മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിലും കടകളിലും കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഈ മാസം ഇരുപത് ദിവസത്തിനുള്ളിൽ മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ മൂന്ന് ക്ഷേത്രങ്ങളിലും രണ്ട് കടകളിലുമാണ് കവർച്ച നടന്നത്.
ഇതിനു പുറമെ ഒരു മാസം മുമ്പ് ചാവശേരിയിൽ ലോറി ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുക്കുകയും വളോരയിലെ കടയിൽ നിന്നും ഒരു ലക്ഷം രൂപ വരുന്ന കുരുമുളകും കവർന്നിരുന്നു.
ഇന്നലെ പുലർച്ചെയാണ്ഏളന്നൂർ ശ്രീ അയ്യപ്പ ക്ഷേത്രം, വെളിയമ്പ്ര കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ച നടന്നത്.
ഏളന്നൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ ഭണ്ഡാരത്തിലുണ്ടായിരുന്ന രണ്ടു സ്വർണ താലിയും പണവും കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണത്തിന്റെ രണ്ടു താലിയും ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്തു പണവും കവർന്നിരുന്നു.
രാവിലെ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാനെത്തിയ പൂജാരിയാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത് അറിയുന്നത്. ഏളന്നൂർ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും 30,000 രൂപയോളം നഷ്ടമുണ്ടായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ആറ് മാസം മുമ്പ് റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്തു പണം കവർന്നിരുന്നു.കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഓഫീസിന്റെ വാതിൽ തകർക്കാനും ശ്രമമുണ്ടായി.
ക്ഷേത്രം ഭാരവാഹികളുടെ പരാതിപ്രകാരം മട്ടന്നൂർ പോലീസ് ക്ഷേത്രങ്ങളിലെത്തി അന്വേഷണം നടത്തി. കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെത്തി മണം പിടിച്ചു റോഡിലൂടെ രണ്ടു കിലോമീറ്ററോളം ഓടി ഏളന്നൂർ അയ്യപ്പ ക്ഷേത്രത്തിലെത്തുകയായിരുന്നു.
ചാവശേരി പറമ്പിലെ ഒരു സ്ഥാപനത്തിലെ സിസിടിവി കാമറകൾ അടക്കമുള്ളവ മോഷ്ടിച്ചു കൊണ്ടു പോകുകയും ഒരു വീട്ടിൽ കയറാനും ശ്രമമുണ്ടായിരുന്നു.
ഈ മാസം ആദ്യം കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം ഉൾപ്പെടെ തകർത്തു പണവും സ്വർണ പതക്കവും വെള്ളി കിരീടവും കവർന്നിരുന്നു.
ക്ഷേത്രത്തിലെ ശ്രീകോവിലിന്റെയും ചുറ്റമ്പലം, അഗ്രശാല, വഴിപാട് കൗണ്ടർ എന്നിവയുടെ പൂട്ടു തകർത്തു അകത്തു കയറുകയും ഭണ്ഡാരങ്ങൾ പൊളിച്ചുമാണ് കവർച്ച നടത്തിയത്.
ശ്രീകോവിലിനുള്ളിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ പതക്കവും മൂന്ന് വെള്ളി കിരീടവുമാണ് മോഷണം പോയത്. ശ്രീകോവിലിൽ നിന്നും 8 ഗ്രാം വരുന്ന സ്വർണ പതക്കവും വെള്ളി മാലയും
ഒരു ലക്ഷം രൂപ വരുന്ന ഒരു കിലോയുടെ കല്ല് പതിച്ച വെള്ളി കിരീടം, 600 ഗ്രാമിന്റെ അയ്യപ്പന്റെ വെള്ളി കിരീടം, 500 ഗ്രാമിന്റെ ഗണപതിയുടെ വെള്ളി കിരീടം, മേശയിൽ സൂക്ഷിച്ച 25000 രൂപ തുടങ്ങിയവയാണ് മോഷണം പോയിരുന്നത്. കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും വിരളടയാള വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി പോകുന്നതല്ലാതെ പ്രതികളെ കണ്ടെത്താനാകുന്നില്ല. കഴിഞ്ഞ ദിവസം പത്തൊൻമ്പതാം മൈൽ, നരയമ്പാറ എന്നിവിടങ്ങളിലെ കടകളിലും മോഷണം നടന്നിരുന്നു.