എടത്വ: തകഴി-എടത്വ സംസ്ഥാന പാതയോരത്ത് അറവ് മാലിന്യം വീണ്ടും തള്ളി. പരാതി നല്‍കിയിട്ടും പരിഹാരമാകാതെ പരസ്പരം പഴിചാരി വകുപ്പുകള്‍.
പച്ച പാലത്തിന് പടിഞ്ഞാറ് മുതല്‍ തകഴി പാലം വരെ പാതയോരത്തിന് ഇരുവശങ്ങളിലുമാണ് അറവ് മാലിന്യം ചാക്കില്‍ നിറച്ച് തള്ളിയത്. ദുര്ഗ്ഗദ്ധം പരന്നതോടെ കാല്‍നട-വാഹന യാത്രക്കാര്‍ക്ക് റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് മാലിന്യ ചാക്ക് പാതയോരത്തും, റോഡിന് നടുവിലുമായി കണ്ടത്. റോഡില്‍ തള്ളി ചാക്കുകെട്ടിന് പുറത്തു കൂടി പുലര്‍ച്ചെ എത്തിയ വാഹനങ്ങള്‍ കയറിയതോടെ മാലിന്യം റോഡില്‍ നിരന്നു.
ചാക്കിനുള്ളില്‍ കോഴി, മാട് എന്നിവയുടെ അവശിഷ്ടങ്ങളാണ്. തകഴി-എടത്വ സംസ്ഥാനപാതയില്‍ നിരവധി തവണ അറവ് മാലിന്യം തള്ളിയിട്ടുണ്ട്.
തകഴി, കേളമംഗലം, പറത്തറ, പച്ച പാലത്തിന് മുകളില്‍ നിന്ന് തോട്ടിലേക്ക് തള്ളിയ മാലിന്യ ചാക്ക് കെട്ട് ദിവസങ്ങളോളം പ്രദേശത്ത് ഒഴുകി നടന്നിരുന്നു. ഇതോടെ പലരുടേയും കുടിവെള്ളം മുട്ടിയ അവസ്ഥയിലുമെത്തിയിരുന്നു.
സംസ്ഥാനപാതയോരത്തെ മാലിന്യം തള്ളലിനെതിരെ യുവജന സംഘടനകളും, നാട്ടുകാരും പലതവണ എടത്വ, തകഴി ഗ്രാമപശ്ചായത്തിലും, എടത്വാ പോലീസ് സ്റ്റേഷനിലും, ആരോഗ്യ വകുപ്പിലും അറിയിച്ചിരുന്നു.
കുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ ജില്ല കളക്ടറിന് പരാതിയും നല്കി. പരാതി അതാത് വകുപ്പ് തല ഫയലില്‍ വിശ്രമിക്കുമ്പോള്‍ ജനജീവിതം ദുസ്സഹമാക്കിയാണ് ഓരോ ദിവസവും അറവ് മാലിന്യം തള്ളല്‍ കൂടി വരുന്നത്.
റോഡില്‍ സിസിടിവി സ്ഥാപിക്കുമെന്ന് തകഴി പഞ്ചായത്ത് പ്രസ്ഥാവിച്ചെങ്കിലും സ്ഥാപിക്കല്‍ എങ്ങുമെത്തിയില്ല. മാലിന്യ തള്ളലിനെതിരെയുള്ള നടപടി പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും ചുമതല ആയതിനാല്‍ പോലീസും കൈമലര്‍ത്തുകയാണ്.
പ്രധാന ജംഗ്ഷനില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാം എന്നിരിക്കെയാണ് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി വകുപ്പ് അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നത്.
മാലിന്യം തള്ളലിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വഴിതടയല്‍ ഉള്‍പ്പെടെയുള്ള ശക്തമായ സമരം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.