വടക്കഞ്ചേരി: അശാസ്ത്രീയമായി നിർമ്മിച്ചിട്ടുളള ദേശീയ പാത വടക്കഞ്ചേരി റോയൽ ജംഗ്ഷനിലെ അടിപ്പാത വേനൽമഴയെ തുടർന്നുള്ള വെള്ളത്തിൽ മുങ്ങി.
ഞായറാഴ്ച രാത്രിയോടെ പെയ്ത മഴയിലാണ് അടിപ്പാതക്കുള്ളിൽ രണ്ടടിയിലധികം വെള്ളം പൊങ്ങിയത്. ഇതു മൂലം രാത്രി വാഹനഗതാഗതം തടസ്സപ്പെട്ടു. ഇരു ഭാഗത്തെ സർവീസ് റോഡിനേക്കാൾ മൂന്നടിയോളം താഴ്ചയിലാണ് ഈ അടിപ്പാത.
ഇതിനാൽ മഴ പെയ്താൽ റോഡിൽ നിന്നുള്ള വെള്ളം മുഴുവൻ അടിപ്പാതയിലെത്തി കിണർ പോലെയാകും. ഇരു ഭാഗത്തെ റോഡ് ലെവലിലെങ്കിലും അടിപ്പാത ഉയർത്തിയാൽ മാത്രമെ വെള്ളം ഒഴിഞ്ഞു പോവുകയുള്ളു.
അടിപ്പാത താഴ്ന്ന് കിടക്കുന്നതിനാൽ ഇതിലൂടെ പുളിങ്കൂട്ടം റോഡിലേക്ക് വാഹനങ്ങൾക്ക് കയറി പോകാനും പ്രയാസമാണ്.സർവീസ് റോഡിലൂടെ എത് സമയവും വാഹന തിരക്കുള്ളത് ഇവിടെ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
സർവീസ് റോഡുകൾക്ക് ഇവിടെ മതിയായ വീതിയില്ലാത്തതിനാൽ മട പോലെയാണ് അടിപ്പാത പണിതിട്ടുള്ളത്.ഇതിലൂടെ വാഹനങ്ങൾ കയറി വരുന്നതും കാണാനാകില്ല.
അടിപ്പാത നാലടിയെങ്കിലും ഉയർത്തി വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.ചെറിയ വേനൽമഴക്കു തന്നെ ഇത്തരത്തിൽ വെള്ളക്കെട്ട് ഉണ്ടായെങ്കിൽ മഴക്കാലത്ത് അടിപ്പാത പുഴക്ക് സമാനമാകും.
ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള അടിപ്പാതയാണിത്. ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് പോകാൻ ഇവിടെ നിന്നും നൂറ് മീറ്റർ മാറി കെ സ്ആർടിസി ഡിപ്പോ വഴിയിൽ ഉയരം കൂടിയ വലിയ അടിപ്പാതയുണ്ട്.
അതിന്റെ പണികളും പൂർത്തിയായിട്ടില്ല. വടക്കഞ്ചേരി മേൽപാലം തുറന്ന് ഒരു മാസത്തോളമായിട്ടും പാലത്തിൽ വെളിച്ചമോ സിഗ്നൽ സംവിധാനങ്ങളോ ഇനിയും ആയിട്ടില്ല. പല ഭാഗത്തും കോണ്‍ക്രീറ്റിംഗും ടാറിംഗും നടത്താനുമുണ്ട്.