പത്തനംതിട്ട: വിശ്വാസികള്‍ക്ക് ഒരു തരത്തിലും തടസമുണ്ടാക്കുകയെന്നത് എല്‍ഡിഎഫ് നയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്.
പത്തനംതിട്ടയില്‍ വികസന മുന്നേറ്റ ജാഥയ്ക്കു നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ വിശ്വാസ കാര്യത്തിലും അതായിരുന്നു സര്‍ക്കാരിന്റെ നയം.
ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെ പേരില്‍ ഏറെ പ്രശ്നങ്ങളുണ്ടായ നാടായതു കൊണ്ടാണ് പത്തനംതിട്ടയില്‍ ഇതു പറയുന്നതെന്ന് ഗോവിന്ദന് പറഞ്ഞു വിശ്വാസത്തിനും അവിശ്വാസത്തിനും ഇടമുള്ള നാടാണിത്.
എല്ലാവര്ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. പെട്രോളിന്റെയും ഗ്യാസിന്റെയും വില കുതിച്ചുയരുമ്പോള്‍ മതവിശ്വാസവും അവിശ്വാസവുമല്ല ഞങ്ങള്‍ പരിഗണിക്കുന്ന വിഷയങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം എംപിയുടെ നേതൃത്വത്തിലുള്ള ജാഥയ്ക്ക് വന്‍സ്വീകരണമാണ് രാത്രിയില്‍ പത്തനംതിട്ടയില്‍ നല്‍കിയത്.
ജാഥാംഗങ്ങളായ തോമസ് ചാഴിക്കാടന് എംപി, വര്‍ക്കല ബി. രവികുമാര്‍, മാത്യൂസ് കോലഞ്ചേരി, വി. സുരേന്ദ്രന്‍പിള്ള, എം.വി. മാണി, ഷാജി കാടമല, ജോര്‍ജ് സെബാസ്റ്റിയന് എന്നിവര്‍ ജാഥയില്‍ പങ്കെടുത്തു. എല്‍ഡിഎഫ് നേതാക്കളായ കെ.ജെ. തോമസ്, കെ. അനന്തഗോപന്‍, കെ.പി. ഉദയഭാനു, എ.പി. ജയന്, പി.കെ. ജേക്കബ്, മാത്യൂസ് പി. ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ജാഥയ്ക്ക് ഇന്നു രാവിലെ കോന്നിയിലും അടൂരും സ്വീകരണം നല്കി.