അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനു സമ്മാനിക്കുന്ന തിലകക്കുറിയായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയം നാളെ മിഴിതുറക്കും. മൊട്ടേരയിലെ ആദ്യ രാജ്യാന്തര മത്സരത്തിന് ഇന്ത്യ x ഇംഗ്ലണ്ട് പിങ്ക് ബോൾ ടെസ്റ്റോടെ നാളെ ആരംഭം.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന നേട്ടമാണ് നവീകരിച്ച മൊട്ടേരയ്ക്കുള്ളത്. 1,10,000 പേർക്ക് ഇരിക്കാവുന്നതാണ് ഈ സ്റ്റേഡിയം.
ഇന്ത്യ x ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ മൂന്നും നാലും പോരാട്ടങ്ങൾ മൊട്ടേരയിലാണു നടക്കുക. ഇരുടീമും തമ്മിലുള്ള ട്വന്റി-20 മത്സരങ്ങളും ഇവിടെ അരങ്ങേറും.
വാഴ്ത്തിപ്പാടി താരങ്ങൾ
മൊട്ടേര സ്റ്റേഡിയത്തെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളും മുൻ താരങ്ങളും വാഴ്ത്തിപ്പാടുകയാണ്. സ്വപ്നക്കൊട്ടക എന്നാണ് ഇംഗ്ലീഷ് മുൻ താരം കെവിൻ പീറ്റേഴ്സണ് മൊട്ടേരയെ വിശേഷിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആദ്യ കാഴ്ചയിൽത്തന്നെ മതിപ്പുളവാക്കി എന്നായിരുന്നു ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്റെ ട്വീറ്റ്.
ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനും മൊട്ടേരയെക്കുറിച്ച് പറയാൻ നല്ല വാഴ്ത്തുമൊഴികൾ മാത്രം. ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് തുടങ്ങിയവരും സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ച്, മത്സരം തുടങ്ങാനുള്ള കാത്തിരിപ്പിലാണെന്നു വ്യക്തമാക്കി.
പരന്പരയിൽ ഇരുടീമും 1-1 സമനിലയിലാണ്. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം മത്സരം ഇന്ത്യ സ്വന്തമാക്കി.
പരന്പരയിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ ഒരെണ്ണമെങ്കിലും ജയിക്കുകയും തോൽവി ഒഴിവാക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.
അതേസമയം, ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാലേ ഇംഗ്ലണ്ടിന്റെ ഫൈനൽ സ്വപ്നം സഫലമാകൂ.
പിങ്കണിയാൻ
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ മാത്രം പിങ്ക് ബോൾ ടെസ്റ്റിനാണു മൊട്ടേര വേദിയാകുന്നത്. ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ പിങ്ക് ബോൾ ടെസ്റ്റുമാണ്.
ഇന്ത്യയിൽ നടന്ന ആദ്യ പിങ്ക് ബോൾ ടെസ്റ്റ് 2019ൽ കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരേയായിരുന്നു. അന്ന് ഇന്ത്യ ഇന്നിംഗ്സിനും 46 റണ്സിനും ജയിച്ചു.
ഇന്ത്യയുടെ രണ്ടാം പിങ്ക് ബോൾ ടെസ്റ്റ് ഇത്തവണത്തെ ഓസ്ട്രേലിയൻ പര്യടനത്തിലായിരുന്നു. അതിൽ എട്ട് വിക്കറ്റിനു പരാജയപ്പെട്ടു.ഇംഗ്ലണ്ട് ഇതുവരെ മൂന്ന് പിങ്ക് ബോൾ ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്.
അതിൽ ഒരു ജയം നേടിയപ്പോൾ രണ്ടെണ്ണത്തിൽ പരാജയപ്പെട്ടു. വെസ്റ്റ് ഇൻഡീസിനെതിരേ സ്വന്തം നാട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ ഏക പിങ്ക് ബോൾ ജയം.
സബർമതി തീരത്തെ വിസ്മയം…
സബർമതി നദിക്കരയിലാണ് മൊട്ടേര സർദാർ വല്ലഭ്ഭായ് പട്ടേൽ സ്റ്റേഡിയം. 1982ലാണ് സ്റ്റേഡിയം നിർമിച്ചത്. പുതുക്കിപ്പണി ആരംഭിച്ചത് 2018ൽ, പൂർത്തിയായത് 2020ൽ.
പുതുക്കിപ്പണിതപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറി. 1,10,000 പേർക്ക് ഇരിപ്പിടങ്ങളുണ്ട്.
1,00,024 പേർക്ക് ഇരിക്കാവുന്ന മെൽബണ് ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് ഇക്കാര്യത്തിൽ മൊട്ടേര പിന്നിലാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണു മൊട്ടേര സ്റ്റേഡിയം പുതുക്കിയത്.
നേരത്തെ 49,000 പേർക്കായിരുന്നു ഇരിക്കാൻ സൗകര്യമുണ്ടായിരുന്നത്. 700 കോടി രൂപ ചെലവഴിച്ചാണു നവീകരണം.
63 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന മൊട്ടേരയിൽ നാല് ഡ്രസിംഗ് റൂമുകൾ, 50 മുറികളുള്ള ഒരു ക്ലബ് ഹൗസ്, 76 കോർപറേറ്റ് ബോക്സുകൾ, വലുപ്പമേറിയ നീന്തൽക്കുളം, ഇൻഡോർ ക്രിക്കറ്റ് അക്കാഡമി, 40 താരങ്ങൾക്കു കഴിയാവുന്ന ഡോർമെറ്ററി എന്നിങ്ങനെ നീളുന്നു സൗകര്യങ്ങൾ.
3,000 നാലുചക്ര വാഹനങ്ങളും 10,000 ഇരുചക്രവാഹനങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ പാർക്കിംഗ് സംവിധാനവുമുണ്ട്.