നായകളെ കാവൽ ജോലിക്കായാണ് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത്.
ഓമന മൃഗമാണെങ്കിലും നായകൾ കാവൽ ജോലി നന്നായി ചെയ്യും. പോലീസും മറ്റും കേസ് അന്വേഷണത്തിന് നായകളെ പരിശീലനം നൽകി സേനയിൽ എടുക്കാറുണ്ട്.
നായകൾക്ക് മാത്രമായ പരിശീലകരും ഉണ്ട്. കള്ളന്മാരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഇവർ നായകളെ കൃത്യമായി പഠിപ്പിക്കുന്നു.
എന്നാൽ പരിശീലനം കിട്ടിയ നായ തന്റെ ജോലിയേക്കാൾ ഉറക്കത്തിന് പ്രധാന്യം നൽകിയാലോ?
അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തായ്ലന്റിലാണ് സംഭവം.
വൊറാവുത് ലോംവനാവോംഗ് എന്ന സ്വർണക്കടയുടമയാണ് തന്റെ കടയുടെ സംരക്ഷത്തിനായി ഒരു നായയെ വാങ്ങിച്ചത്.
നായയ്ക്ക് ആവശ്യമായ പരിശീലനം നൽകിയ ശേഷം കടയുടെ സംരക്ഷണത്തിനായി നിയോഗിച്ചു. ലക്കി എന്ന് പേരിട്ട നായയെയാണ് കടയുടെ സംരക്ഷണം എൽപ്പിച്ചത്.
നായയുടെ കഴിവ് പരിശോധിക്കാനായി കടയിൽ ഒരു വ്യാജ കവർച്ച ശ്രമം ഉടമ നടത്തി. തോക്കുമായി കടയിലെത്തിയ മോഷ്ടാവ് കടയിൽ നിന്ന് പണവുമായി കടക്കുന്നതായിരുന്നു സംഭവം.
മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെ മോഷ്ടാവ് കടയിലെത്തി. പക്ഷെ കാവൽ കിടക്കുന്ന നമ്മുടെ ആശാൻ സംഭവമൊന്നും അറിഞ്ഞില്ല.
മോഷണം നടക്കുന്പോൾ കക്ഷി നല്ല ഉറക്കത്തിലായിരുന്നു. മോഷ്ടാവ് വന്നതും പോയതുമൊന്നും നായ അറിഞ്ഞതേയില്ല.
നായ മോഷ്ടാവിനെ പിടിച്ചില്ലെങ്കിലും ഉടമസ്ഥന് യാതൊരു പരിഭവവുമില്ല. ലക്കി ശരിക്കും തന്റെ ഭാഗ്യമാണെന്നാണ് ഉടമ പറയുന്നത്.
മോഷ്ടാവിനെ പിടിക്കുക എന്നതല്ല ലക്കിയുടെ ദൗത്യമെന്നും അതുകൊണ്ടാണ് പരീക്ഷണത്തിൽ പരാജയപ്പെട്ടതെന്നുമാണ് ഉടമയുടെ പക്ഷം.
https://youtu.be/Zz2WWLLRrRI