തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കുത്തകകളെ വരുത്താൻ സർക്കാർ ആസൂത്രിത നീക്കമാണ് നടത്തിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിന്റെ കടൽ തീരം വിൽക്കാനുള്ള ശ്രമം തന്നെയാണ് മുഖ്യമന്ത്രി നടത്തിയത്. എന്നിട്ട് തെളിവുകൾ വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതിരേഖ തയാറാക്കിയതെന്ന് ഇഎംസിസി പറഞ്ഞു കഴിഞ്ഞതായും ചെന്നിത്തല വ്യക്തമാക്കി.ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് സർക്കാർ റദ്ദാക്കിയത്.
എന്നാൽ വ്യവസായ വകുപ്പിന്റെ ധാരണാപത്രവും റദ്ദാക്കാൻ സർക്കാർ തയാറാകണം. മത്സ്യസംസ്കരണത്തിനായി പള്ളിപ്പുറത്ത് നൽകിയ നാലേക്കർ തിരികെ വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളെ ചതിച്ച മന്ത്രിയാണ് ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികളോട് മന്ത്രിയും സർക്കാരും മാപ്പ് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനെതിരേ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സമരം ശക്തമാക്കും.
മത്സ്യത്തൊഴിലാളി സംഘടന 27ന് നടത്തുന്ന ഹർത്താലിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.