി പരംജ്യോതിയെത്താത്ത ചരിത്രവഴികൾ മൂന്നാറിലില്ല.
പരംജ്യോതിയുടെ വീട്ടിൽ
ഓർമകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മൂടൽമഞ്ഞ് നീക്കി നൂറ്റാണ്ടു പിന്നിട്ട ചരിത്രം പറയുന്നത് റോയലിന്റെ മകൾ റീത്തയുടെ ഭർത്താവ് ജോസഫ് രാജാണ്. റോയലിന്റെ സഹോദരി ജയയുടെ മകൻകൂടിയാണ് ജോസഫ് രാജ്.
മക്കളായ റിജോ, റിച്ചാർഡ് എന്നിവർക്കൊപ്പം അവരാണ് പരംജ്യോതി നായിഡു ജീവിച്ച വീട്ടിൽ ഇപ്പോഴുള്ളത്. വീട്ടിൽ മറ്റൊരാൾകൂടിയുണ്ട്. റോയലിന്റെ ഭാര്യ പാപ്പ എന്നു വിളിക്കുന്ന ലൂർദ്. കിടപ്പിലാണ്.
പരംജ്യോതിയുടെയും റോയലിന്റെയും രത്നത്തിന്റെയും ബ്രിട്ടീഷുകാരുടെയുമൊക്കെ മൂന്നാറിലെ ജീവിതം നേരിട്ടറിയാവുന്നവരിൽ ജീവിച്ചിരിക്കുന്നയാൾ. പക്ഷേ, ദുർബലമായിപ്പോലും വാക്കുകൾ പുറത്തേക്കു വരില്ല.
അല്ലായിരുന്നെങ്കിൽ മൂന്നാറിന്റെ ചരിത്രത്തിലെ നിർണായകമായ പല സംഭവങ്ങളുടെയും ദൃക്സാക്ഷിയിലൂടെ നമുക്ക് ആ കാഴ്ചകളിലേക്ക് പോകാമായിരുന്നു. മൂന്നാറിന്റെ ചരിത്രം കാമറയിലാക്കിയ പരംജ്യോതിയുടെ വീട്ടിൽ ആ വിലപ്പെട്ട ഫോട്ടോകളുടെ ഒറിജിനൽ ഒന്നുമില്ല.
അതൊക്കെ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ടാറ്റാ ടീ മ്യൂസിയത്തിലും മൗണ്ട് കാർമൽ പള്ളിയുടെ സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിലും ലഭ്യമായ ഫോട്ടോകളുടെ കോപ്പികൾ മ്യൂസിയത്തിലെന്നപോലെ പ്രദർശിപ്പിച്ചിട്ടുണ്ട്.
മൂന്നാറിലെ മിക്ക സ്ഥാപനങ്ങളിലും ആ പഴയ ഫോട്ടോകളുടെ കോപ്പികൾ തൂക്കിയിട്ടുണ്ട്. പക്ഷേ, പലർക്കും അറിയില്ല, ആ കലാകാരനെ.
വീട്ടിൽ ബാക്കിയുള്ളത് പരംജ്യോതി ഉപയോഗിച്ചിരുന്ന കാമറയുടെ ചില ഭാഗങ്ങൾ മാത്രമാണ്. പിന്നെ പരം ജ്യോതിയുടെയും ഭാര്യ മാർഗരിറ്റിന്റെയും റോയലിന്റെയും രത്നത്തിന്റെയുമൊക്കെ പുറംലോകം കാണാത്ത അപൂർവം ഫോട്ടോകളും.
പരംജ്യോതിയുടെ ഫോട്ടോ
പരംജ്യോതിയുടെ പേര് ചില മാധ്യമങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്നല്ലാതെ കൂടുതൽ വിവരങ്ങളൊന്നും ഇന്നലെവരെ ഇല്ല. കോടാനുകോടി ഫോട്ടോകൾ നിറഞ്ഞുകിടക്കുന്ന ഇന്റർനെറ്റിലും പരംജ്യോതിയുടെ ഒരു ഫോട്ടോ പോലുമില്ല. വിരലിലെണ്ണാവുന്ന ചില ഫോട്ടോകൾ വീട്ടിലുണ്ട്.
രംജ്യോതിയുടെയും ഭാര്യ മാർഗരിറ്റിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.
മറ്റൊന്ന് റോയലും ഭാര്യ പാപ്പയുമൊത്തുള്ളതാണ്. പിന്നൊന്ന് കണ്ണൻ ദേവൻ കന്പനിയുടെ അവസാനത്തെ വിദേശ ജനറൽ മാനേജറായിരുന്ന എം.ആർ. ലാപ്പിനും ഭാര്യയുമൊത്തുള്ളത്.
1978-ൽ അദ്ദേഹത്തിന്റെ യാത്രയയപ്പു സമയത്ത് രാജ രത്നം എന്തോ സമ്മാനിക്കുന്നതാണ് ചിത്രം. റോയൽ സമീപത്തുണ്ട്. 1954-ൽ മൂന്നാറിൽ തുടങ്ങിയ പങ്കജം ടൂറിംഗ് ടാക്കീസ് 60ൽ വലിയ സിനിമാ കൊട്ടകയാക്കി.
ജോസഫ് രാജ് അവിടെ ഫിലിം ഓപ്പറേറ്ററും പിന്നീട് മാനേജരുമായി. അതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവുംകൂടിയായാൽ പരംജ്യോതി കുടുംബത്തിന്റെ ഫോട്ടോശേഖരം അവസാനിച്ചു.
സ്റ്റുഡിയോ അടയുന്നു
പരംജ്യോതിയോടൊപ്പം സ്റ്റുഡിയോയിലുണ്ടായിരുന്നത് മക്കളായ റോയലും രാജ രത്നവുമായിരുന്നു. അവരുടെ കാലശേഷം റോയൽ സ്റ്റുഡിയോ നിന്നുപോയി. കടയും വിറ്റു.
പക്ഷേ, കെട്ടിടം അതുപടി ഇപ്പോഴുമുണ്ട്. പരംജ്യോതിയെയും റോയലിനെയും സംസ്കരിച്ചിരിക്കുന്നത് തൊട്ടടുത്ത് മൗണ്ട് കാർമൽ പള്ളിയിലാണ്.
രാജ രത്നം കഴിഞ്ഞ വർഷം കോയന്പത്തൂരിൽവച്ചു മരിച്ചു. റോയലിന് നാലു പെണ്മക്കളായിരുന്നു. രത്നത്തിന് ഒരു മകനും മകളും.
മകൻ ജോണ്സണ് നല്ല ഫോട്ടോഗ്രാഫറായിരുന്നെങ്കിലും മൂന്നാറിൽ സ്റ്റുഡിയോ നടത്താതെ കോയന്പത്തൂരിലേക്കുപോയി. ദിനമലർ ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹം ഇപ്പോൾ ഫ്രീലാൻസ് ചെയ്യുന്നു.
നടത്താനാളില്ലാതെ റോയൽ സ്റ്റുഡിയോ അടയ്ക്കപ്പെട്ടു. ജീവനക്കാരായിരുന്നവർ മൂന്നാറിൽ വേറെ സ്റ്റുഡിയോ തുടങ്ങി. സൂപ്പർ സ്റ്റുഡിയോ ഒക്കെ അങ്ങനെ തുടങ്ങിയതാണ്.
മൂന്നാറിന്റെ പഴയ ഫോട്ടോകൾ ഇന്റർനെറ്റിലുൾപ്പെടെ കാണാനാകും. ഏതാനും ഫോട്ടോകളിൽ റോയൽ സ്റ്റുഡിയോ എന്നെഴുതിയിട്ടുണ്ട്.
അതുപോലും ഫോട്ടോഷോപ്പിൽ മായ്ച്ചുകളഞ്ഞിട്ടാണ് പലരും ഉപയോഗിക്കുന്നത്. അവർക്കൊക്കെ മൂന്നാറിന്റെ ചരിത്രം പറയുന്ന വിലപ്പെട്ട ഫോട്ടോ മാത്രം മതി.
ഡിജിറ്റൽ യുഗത്തിൽ നിമിഷംകൊണ്ട് ഫോട്ടോയെടുത്ത് അടുത്ത നിമിഷം ലോകത്തെവിടേക്കും ഷെയർ ചെയ്യുന്ന പുതിയ തലമുറയ്ക്ക് ആ പഴയ ഫോട്ടോഗ്രാഫറെ അറിയില്ല.
മണിക്കൂറുകളും ദിവസങ്ങളും ചിലപ്പോൾ മാസങ്ങളുമെടുത്താണ് ഫോട്ടോഗ്രാഫറെന്ന ചിത്രകാരൻ അക്കാലത്ത് ഒരു ഫോട്ടോ തയാറാക്കിയിരുന്നത്. പരംജ്യോതി മൂന്നാറിലെത്തുന്പോൾ ഫിലിം ഉപയോഗിക്കുന്ന കാമറകൾ ലഭ്യമായിരുന്നില്ല.
കൊളോഡിയൻ പ്രോസസിൽ ഗ്ലാസ്കൊണ്ടുള്ള ഫോട്ടോഗ്രാഫിക് പ്ലേറ്റുകളിലാണ് അന്ന് ചിത്രങ്ങൾ പകർത്തിയിരുന്നത്. ദിവസങ്ങൾ സ്റ്റുഡിയോയിൽ കുത്തിയിരുന്നാണ് പരംജ്യോതി ഓരോ ഫോട്ടോയും പുറത്തെടുത്തത്.
സ്റ്റുഡിയോയിൽ ഒരിക്കൽക്കൂടി
പരംജ്യോതിയുടെ കൊച്ചുമകന്റെ മകനായ റിച്ചാർഡിനൊപ്പമാണ് അന്തോണിയാർ കുരിശടിക്കടുത്ത് റോയൽ സ്റ്റുഡിയോ പ്രവർത്തിച്ചിരുന്ന മുറിയിൽ കയറിയത്.
അവിടെയിപ്പോൾ ചെറിയൊരു ധനകാര്യസ്ഥാപനമാണ്. ഡാർക്ക് റൂമിൽ ഒരു മേശയും കസേരയുമുണ്ട്. മുറിക്കു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
പഴയ ചുവരുകളും തടികൊണ്ടുള്ള വലിയ മടക്കു കതകുകളും അതേപടിയുണ്ട്. ഏറെക്കാലത്തിനുശേഷമാണ് റിച്ചാർഡ്, അപ്പൂപ്പന്റെ സ്റ്റുഡിയോയിൽ കയറുന്നത്.
റോയൽ സ്റ്റുഡിയോ വാങ്ങിയ ആളിൽനിന്നു 40 വർഷം മുന്പ് തങ്ങൾ ഇതു വാടകയ്ക്ക് എടുത്തതാണെന്നു മാനേജർ ചാൾസ് പറഞ്ഞു. റോയലിനെയും രത്നത്തെയുമൊക്കെ ചാൾസിന് അറിയാം.
ഒരു ഫോട്ടോയെടുത്താൽ പ്രിന്റ് കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരുന്ന കാലം ഓർമിച്ച ചാൾസ് പറഞ്ഞത് പണ്ട് റോയൽസ്റ്റുഡിയോയിലെടുത്ത തന്റെ കൈവശമുള്ള ഫോട്ടോയുടെ കോപ്പി വേണമെങ്കിൽ മൊബൈലിൽ എടുത്ത് ഉടനെ തരാമെന്നാണ്.
ഫ്രണ്ട് ബസാറിലെ ഈ കൊച്ചുമുറിയിൽ മൂന്നാറിന്റെ ആത്മാവ് ത്രസിക്കുന്നു.
പുറത്ത് ചായക്കോപ്പകളിൽനിന്ന് ആവിയെന്നപോലെ തേയിലക്കുന്നുകൾക്കു മുകളിൽ മൂടൽമഞ്ഞ് വിട്ടുമാറാതെ നില്ക്കുന്നു. ടൂറിസ്റ്റുകൾ മൊബൈലിൽ ഫോട്ടോയെടുത്ത് അടുത്തനിമിഷം തന്നെ അതു ഷെയർ ചെയ്യുകയാണ്.