നാന്നൂറ് കോടി രൂപ മുതൽമുടക്കിൽ ബാഹുബലിയെ വെല്ലുവിളിച്ചുകൊണ്ട് ഒരുക്കുമെന്നു പ്രഖ്യാപിച്ച ചിത്രമായിരുന്നു സംഘമിത്ര.
ബാഹുബലിയെ പോലെ രണ്ട് ഭാഗങ്ങളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒൗദ്യോഗികപ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ നടന്നിരുന്നു.
സംവിധായകൻ സുന്ദർ സി, എ ആർ റഹ്മാൻ, സാബു സിറിൽ, ആര്യ, ജയം രവി ഉൾപ്പടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ശ്രുതിയെ നായികയായി പ്രഖ്യാപിച്ചത്.
എന്നാൽ പിന്നീട് സിനിമയുടെ നിർമാതാക്കളായ ശ്രീ തെൻട്രൻ ഫിലിംസ് ശ്രുതി ചിത്രത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. എന്നാൽ ഇതിന് കാരണം വ്യക്തമാക്കിയിരുന്നില്ല.
അതേത്തുടർന്ന് ശ്രുതിയുടെ വക്താവ് ചിത്രത്തിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് വിശദീകരണവുമായി രംഗത്തുവന്നിരുന്നു
ശ്രുതിയായിരുന്നു സംഘമിത്രയിൽ നായികയായി എത്തേണ്ടിയിരുന്നത്. എന്നാൽ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. രണ്ട് വർഷമാണ് ചിത്രത്തിന് വേണ്ടി താരം മാറ്റിവയ്ക്കേണ്ടത്.
അതുകൊണ്ട് തന്നെ ഏപ്രിൽ മുതൽ ശ്രുതി സിനിമയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു. മികച്ച പരിശീലകർക്ക് കീഴിൽ സ്വന്തം ഉത്തരവാദിത്വത്തിൽ ശ്രുതി ആയുധ പരിശീലനം നടത്തി.
കഥാപാത്രത്തിനും ചിത്രത്തിനും വേണ്ടി ശ്രുതി ഇത്രമാത്രം ആത്മാർഥത പുലർത്തിയിട്ടും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ തിരക്കഥ നൽകുകയോ, ഷെഡ്യൂൾ തീരുമാനിക്കുകയോ ചെയ്തിട്ടില്ല.
അവരുടെ ഇത്തരം പ്രവൃത്തികൾ കാരണമാണ് താരം ചിത്രത്തിൽ നിന്നും പിന്മാറിയതെന്നു ശ്രുതിയുടെ വക്താവ് അറിയിച്ചു.
കാൻ ചലച്ചിത്രമേളയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വരെ പുറത്തിറക്കിയിരുന്നു.
കുതിരപ്പുറത്ത് ഇരിക്കുന്ന ആയുധധാരിയായ ശ്രുതിയുടെ ചിത്രമായിരുന്നു പോസ്റ്റർ.
-പിജി