കാട്ടാക്കട : ടാബുകൾ , നാണയത്തുട്ടുകൾ, മൊബൈൽ ഫോൺ കാർ സ്റ്റീരിയോ, ടയറുകൾ, ബാറ്ററി, ഇൻവേർട്ടർ, സ്റ്റേഷനറി ഫാൻസി ഉത്പന്നങ്ങൾ, എയർ ഹോൺ, ഉരുളി, വിളക്ക്,പാൻ, നാലു പാചകവാതക സിലിണ്ടറുകൾ, ചെരുപ്പുകൾ, ടേപ് റിക്കോർഡർ തുടങ്ങി നിരവധി ഇനങ്ങൾ.
കൂടാതെ മാവേലിസ്റ്റോറുകളിൽ വിൽപ്പനയ്ക്കുള്ള കിലോക്കണക്കിന് ഉഴുന്നും മറ്റു ഭക്ഷ്യ വസ്തുക്കളും കിടക്കപ്പായയും മെത്തകളും …കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയ മോഷണമുതലുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും പോലീസും.
ലക്ഷക്കണക്കിന് രൂപയുടെഈ മോഷണസാധനങ്ങൾക്കൊപ്പമാണ് ഉണ്ണി ഒളിച്ചുതാമസിച്ചിരുന്നത്.
മോഷണകലയിലെ വിദഗ്ധൻ
നിരവധി മോഷണക്കേസുകളിലെ പ്രതി തിരുവല്ലം മേനിലം കീഴേപാലറകുന്ന് ഉണ്ണികൃഷ്ണൻ എന്ന തിരുവല്ലം ഉണ്ണി (48) യെ സാഹസികമായിട്ടാണ് ഇന്നലെ പിടികൂടിയത്.
കാട്ടാക്കടയ്ക്ക് അടുത്ത് കരിയംകോട് പാറാംകുഴി ഒളിത്താവളത്തിൽ നിന്നാണ് നാട്ടുകാരും ഷാഡോ പോലീസും ചേർന്ന് പിടികൂടി പോലീസിന് കൈമാറിയത്.
കാട്ടാക്കട ഡിവൈഎസ്പി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന മാറനല്ലൂരിലെ നിരവധി മോഷണക്കേസ്സുകളിലെ പ്രതിയാണ് ഉണ്ണി.
മാസങ്ങൾക്ക് മുൻപ് ജയിൽമോചിതനായ തിരുവല്ലം ഉണ്ണി മോഷണകലയിൽ മിന്നുന്ന താരമാണ്.
ഒരിടത്ത് മോഷണം നടത്തി അവിടെ നിന്നും മുങ്ങും . കുറെനാൾ ഒളിത്താവളത്തിൽ കഴിയും.പിന്നെ അടുത്ത കേന്ദ്രത്തിലെത്തും.
സമാന്തര അന്വേഷണം നടത്തി നാട്ടുകാരും
പാറശാല സ്റ്റേഷൻ പരിധിയിൽപ്പെട്ട ധനുവച്ചപുരം നെടിയാംകോട് ഒലീവിയ ഫാൻസി സ്റ്റോറിലെ മോഷണവുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് പോലീസ്,ഷാഡോ സംഘം എന്നിവർ അന്വേഷിച്ചു വരികയായിരുന്നു.
കടയുടമ ഷാഡോ പോലീസിന് ചുവന്ന ടാറ്റാ സുമോ വാഹനത്തിന്റെ നമ്പറും സിസി ക്യാമറ ദൃശ്യങ്ങളും കൈമാറിയിരുന്നു.
എന്നാൽ പോലീസിന്റെ ഭാഗത്തു നിന്നും അന്വേഷണ നടപടി വൈകിയതോടെ കടയുടമ മനീഷ്, ഷാജൻ, റിജിൻലാൽ എന്നിവർ ചേർന്ന് സമാന്തരമായി കാരക്കോണം വെള്ളറട വഴിയുള്ള സി സി ടിവി കാമറ ദൃശ്യങ്ങൾ ശേഖരിച്ചു അന്വേഷണം ആരംഭിച്ചു.
1500 ഓളം കാമറകൾ നിരീക്ഷിച്ച് കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് എത്തിച്ചേർന്നു.അവിടെ നിന്നും പാറാംകുഴി എന്ന ഭാഗത്തേക്ക് എത്തി. തുടർന്ന് വാഹനത്തിന്റെ നമ്പറും കാണിച്ചു പ്രദേശത്തുള്ളവരോട് തിരക്കുകയും നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കടയിലെ കരിയംകോടുള്ള ഒരു വീട്ടിൽ വാഹനം കണ്ടെത്തുകയും ചെയ്തു.
എന്നാൽ ഞായറാഴ്ച ഉണ്ണിയെ പിടികൂടാൻ കെണി ഒരുക്കിയെങ്കിലും നടന്നില്ല. തുടർന്ന് ഉണ്ണിയെ കാണാതായതോടെ തിരികെ പോകാൻ ഒരുങ്ങുവെയാണ് ഓട്ടോ റിക്ഷയിൽ എത്തിയ ഉണ്ണിയെ കാണുന്നതും നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ടു പിടിക്കുകയും ചെയ്തത്.
കത്തി കൈയിൽ ഉണ്ടെന്നും കുത്തുമെന്നും ഭീഷണി മുഴക്കിയെങ്കിലും നാട്ടുകാർ പിന്തിരിഞ്ഞില്ല. പിന്നീട് വസ്ത്രങ്ങൾ അഴിച്ചെറിഞ്ഞു നഗ്നനായി ഓടിയ ഉണ്ണിയെ വീടിന്റെ പറമ്പിൽ വച്ചു നാട്ടുകാരും ചേർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു.
ഒളിത്താവളത്തിൽ ഇല്ലാത്തതൊന്നുമില്ല
മൽപിടിത്തത്തിൽ നിന്നും വഴുതി മാറാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. കസ്റ്റഡിയിൽ എടുത്ത ശേഷം വാടക വീട്ടിൽ നടന്ന പരിശോധനയിൽ ആണ് വിപുലമായ മോഷണമുതലുകൾ കണ്ടെത്തിയത്.
മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വണ്ടന്നൂർ കുമാറിന്റെ വീട്ടിൽ നിന്നും മോഷണം പോയ രണ്ടായിരം റബ്ബർ ഷീറ്റും സമീപത്തു വാടകയ്ക്ക് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടിൽ നിന്നും മോഷണം പോയ വിവാഹവസ്ത്രങ്ങളും മെത്തയും ഉൾപ്പെടെ അന്ന് പ്രദേശത്തു നിന്നും മോഷ്ടിച്ച ഇൻവർട്ടർ തുടങ്ങിയവയും കണ്ടെത്തി.
മോഷണത്തിന് ഉപയോഗിക്കുന്ന ഇൻഡിക്ക, ടാറ്റാ സുമോ , ഓട്ടോ റിക്ഷ എന്നിവയും കണ്ടെടുത്തു. വാഹനങ്ങൾ ഇയാളുടെ ഭാര്യയുടെ പേരിലാണ്. വാഹനങ്ങൾ എല്ലാം കളവുമുതലാണ് എന്ന് പോലീസ് പറഞ്ഞു.
മോഷണത്തിനുശേഷം രേഖകൾ ചമച്ച് ഭാര്യയുടെ പേരിലാക്കും. ഇയാൾ 20 ലേറെ വാഹനങ്ങൾ കവർച്ച ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു. മോഷണസാധനങ്ങൾ തമിഴ്നാട്ടിൽ വിൽക്കും.
ഇയാൾക്ക് സഹായികളായി ഒട്ടേറേ പേർ ഉണ്ടെന്നും പോലീസ് അറിയിച്ചു. കാട്ടാക്കടയിലെ സഹായിയെ കസ്റ്റഡിലെടുത്തു. ഉണ്ണിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ മോഷണവിവരങ്ങൾ കിട്ടുമെന്നും പോലീസ് പറയുന്നു.
കാട്ടാക്കടയിലെ ഒളിത്താവളത്തിൽ നിന്നും ലക്ഷകണക്കിന് രൂപയുടെ മുതലുകളാണ് കിട്ടിയിരിക്കുന്നത്. കാട്ടാക്കട, മാറനല്ലൂർ, നെയ്യാർഡാം , തിരുവല്ലം, നെയ്യാറ്റിൻകര, പാറശ്ശാല, വെള്ളറട, ആര്യങ്കോട് സ്റ്റേഷനുകളിലെ മോഷണക്കേസ്സുകളിൽ പ്രതിയാണ് ഇയാൾ.
കാട്ടാക്കടയിലെ ഒളിത്താവളത്തിനു പുറമേ മറ്റിടങ്ങളിലും താവളമുണ്ടെന്നും സംശയിക്കുന്നു.