സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡിന് പ്രതിരോധമരുന്നു കണ്ടുപിടിച്ചെന്നും ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചെന്നും അവകാശപ്പെട്ട പതഞ്ജലിക്കു ഡോസ് കൊടുത്തു ലോകാരോഗ്യസംഘടന.
നിർമാണത്തിന് ഒരുതരത്തിലുള്ള പരന്പരാഗത ചികിത്സാ രീതികൾക്കും അനുമതി നൽകിയിട്ടില്ലെന്നു പറഞ്ഞു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പതഞ്ജലിക്കു പതം വരുത്തി.
പതഞ്ജലിയുടെ കൊറോണിൽ എന്ന പ്രതിരോധ മരുന്നിന് അംഗീകാരം ലഭിച്ചു എന്ന ബാബ രാംദേവിന്റെ അവകാശ വാദം തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.
കോവിഡ് ചികിത്സയ്ക്കായി ഒരു തരത്തിലുള്ള പരന്പരാഗത ചികിത്സാരീതിക്കോ മരുന്നിനോ അനുമതി നൽകിയിട്ടില്ല എന്നാണ് ഡബ്ല്യുഎച്ച്ഒ ട്വിറ്ററിൽ വ്യക്തമാക്കിയത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പതഞ്ജലിയുടെ കൊറോണിലിന് സർക്കാർ അംഗീകാരം ലഭിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം ബാബ രാംദേവ് അവകാശപ്പെട്ടത്.
ലോകാരോഗ്യ സംഘടനയുടെ വരെ അംഗീകാരമുണ്ടെന്നും കൊറോണിൽ വിൽപനയ്ക്ക് തയാറാണെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു.
ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ സ്കീം അനുസരിച്ചുള്ള കൊറോണിലിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി
ലഭിച്ചുവെന്നായിരുന്നു പതഞ്ജലിയുടെ അവകാശവാദം. ഇതിനെതിരേ ഡോക്ടർമാർ അടക്കം വ്യാപകമായി പ്രതികരിച്ചിരുന്നു.